ചൊവ്വാഴ്ച, മേയ് 20, 2014

ഫിൻലാന്റിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾക്ക്‌ പിന്നിൽ...

(theatlantic.com-ൽ  പ്രസിദ്ധീകരിച്ച 'What Americans Keep Ignoring About Finland's School Success' എന്ന  '' എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ.)

'ഫിൻലാന്റ്' എന്ന പടിഞ്ഞാറൻ വിദ്യാഭ്യാസ ശക്തി വിദ്യാഭ്യാസ പരിഷ്കരണത്തെപ്പറ്റിയുള്ള ഇന്നത്തെ ചർച്ചകളിൽ വളരെയധികം പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഫിൻലാന്റിലെ വിദ്യാലയങ്ങളെപ്പറ്റിയുള്ള ചർച്ചകൾ മിക്കപ്പോഴും ശരിയായ വിഷയങ്ങളെ സ്പർശിക്കാറില്ല.

ഫിൻലാന്റ്  എന്ന ചെറിയ രാജ്യം മൊബൈൽ ഫോണ്  ഭീമനായ നോക്കിയയുടെ പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഫിൻലാന്റ്  അടുത്തിടയായി ജീവിത സാഹചര്യങ്ങളെപ്പറ്റിയുള്ള അന്താരാഷ്‌ട്ര സർവ്വേകളിൽ  ശ്രദ്ധയാകർഷിക്കുകയാണ്. അതിൽത്തന്നെ ഫിൻലാന്റിന്റെ ദേശീയ വിദ്യാഭ്യാസ സമ്പ്രദായം പ്രത്യേകമായ പ്രശംസ നേടുന്നു. ഇതിനു  കാരണം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഫിൻലാന്റിലെ വിദ്യാർത്ഥികൾ ലോകത്തിലെ ഏറ്റവും മികവ് പുലർത്തുന്നവരായിമാറി എന്നതാണ്.

ഫിൻലാന്റിലെ സ്കൂളുകൾ ഇപ്പോൾ നേടുന്ന പ്രശസ്തിക്ക് അവർ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് 'Organization for Economic Co-operation and Development (OECD)' മൂന്നു വർഷം കൂടുമ്പോൾ നടത്തുന്ന 'PISA survey'യ്ക്കാണ്. ഈ സർവ്വേ വിവിധ രാജ്യങ്ങളിലെ പതിനഞ്ചു വയസ്സുകാരെ വായന, ഗണിതം, ശാസ്ത്രം എന്നിവയില താരതമ്യം ചെയ്യുന്നു. 2000 മുതലുള്ള എല്ലാ സർവ്വേകളിലും ഫിൻലാന്റ് ഈ മൂന്നു നൈപുണ്യങ്ങളിലും വൻനേട്ടക്കാരായ ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവരോടോപ്പമോ അവർക്ക് മുകളിലോ ആണ്. 2009-ലെ സർവ്വേയിൽ ചൈനയിലെ ഷാങ്ങ്ഹായിലെ വിദ്യാർത്ഥികൾ ഏറ്റവും മികച്ച സ്കോറുകൾ നേടിയതുമൂലം അല്പം പിന്നോട്ട് പോയെങ്കിലും ഫിൻലാന്റിലെ വിദ്യാർത്ഥികൽ ആ സ്കോറുകൾക്ക് വളരെ അടുത്തു തന്നെയാണ്. അതേസമയം PISA സർവ്വേകളിൽ യു.എസ്സിന് ശരാശരി പ്രകടനം മാത്രമാണ് നടത്താൻ കഴിഞ്ഞത്.

