ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

'ഗോക്രി'വധത്തിന്റെ സംക്ഷിപ്ത ചരിത്രംമലയാള സൈബര്‍ ലോകത്തിന്റെ അഥവാ ബൂലോകത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് 'ഗോക്രി വധം'. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവ ഒന്നും ഇടപെടാതെ മാറി നിന്ന ഒരു വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ ധൈര്യം കാണിച്ചത് ബൂലോകമാണ്. ഡോ.(?) ഗോപാലകൃഷ്ണന്‍ അഥവാ 'ഗോക്രി'യുടെ ഉഡായിപ്പുകള്‍ കാലാകാലങ്ങളില്‍ ഉമേഷ്‌, സൂരജ്, കാല്‍വിനാദികള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. അതിന്റെ കാലഗണനയുടെ ചെറിയൊരു   അടയാളപ്പെടുത്തല്‍ കുറെ വര്‍ഷങ്ങളായി ഇവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ലേഖനങ്ങള്‍ പരിചയമില്ലാത്തവര്‍ ബൂലോകത്ത് കുറവായിരിക്കും. എങ്കിലും ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അറിയുവാനും അല്ലാത്തവര്‍ക്ക് ഒരു പെട്ടെന്നുള്ള റെഫറന്‍സ് ആയും ഈ എളിയ ശ്രമം പ്രയോജനപ്പെടും എന്ന് കരുതുന്നു.


ഒന്ന്:

ഗോക്രിയെ ഡോ: സൂരജ് രാജന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 

"ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന്‍ പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയന്‍സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം "ദേ ഞമ്മട കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!


ആശാന്റെ ഉഡായിപ്പുകള്‍ ഇപ്പോള്‍ പീസ് പീസായി യൂട്യൂബില്‍ വരുന്നുണ്ട്- ആശാന്റെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് (IISH) എന്ന സ്ഥാപനം അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളായി.

എഷ്യാനെറ്റ് കേബിള്‍ വിഷന്‍, അമൃതാടീവി ചാനലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന "ഡോക്ടര്‍"ഗോപാലകൃഷ്ണന്റെ ഹൈന്ദവ ഇവാഞ്ചലിസം ഇനി ഭൗതികതയിലും ലൗകികതയിലും പെട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന വിദേശമലയാളിക്കുഞ്ഞുങ്ങള്‍ക്കും അവരുടെ "ഭാഗവതം" വായിക്കാന്‍ സമയം കിട്ടാതെ "life" ആകെ "empty" ആയിപ്പോയ തന്ത-തള്ളാര്‍ക്കും, കേട്ട് കുളിരാം. "തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയാഘാതം വരും", "പൗഡറിട്ടാല്‍ ക്യാന്‍സര്‍ വരും", "കെടാക്കപ്പായേന്ന് എണീറ്റുടനെ രണ്ട് ഗ്ലാസുവെള്ളം കുടിച്ചാല്‍ സ്ട്രോക്കും അറ്റാക്കും വരാതെ നോക്കാം" എന്ന് തുടങ്ങുന്ന മഹത്തായ സചിത്ര e-mail-കള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് പോലും നോക്കാതെ ഫോര്‍വേഡ് ചെയ്ത് ലോകത്തിന്റെ ആരോഗ്യവിജ്ഞാനത്തെ അനുനിമിഷം സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ബംഗളൂരൂ-ഹൈദ്രാബാദി-മൈസൂറിയന്‍ പ്രൊഫഷനലുകള്‍ക്കും, "ജപ്പാനിലെ ഏതോ മൈക്രോചിപ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ സ്ത്രീകള്‍ ആര്‍ത്തവമുള്ളപ്പോള്‍ കൈകാര്യം ചെയ്ത ചിപ്പ് മുഴുവന്‍ അടിച്ചു പോയി" എന്ന് ഉളുപ്പില്ലാതെ ഒരു ടോക് ഷോയില്‍ അടിച്ചുവിടാനും മാത്രം ഔദ്ധത്യമുള്ള ന്യൂറോസര്‍ജ്ജന്മാര്‍ക്കും ഇനി അഭിമാനത്തിന്റെ നാളുകളായിരിക്കും ! പ്രാചീന ഇന്ത്യയിലെ സംസ്കൃതചിത്തങ്ങളില്‍ നിന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ഡാര്വീനിയന്‍ പരിണാമസിദ്ധാന്തവുമൊക്കെ നുള്ളിപ്പെറുക്കിക്കൊടുക്കാന്‍ നമുക്കും ഉണ്ടായിരിക്കുന്നു ഒരു "ശാസ്ത്ര-ജ്ഞന്‍".... അതും “അനേകം” പി.എഛ്.ഡിയും എണ്ണമില്ലാത്തത്ര പേറ്റന്റുകളും ഉള്ള ഒരു ബയോക്കെമിസ്ട്രി വിദഗ്ധന്‍ ! ആനന്ദ ലബ്ധിക്കിനി എന്തര് വ്യേണം ?

