ബുധനാഴ്‌ച, ഡിസംബർ 19, 2012

NO (2012)Amores PerrosBabelThe Motorcycle Diaries എന്നീ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ   Gael García Bernal  അഭിനയിച്ച പുതിയ ചിത്രമാണ് 'NO'. Pablo Larraín ആണ് ഈ ചിലിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1988-ല്‍  പിനോഷെയുടെ സൈനികഭരണത്തെപ്പറ്റി നടന്ന ഹിതപരിശോധനയും അതിനായി ഉപയോഗിക്കപ്പെട്ട പ്രചരണ രീതികളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എല്ലാ ഭരണ വിരുദ്ധ അഭിപ്രായങ്ങളും പ്രചാരണങ്ങളും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആ കാലത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ലഭിച്ചിരുന്നത് നാഷണല്‍ ടെലിവിഷനില്‍ ദിവസവും വെറും പതിനഞ്ചു മിനുട്ടാണ്‌. അഭിപ്രായ വ്യത്യാസങ്ങല്‍ള്‍ക്കിടയിലും പ്രതിപക്ഷ കക്ഷികളുടെ 'മഴവില്‍' സഖ്യം ഈ പതിനഞ്ചു മിനുട്ട് ഉപയോഗിച്ച് നടത്തിയ 'No Campaign'-ഉം അതിന്റെ വിജയവും അഭിപ്രായസ്വാതന്ത്ര്യത്തെയും സെന്‍സറിങ്ങിനെയും ജനാധിപത്യത്തേയും കുറിച്ച് മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സാല്‍വഡോര്‍ അലന്റയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയാണ് 1973-ല്‍ പിനോഷെ ചിലിയുടെ ഭരണം പിടിച്ചെടുക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഭരണം തുടര്‍ന്ന പിനോഷെ നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുകയും തനിക്കെതിരെ ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും  ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. എന്നാല്‍ പിനോഷെയോടുള്ള എതിര്‍പ്പ് ചിലിയില്‍ ശക്തമായി വരുകയും അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1988-ല്‍ ഹിതപരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിനോഷെയുടെ ഭരണം തുരണം എന്നുള്ളവര്‍ 'YES' എന്നും എതിര്‍പ്പുള്ളവര്‍ 'NO' എന്നും വോട്ടു ചെയ്യണം. കമ്മ്യൂണിസ്റ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ഉള്‍പ്പടെ നിരന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രചാരണത്തിന് ആകെ ലഭിച്ചത് ഒരു മാസക്കാലം ദിവസവും പതിനഞ്ചു മിനിറ്റാണ്. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഈ പാര്‍ട്ടികള്‍ക്ക് ഈ സമയം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കി തന്നെയാണ് സൈനിക ഭരണകൂടം ഇതിനു അനുവാദം നല്‍കിയത്.


പ്രതിപക്ഷ കക്ഷികള്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ രംഗത്തെ പ്രഗത്ഭനായ René Saavedra-യെ (Gael García Bernal) സമീപിക്കുന്നു. തുടര്‍ന്ന് വ്യത്യസ്തമായ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിക്കുന്ന 'മഴവില്‍' എന്ന സിംബല്‍ ഉപയോഗിച്ചുകൊണ്ട് 'Happiness is coming' എന്ന പേരില്‍ അവര്‍ ടെലിവിഷന്‍ ക്യാമ്പയ്ന്‍ (NO  Campaign) ആരംഭിക്കുന്നു. ഭീഷണികളെയും  രൂക്ഷമായ സര്‍ക്കാര്‍ നിരീക്ഷണങ്ങളെയും അതിജീവിച്ചു കൊണ്ടുള്ള അവരുടെ പോരാട്ടമാണ് പിന്നീട് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഡോക്യുമെന്ററി ആയി മാറാതെ കയ്യടക്കത്തോടെ ചിത്രീകരിക്കാന്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.  ജനാധിപത്യത്തിന്റെ വിലയും അത് നമുക്ക് നല്‍കുന്ന അവകാശങ്ങളും ശരിയായ രീതിയില്‍ മനസിലാക്കാത്ത ഒരു യുവതലമുറയാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴുള്ളത് എന്ന വിമര്‍ശനം ശക്തമാണ്. ജനാധിപത്യ ഭരണവ്യവസ്ഥയ്ക്കായി ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന പോരാട്ടങ്ങളെ മനസിലാക്കുന്നത്‌ ജനാധിപത്യത്തിന്റെ ശരിയായ ഉപയോഗത്തിന് സഹായകരമാകും എന്ന കാര്യത്തില്‍ സംശയമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വരുന്ന വിലക്കുകളും ഐ.ടി ആക്റ്റ് പോലുള്ള കരിനിയമങ്ങളിലൂടെ ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളും വലിയ ചര്‍ച്ചയാകുന്ന അവസരമാണിത്. പതിനഞ്ചു മിനിട്ടിന്റെ 'No Campaign' ഒരു സൈനികഭരണകൂടത്തെ അട്ടിമറിച്ചതെങ്ങനെ എന്ന് അറിയുന്നത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും നല്‍കുന്ന അത്ഭുതകരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരു ജനതയെ തീര്‍ച്ചയായും സഹായിക്കും. അതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ പിനോഷെയുടെ പരാജയം നല്‍കുന്ന സൂചന തിരിച്ചറിയുന്നത് നന്നായിരിക്കും.

അനൂപ്‌ കിളിമാനൂര്‍


അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....