ഫിൻലാന്റിന്റെ  വിജയം ജിജ്ഞാസ ഉയർത്തുന്നതിന് പ്രധാന കാരണം മണിക്കൂറുകൾ നീളുന്ന ആയസകരമായ മനപാഠം പഠിപ്പിക്കലും അറിവ് കുത്തിനിറയ്ക്കലും ശീലമാക്കിയ പൂർവ്വ ഏഷ്യൻ മാതൃകയ്ക്ക് വിരുദ്ധമായി, ഫിൻലാന്റിലെ സ്കൂളുകൾ കുട്ടികൾക്ക് വളരെ കുറച്ചുമാത്രം ഗൃഹപാപാഠങ്ങൾ നല്കുകയും സർഗ്ഗശേഷി ഉണർത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെ കൂടുതലായി ഏർപ്പെടുത്തുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇത് ഫിൻലാന്റിലെ സ്കൂളുകൾ സന്ദർശിക്കാനും അവിടത്തെ വിദ്യാഭ്യാസ വിചക്ഷണന്മാരുമായി ചർച്ച നടത്താനും വിദേശ പ്രതിനിധികളുടെ ഒഴുക്കിനുതന്നെ കാരണമായി. കൂടാതെ  മാധ്യമങ്ങളിൽ 'ഫിന്നിഷ് അത്ഭുത'ത്തിന് വൻ കവറേജും ലഭിക്കുകയുണ്ടായി.

ഫിൻലാന്റിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു പ്രധാന പ്രത്യേകത അവിടെ സ്വകാര്യസ്കൂളുകൾ ഇല്ല എന്നുള്ളതാണ്. വിരലിൽ എണ്ണാവുന്ന സ്വതന്ത്ര വിദ്യാലയങ്ങൾ ഉണ്ടെങ്കിലും അവയും പൊതുമേഖലാ ധനസഹായം നേടി പ്രവർത്തിക്കുന്നവയാണ്. ട്യൂഷൻ ഫീസ്‌ ഇടാക്കാൻ ഒരു വിദ്യാലയത്തിനും അനുവാദമില്ല. സ്വകാര്യ സർവ്വകലാശാലകളും ഫിൻലാന്റിൽ ഇല്ല. അതായത് ഫിൻലാന്റിലെ ഓരോ വ്യക്തിയും, നഴ്സറി മുതൽ പി.എച്ച്.ഡി വരെ പഠനത്തിനു ആശ്രയിക്കുന്നത് പൊതുവിദ്യാലയങ്ങളെയാണ്.

'Finnish Educational Center for International Mobility'യുടെ ഡയറക്ടറും  'Finnish Lessons: What can the world learn from educational change in Finland?' എന്ന പുസ്തകത്തിന്റെ രചയിതാവുമായ പാസി സാൽബർഗ് 2011-ൽ യു.എസ്.എ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമേരിക്കക്കാരെ അലട്ടുന്ന പ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്. 

*തുടർച്ചയായ പരീക്ഷകൾ നടത്തിയില്ലെങ്കിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം എങ്ങനെ മനസിലാക്കും?

*മോശം അദ്ധ്യാപകരെ തിരിച്ചറിയുകയും നല്ല അദ്ധ്യാപകർക്ക് അതിനനുസരിച്ച് കൂടുതൽ പ്രതിഫലം നല്കുകയും ചെയ്തില്ലെങ്കിൽ അദ്ധ്യാപനം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

* എങ്ങനെയാണ് നിങ്ങൾ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും സ്വകാര്യമേഖലയെ ഉൾപ്പെടുത്തുകയും ചെയ്യുന്നത്?

*എങ്ങനെയാണ് സ്കൂളുകളുടെ തെരഞ്ഞെടുപ്പ് സാധ്യമാകുന്നത്?

ഫിൻലാന്റ് ഈ ചോദ്യങ്ങളെ കാണുന്നത് അമേരിക്കയിലെ വിദ്യാഭ്യാസ പരിഷ്കർത്താക്കൾ കാണുന്നതിനു നേർവിപരീത ദിശയിലാണ്. ഉദാഹരണത്തിന് ഫിൻലാന്റിൽ പൊതുപരീക്ഷ എന്ന സമ്പ്രദായം തന്നെയില്ല. ഇതിനു ഒരേയൊരു അപവാദം നിർബന്ധിത അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം എല്ലാവരും എഴുതേണ്ട നാഷണൽ മെട്രിക്കുലേഷൻ എക്സാം മാത്രമാണ്. പൊതുപരീക്ഷകൾക്ക്‌ പകരം പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വതന്ത്രമായി ടെസ്റ്റുകൾ നടത്തുന്നു. ക്ലാസിലെ കുട്ടികളെ ഇങ്ങനെ വിലയിരുത്താൻ അവർക്ക് പ്രത്യേക  ലഭിക്കുന്നു. ഓരോ സെമസ്റ്ററിനു ശേഷവും എല്ലാ കുട്ടികള്ക്കും റിപ്പോർട്ട്‌ കാർഡ്‌ ലഭിക്കുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കുന്നത് ഓരോ ടീച്ചറും നല്കുന്ന ഗ്രേഡുകളാണ്. നിശ്ചിത കാലയളവിൽ വിവിധ സ്കൂളുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് വിദ്യാഭ്യാസവകുപ്പ് ഇതിന്റെ പുരോഗതി പഠിക്കുന്നു.

