തിങ്കളാഴ്‌ച, ഡിസംബർ 17, 2012

അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍


ഒന്ന്


വിവിധ ദേശഭാഷാ സംസ്കാരങ്ങളേയും മനുഷ്യന്റെ ജീവിതങ്ങളേയും സന്തോഷങ്ങളേയും വേദനകളേയും സ്വപ്നങ്ങളേയും  അനുഭവിക്കാനും അറിയാനുമുള്ള അവസരമാണ് IFFK-യില്‍ ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തുന്ന സിനിമകള്‍ സമ്മാനിക്കുന്നത്. അങ്ങനെ സാധ്യമാകുന്ന സാര്‍വ്വജനീയതയും അതിര്‍ത്തികളുടെ അര്‍ത്ഥശൂന്യതയും ഇതേ വിഷയം പ്രമേയമാക്കിയ Filmistaan, When I saw you എന്നീ രണ്ടു ചിത്രങ്ങളുടെ സാനിധ്യം കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കുന്നു.

നടനാവായി ആഗ്രഹിക്കുകയും ഒടുവില്‍ ഒരു വിദേശ ഡോക്യുമെന്ററിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആവുകയും ചെയ്യുന്ന സണ്ണിയെ രാജസ്ഥാനിലെ അതിര്‍ത്തിയിലെ ഷൂട്ടിങ്ങിനിടെ അമേരിക്കക്കാരെ ലക്ഷ്യമിട്ട് വന്ന തീവ്രവാദികള്‍ പാകിസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടു പോകുന്നു. അവിടെ തീവ്രവാദികള്‍ സണ്ണിയെ തടങ്കലില്‍ വെക്കുന്നത് സിനിമയുടെ പൈറേറ്റഡ് വീഡിയോകള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരാളുടെ വീട്ടിലാണ്. സിനിമ ഇവരെ ഒന്നിപ്പിക്കുകയാണ്. ഒരു സാധാരണ ബോളിവുഡ്  മസാല ചിത്രത്തില്‍ നിന്നും വലിയ ഭിന്നമൊന്നുമല്ല ഈ ചിത്രം. അതിശയോക്തി കലര്‍ന്ന രീതിയിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ മുഖ്യധാരാ ചിത്രങ്ങളില്‍ കാണാന്‍ കഴിയാത്ത ചില നല്ല ആശയങ്ങള്‍ ഈ ചിത്രം പങ്കുവെക്കുന്നു.

തന്നെ തട്ടിക്കൊണ്ടു വന്നിരിക്കുന്നത് പാകിസ്ഥാനിലാണ് എന്നറിയുമ്പോള്‍ സണ്ണിയുടെ പ്രതികരണം രസകരമാണ്. ഇവിടത്തെ വീടുകള്‍ നമ്മുടെ പോലെ, ആളുകള്‍ നമ്മുടെ പോലെ, ആഹാരവും നമ്മുടെ പോലെ; പിന്നെ ഇതു പാകിസ്ഥാനാണ് എന്ന് താന്‍ എങ്ങനെ അറിയും എന്നാണു സണ്ണിയുടെ ചോദ്യം. വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങാത്ത ചില മനസുകളെയും ചിത്രം തുറന്നുകാട്ടുന്നു. ലാഹോറില്‍ ജനിച്ച സണ്ണിയുടെ അപ്പുപ്പനും അജ്മീറില്‍ ജനിച്ച പാകിസ്താന്‍കാരനായ വൈദ്യനും തങ്ങളുടെ ജന്മസ്ഥലത്തേയ്ക്ക് ഒരിക്കല്ക്കൂടിയെങ്കിലും തിരിച്ചു പോകാന്‍ കഴിയാത്തതില്‍ ദുഖിതരാണ്. ഒരു ജനതയെ കീറിമുറിച്ച അതിര്‍ത്തികള്‍ ഉണ്ടാക്കിയ നഷ്ടങ്ങളും വേദനകളും അനാവശ്യമായിരുന്നു എന്നാണു ചിത്രം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം. തീവ്രവാദികളില്‍ ഒരു പങ്ക് ദാരിദ്ര്യം മൂലം അതിലേക്കു എത്തപ്പെട്ടതാണ് എന്ന സത്യവും, ഭയം ഒന്ന് മാത്രമാണ് തീവ്രവാദികള്‍ക്ക് സഹായം ചെയ്തുകൊടുക്കാന്‍ മിക്ക ഗ്രാമീണരേയും പ്രേരിപ്പിക്കുന്നത് എന്ന സത്യവും ചിത്രം മുന്നോട്ടു വെക്കുന്നു. 