ആശാന്റെ ഒരു ഉഡായിപ്പ് പ്രസംഗം ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന് കേള്‍ക്കാനിടയായി. പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ എത്രയോ വികസിതമായിരുന്നു എന്ന്‍ സ്ഥാപിക്കലാണ് വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷന്‍ പോലും ഇവിടെയെങ്ങാണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയില്‍ തോന്നും... അമ്മാതിരി കീച്ചാണ്..... സംസ്കൃതം കൊണ്ട് വയറിളക്കം... ഇംഗ്ല്ലീഷു കൊണ്ട് ഹാലിളക്കം... സയന്‍സ് കൊണ്ട് പടയിളക്കം.... ആകെ മൊത്തം ജഗപൊഗ...."

ഇവയാണ് ഈ വിഷയം സംബന്ധിച്ച് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ലേഖനങ്ങള്‍. ലേഖനങ്ങളിലെ കമന്റുകളും വായിക്കാതെ വിടരുത്.

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ -  ഡോ: സൂരജ് രാജന്‍ 
ഈ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വിശദമായി പി.ഡി.എഫ് രൂപത്തില്‍ : ജ്യോതിഷവും ശാസ്ത്രവും 


ഇവയ്ക്കു ഗോക്രി കൊടുത്ത 'മറുപടി' (എന്തരോ എന്തോ?)  രാജീവ് ചേലനാട് തന്റെ ബ്ലോഗില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അത് ഇവിടെ..


എന്നാല്‍ ഇത് ഓടിച്ചു നോക്കിയാല്‍ പോലും മനസിലാകുന്നത് പോലെ വിമര്‍ശനങ്ങള്‍ക്കും തുറന്നു കാട്ടപ്പെട്ട കള്ളത്തരങ്ങള്‍ക്കും പോള്ളത്തരങ്ങള്‍ക്കും യാതൊരു മറുപടിയും വിശദീകരണവും ഗോക്രി നല്‍കുന്നില്ല. മറിച്ചു  വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു മുതിരുക മാത്രമാണ് ആര്‍ഷഭാരത ഗവേഷക ആചാര്യ പ്രഭാഷക ശിരോമണി നല്‍കുന്നത്. 'DOGS will bark and the caravans will never stop, it will go to the market.' എന്ന ഗോക്രിയുടെ ഡയലോഗ് ആവണം ബൂലോകത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം പാരഡിവല്‍ക്കരിക്കപ്പെട്ട ഐറ്റം! തന്നെ പണ്ട് വിമര്‍ശിച്ചിരുന്ന ആള്‍ പിന്നീട് മാനസിക രോഗിയായെന്നും ഗോക്രിയെ വിമര്‍ശിച്ചതിനു കാളി ശപിച്ചതിനാല്‍ താന്‍ അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്നും ഒക്കെ പറഞ്ഞു ഗോക്രിക്ക് മെയ്ല്‍ അയച്ചു എന്നൊക്കെയാണ് പുള്ളി തട്ടി വിടുന്നത്. (ഗോക്രി മാനസിക രോഗി എന്നാക്ഷേപിച്ച ചന്ദ്ര ഹരി എഴുതിയ ലേഖനം ഇവിടെ: http://www.scribd.com/doc/14628554/Falsehood-on-Sale-Scientific-Meaning-of-Acharas ) തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതാവും സംഭവിക്കുക എന്ന ഭീഷണി വ്യംഗ്യം. ഗോക്രിയുടെ മാനസിക അവസ്ഥ എത്ര പരിതാപകരമാണ് എന്ന് ഈ ഒറ്റ സംഭവത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ഏതായാലും വിമര്‍ശിക്കപ്പെട്ട പ്രസംഗങ്ങളുടെ വീഡിയോകളെല്ലാം ഒന്നൊന്നായി യു-ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി എന്നത് ചരിത്രം. 