അദ്ധ്യാപകരുടെയും മറ്റും ശമ്പളവും സ്കൂളിലെ മറ്റു ഫണ്ടുകളും വിദ്യാർത്ഥികളുടെ മാർക്കുകളുമായി ബന്ധിപ്പിക്കുന്ന ചില സ്കൂളുകളുടെ നയമാണ് "Accountability". ഇതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ ഇങ്ങനെ ഒരു വാക്കുതന്നെ ഫിന്നിഷ് ഭാഷയിൽ ഇല്ല എന്നാണ്  സാൽബർഗ് പറഞ്ഞത്. ഉത്തരവാദിത്വബോധം മാറ്റിവെച്ചാൽ ബാക്കിയാവുന്നതെന്തോ അതാണ്‌ "accountability" എന്നാണ് അദ്ദേഹത്തിന്റെ മതം. സാൽബർഗ്ഗിന്റെ അഭിപ്രായത്തിൽ അദ്ധ്യാപകർക്ക് അന്തസ്സും, മികച്ച ശമ്പളവും ഒപ്പം കൂടുതൽ ഉത്തരവാദിത്വവും നല്കുക എന്നതാണ് പ്രധാനം. ഫിൻലാന്റിൽ അദ്ധ്യാപനത്തിൽ പ്രവേശിക്കുന്നതിന് മാസ്റ്റേഴ്സ് ഡിഗ്രി ആവശ്യമാണ്‌.അദ്ധ്യാപകരുടെ പരിശീലനം എന്നത് രാജ്യത്തെ ഏറ്റവും പ്രൊഫഷണൽ ആയി നടത്തപ്പെടുന്ന സംവിധാനങ്ങളിൽ ഒന്നാണ്. ഒരു ടീച്ചർ മോശമാണെങ്കിൽ അത് മനസിലാക്കുന്നതും അതിൽ ഇടപെടുന്നതും പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ്.

അമേരിക്കക്കാർ 'മത്സരത്തെ'പ്പറ്റി സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ അതുപോലെ ഫിൻലന്റുകാരെ അസ്വസ്ഥമാക്കുന്ന ഒന്നുമില്ല. തന്റെ പുസ്തകത്തിൽ ഫിന്നിഷ് എഴുത്തുകാരൻ സമുലി പരോനന്റെ ഒരു വാക്യം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്, "Real winners do not compete." ഫിൻലാന്റിലെ സ്കൂളുകളുടെ വിജയം സൂചിപ്പിക്കുന്നത് ഈ മനോഭാവത്തിന്റെ ഗുണഫലം തന്നെയാണ്. മികച്ച സ്കൂളുകളുടെയോ അദ്ധ്യാപകരുടേയോ പട്ടിക ഫിൻലാന്റിൽ പ്രസിദ്ധീകരിക്കാറില്ല. അദ്ധ്യാപകരും സ്കൂളുകളും തമ്മിലുള്ള മത്സരമല്ല മറിച്ച് സഹകരണമാണ് അവരുടെ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ. ഫിൻലാന്റിൽ സ്കൂളുകളുടെ പ്രശസ്തിക്ക് ഒരു പ്രാധാന്യവുമില്ല. അദ്ദേഹം തുടരുന്നു, "അമേരിക്കയിലും മറ്റും രക്ഷകർത്താക്കൾക്ക് സ്വകാര്യ സ്കൂളുകൾ തെരഞ്ഞെടുക്കാം; ഒരു മാർക്കറ്റ് പോലെ. സ്കൂളുകൾ കടകളാണ്, രക്ഷകർത്താക്കൾ അവർക്ക് ആവശ്യമുള്ളത് വാങ്ങുന്നു. ഫിൻലാന്റിലെ രക്ഷിതാക്കൾക്കും തെരഞ്ഞെടുക്കാം, പക്ഷെ ഓപ്ഷനുകളെല്ലാം ഒരുപോലെ തന്നെയാണ്."