സമാനമായ ആശയമുള്ള മറ്റൊരു ചിത്രം Annemarie Jacir സംവിധാനം ചെയ്ത 'When I saw you' ആണ്. പാലസ്തീനിലെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ടു ജോര്‍ദ്ദാനിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന അമ്മയുടെയും മകന്റെയും ചിത്രമാണിത്. ഇസ്രായേലിന്റെ ഭീകരതയുടെ നേര്‍ക്കാഴ്ചയാകുന്നു അഭയാര്‍ഥി ക്യാമ്പ്. താരക് എന്ന കേന്ദ്രകഥാപാത്രത്തിന്റെ അച്ഛന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നതിനിടയില്‍ അച്ഛനെ കാണാതാകുന്നു. അച്ഛന്‍ തന്റെ വീട്ടില്‍ ഉണ്ടാവുമെന്ന് താരക് ഉറച്ചു വിശ്വസിക്കുകയും അവിടേക്ക് ആരുമറിയാതെ യാത്ര പുറപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ തളര്‍ന്നു വീഴുന്ന താരകിനെ പാലസ്തിന്‍ വിമോചനപോരാളികള്‍ തങ്ങളോടൊപ്പം താമസിപ്പിക്കുന്നു. താരക് അവിടെയുണ്ടെന്ന് അറിഞ്ഞ്  അമ്മയും അവിടെയെത്തുന്നു. അതിനിടയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ഇസ്രായേല്‍ ആക്രമിക്കുന്ന വാര്‍ത്ത വരികയും താരകും അമ്മയും പോരാളികള്‍ക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

ഒരു രാത്രിയില്‍ താരക് ഒറ്റയ്ക്ക് പാലസ്തീന്‍ അതിര്‍ത്തിയിലേയ്ക്ക് പോകുന്നു. അമ്മ പോരാളികളോടൊപ്പം താരകിനെ തിരയുന്നു. സൈനിക കാവല്‍ ഉള്ള അതിര്‍ത്തിയിലേയ്ക്ക് പോകുന്ന താരകിനെ തടയാനായി അമ്മപോകുന്നു. എന്നാല്‍ താരകിന്റെ കയ്യും പിടിച്ചു അതിര്‍ത്തിയിലേയ്ക്ക് അമ്മ ഓടുന്ന ഷോട്ടിലാണ് ചിത്രം അവസാനിക്കുന്നത്. അതിര്‍ത്തികള്‍ നിര്‍മ്മിച്ച്‌ സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ പോലും കഴിയാത്ത വിധത്തില്‍ ഒരു ജനതയെ നരകിപ്പിക്കുന്ന സയണിസ്റ്റ് പടയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഈ ചിത്രം. ഫില്മിസ്താനും അവസാനിക്കുന്നത് ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്ക് ഓടിയടുക്കുന്ന സണ്ണിയുടെയും അഫ്താബിന്റെയും ദൃശ്യത്തിലൂടെയാണ്. പശ്ചാത്തലത്തില്‍ നെഹ്രുവിന്റെയും ജിന്നയുടെയും പ്രസംഗങ്ങളും.


രണ്ടു വ്യത്യസ്ത ദേശങ്ങളില്‍, രണ്ടു വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളുടെ സാമ്യം യാദൃശ്ചികമല്ല. ജനതയെ വേര്‍പെടുത്തുന്ന അതിര്‍ത്തികള്‍ നല്‍കുന്ന വേദന ലോകത്തെല്ലായിടത്തും ഒന്ന് തന്നെയാണ്.


രണ്ട്


ഒന്ന് ഒരു യുവ സംവിധായകന്‍ . മറ്റൊന്ന് പതിമൂന്നു വര്‍ഷമായി സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചു ഉപജീവനം ജീവിതം നടത്തുന്ന ഒരാള്‍. ഒരാള്‍ താന്‍ ചെയ്ത ആദ്യ സിനിമയുമായി ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ മറ്റൊരാള്‍ തന്റെ തന്നെ അനുഭവങ്ങള്‍ തന്റെ ആദ്യ നോവലാക്കി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ കൊണ്ടുനടന്നു വില്‍ക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങളില്‍ ഉള്ള ഇവരെ ഒന്നിപ്പിക്കുന്നത് സിനിമയോടുള്ള പ്രണയം. അവസാന ദിനം കൈരളി തീയേറ്ററില്‍ ഫില്മിസ്ഥാന്റെ പ്രദര്‍ശനം നടക്കുന്നതിനു മുന്‍പ് ഇവര്‍ കണ്ടുമുട്ടുന്നു. അവര്‍ക്കിടയിലുള്ള അതിര്‍വരമ്പ് ഭാഷയുടെത് മാത്രം. ആ അതിര്‍ത്തിയെ നിഷ്ഫലമാക്കി അവര്‍ക്കിടയില്‍ ഒരു ദ്വിഭാഷിയായി നിന്നപ്പോള്‍ ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അര്‍ത്ഥസമ്പുഷ്ടമായ നിമിഷങ്ങളും....
ശുഭം!

മംഗളം!

അനൂപ്‌ കിളിമാനൂര്‍Godard’s Own Country - The IFFK and the oddities of Malayali cinephilia

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....