ദശകങ്ങൾക്കുമുമ്പ്, ഫിൻലാന്റിലെ വിദ്യാഭ്യാസരംഗം പരിഷ്ക്കരിക്കേണ്ടത്  അത്യാവശ്യമായി വന്നപ്പോൾ അവർ ലക്ഷ്യമിട്ടത് ശ്രേഷ്ടതയല്ല, മറിച്ച് നീതിയാണ്. അതിന്ന് വലിയ വിജയമാവുകയും ചെയ്തു. കുടുംബപശ്ചാത്തലം, വരുമാനം, പ്രദേശം എന്നീ വേർതിരിവുകളില്ലാതെ എല്ലാ കുട്ടികക്കും പഠിക്കുന്നതിനു ഒരേ അവസരം ലഭ്യമാവണം എന്നതാണ് 1980 മുതൽ ഫിന്നിഷ് വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം. റാങ്ക് ജേതാക്കളെ സൃഷ്ടിക്കുക എന്നതിനല്ല മറിച്ച് സാമൂഹ്യ അസമത്വം ഇല്ലാതാക്കാനുള്ള പ്രധാന ആയുധമായാണ് അവർ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയത്. സ്കൂളുകൾ ആരോഗ്യകരമായ അന്തരീക്ഷം കുട്ടികക്ക് പ്രദാനം ചെയ്യണം എന്നതാണ് അവരുടെ ആശയം. സൗജന്യ ഉച്ചഭക്ഷണം, ആരോഗ്യപരിപാലനം, മാനസിക പ്രബോധനം, വഴികാട്ടൽ എന്നിവ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്നു. 

യഥാർത്ഥത്തിൽ 2001-ലെ PISA  സർവ്വേയിൽ ഒന്നാമതെത്തിയപ്പോൾ പല ഫിൻലന്റുകാരും അത്  വിശ്വസിച്ചില്ല. കാരണം ഒന്നാമതെത്തുക, റാങ്ക് നേടുക എന്നത് അവരുടെ ലക്ഷ്യമേ ആയിരുന്നില്ല എന്നതുതന്നെ. എന്നാൽ പിന്നീടുള്ള PISA ടെസ്റ്റുകൾ ഫിൻലാന്റിന്റെ മികവ് യാദൃശ്ചികമല്ല എന്ന് തെളിയിച്ചു. നീതിയും സമത്വവും ലക്ഷ്യമാക്കുമ്പൊൾത്തന്നെ മികവും സാധ്യമാണ് എന്ന് ഫിൻലാന്റ് തെളിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും "Occupy" പ്രക്ഷോഭങ്ങളും  പുറത്തു കൊണ്ടുവന്ന അമേരിക്കയിലേയും സമാന രാജ്യങ്ങളിലേയും അസമത്വങ്ങൾ ഈ അവസരത്തിൽ പ്രസക്തമാണ്. വളരെ ഉയർന്ന ട്യൂഷൻ ഫീസും, എന്തിനു മികച്ച സ്കൂളുകൾ ഉള്ള പ്രദേശത്ത് വീടുപോലുമോ സാധ്യമാകുന്നവരും, അത് സാധ്യമാകാത്ത "99 ശതമാനവും" തമ്മിലുള്ള വിടവ് വേദനാജനകമാണ്.

'Finnish  Lessons' എന്ന തന്റെ പുസ്തകം മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള റെഡിമെയിഡ് ഗൈഡ് അല്ല എന്ന് പാസി സാൽബർഗ് വ്യകതമാക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളും വ്യത്യസ്തമാണ്. ഫിൻലാന്റ് ഏതാണ്ട് ഒരേ തരത്തിലുള്ള ജനത വസിക്കുന്ന ഒരു ചെറിയ രാജ്യമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ നിന്ന് ഫിൻലാന്റിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും ഫിൻലാന്റിലെ വിദ്യാഭ്യാസ നിലവാരം കുറയ്ക്കുന്നില്ല എന്ന് PISA സർവ്വേകൾ സൂചിപ്പിക്കുന്നു. മറ്റൊരു പ്രധാന കാര്യം ഫിൻലാന്റിനു സമാനമായ ഏകതാനത അവകാശപ്പെടാവുന്ന നോർവ്വേ പോലുള്ള രാജ്യങ്ങളുടെ പ്രകടനമാണ്. ഫിൻലാന്റിനെക്കാളുപരി അമേരിക്കയുമായാണ് നോർവെയ്ക്ക് വിദ്യാഭ്യാസ നയങ്ങളിൽ സമാനത. ഫലമോ, PISA  സർവ്വേകളിൽ ഒട്ടും മെച്ചമല്ലാത്ത പ്രകടനം. അതുകൊണ്ടുതന്നെ വലുപ്പത്തിനോ, വർഗ്ഗപരമായ സവിശേഷതകൾക്കോ ഉപരിയായി വിദ്യാഭ്യാസനയമാണ് ഫിൻലാന്റിന്റെ ഈ മികവിന് കാരണം എന്നുകാണാം. 

എഴുപതുകളിലാണ് ഫിൻലാന്റിലെ വിദ്യാഭ്യാസരംഗം പരിഷ്കരിക്കാൻ തീരുമാനമെടുത്തത്. പ്രകൃതി സമ്പത്തിലൊ, ഉത്പാദനത്തിലൊ കൂടി മാത്രം തങ്ങൾക്ക് മുന്നേറാൻ കഴിയില്ല എന്നുമനസിലാക്കിയാണ് വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാൻ അവർ തീരുമാനിച്ചത്. ഫിൻലാന്റിലെ പരീക്ഷണം വ്യക്തമാക്കുന്നത് വിദ്യാഭ്യാസ രംഗത്ത്‌ വിജയിക്കാൻ ഒരു രാജ്യം തങ്ങളുടെ ജനതയിൽ ഒരു വിഭാഗത്തെ മാത്രമല്ല, മറിച്ച് മുഴുവൻ പേരെയും സജ്ജമാക്കണം എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില സ്കൂളുകൾ ഉണ്ടായാലും, മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസരംഗത്ത് മുന്നേറാൻ കഴിയില്ല എന്നും ഇത് തെളിയിക്കുന്നു. 

സാൽബർഗിന്റെ വാക്കുകളിൽ, "കെന്നഡി ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ മുന്നേറ്റം നടത്തി അറുപതുകളുടെ അവസാനം ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ ആഹ്വാനം ചെയ്തപ്പോൾ അതുപലരും വിശ്വസിച്ചില്ല. എന്നാൽ അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായിരുന്നു. കുറച്ചുവർഷങ്ങൾക്കു ശേഷം മാർട്ടിൻ ലൂതർ കിംഗിന്  ഉണ്ടായതുപോലെ. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി. എവിടെയാണോ വസിക്കുന്നത്, ഏത് തരത്തിലുള്ള കുടുംബത്തിൽ നിന്നാണോ വരുന്നത് എന്നതിനുപരിയായി എല്ലാ കുട്ടികൾക്കും പൊതുവിദ്യാഭ്യാസം സാധ്യമാക്കണം എന്നതായിരുന്നു ഫിൻലാന്റിന്റെ സ്വപ്നം. എന്നാൽ ഫിൻലാന്റിലുള്ള ചിലർ പോലും അത് സാദ്ധ്യമല്ല എന്ന് കരുതി."

എന്നാൽ അവർക്ക് തെറ്റി. സമത്വം സാധ്യമാണ്. വിദ്യാഭ്യാസ പരിഷ്ക്കരണം എന്ന വിഷയത്തിൽ അമേരിക്കൻ ചിന്താധാരയ്ക്ക് വിരുദ്ധമായ ഫിൻലാന്റിന്റെ അനുഭവം സൂചിപ്പിക്കുന്നത് ഇതാണ്; മത്സരത്തെക്കാളുപരിയായി സഹകരണത്തിന് പ്രാധാന്യം നല്കുന്നതുവഴി, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനെക്കാളുപരി സമത്വത്തിന് പ്രാധാന്യം നല്കുന്നത് വഴി മികവ് സാധ്യമാണ്. സാമ്പത്തിക അസമത്വം ഏറ്റവും വലിയ പ്രശ്നമായി വളരുന്ന കാലത്ത് 'ഫിന്നിഷ് മോഡൽ' അവഗണിക്കാനാവാത്തതിന് കാരണവും ഇതുതന്നെ. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....