രണ്ട് :

തന്റെ മുഖം മൂടികളൊക്കെ അഴിച്ചു മാറ്റി തികഞ്ഞ വര്‍ഗ്ഗീയവാദിയായി ഗോക്രി വീണ്ടും രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഈ വര്‍ഷമാദ്യം കണ്ടത്.


ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. അതിന്റെ ഭാഗമായി രണ്ടു ലേഖനങ്ങള്‍ malayal.am-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.


സൂരജിന്റെ ലേഖനത്തില്‍ നിന്ന്.. 

"ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്‍) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1 ; link 2;link 3; link 4). നല്ല ഒന്നാം‌ക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓണ്‍‌ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന്‍ വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.

ഇപ്പോള്‍ അണ്ണന്‍ ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല്‍ തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന്‍ വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര്‌ കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന്‍ പറഞ്ഞ് വരുന്നതിന്റെ സാരം."


മൂന്ന് :

ഗോക്രിത്തരങ്ങളുടെ പുതിയ അദ്ധ്യായം ഇങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐ.ഐ.ടി. മദ്രാസില്‍ വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ചടങ്ങിലെ പ്രഭാഷകന്‍ ആയി ഗോക്രി എത്തുന്നു.

വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം) 

വീഡിയോ ചുവടെ.


പണ്ടേ പൊളിഞ്ഞടുങ്ങിയ വാദങ്ങളില്‍ ചിലത് ഗോക്രി ഇവിടെ വന്നു ഒരു ഉളുപ്പും ഇല്ലാതെ തട്ടിവിടുന്നു. ഈ പ്രഭാഷണ ആഭാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഐ.ഐ.ടി മദ്രാസ് കമ്മ്യൂണിറ്റി  അംഗം ജവാലിയും ഡോ.സൂരജ് രാജനും കൂടി പോളിച്ചടുക്കുന്നു. 

ലേഖനത്തിന്റെ ആമുഖം ഇങ്ങനെ:

"The mistake of inviting a man, whose main hobby is bad mouthing other religions (while never applying the same arguments to Hindu religion), who unabashedly shouts inaccurate facts to blatant lies, is not just a matter of bad selection but also a breach of the constitutional ideal of government (and its institutions) being secular. As rationalists committed to secularism (one of the authors being a member of the IITM community too), we find it both shocking and ridiculous, and are of the opinion that public interest is being served by writing this critique. Majority of his claims were hugely distorted or wrong. His arguments were basically clichéd right-wing ideals that give instant orgasm to the proponents of cultural nationalism and his conclusions were not only preposterous but also dangerous."

തുടര്‍ന്ന് വായിക്കുക...

തുടര്‍ന്ന് വൈശാഖന്‍ തമ്പി തന്റേതായ രീതിയില്‍ ഇതിനെ പൊളിച്ചടുക്കിക്കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് ഇടുന്നു. അത് പിന്നീട് malayal.am-ല്‍ പ്രസിദ്ധീകരിച്ചു. ലേഖനത്തില്‍ നിന്ന്..


"ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്‍റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്‍റെ പ്രധാന ആയുധം. സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം.


"വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”

എന്നിട്ട് വിശദീകരണം ഇങ്ങനെ, “what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge!” ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് ‘external experimentable scientific knowledge’ അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. ആധുനികശാസ്ത്രം ആരംഭിക്കുന്ന AD 15 ആം നൂറ്റാണ്ടിലാണ് പരീക്ഷണം/experiment അറിവിന്റെ ഭാഗമാകുന്നത്. അതുവരെ നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ ഇല്ലാത്ത അവസ്ഥ. അത് മനസിലാക്കാന്‍ മലയാളം അറിയാവുന്ന, സ്കൂളില്‍ പഠിക്കാന്‍ വിട്ട സമയത്ത് മാവില്‍ എറിയാന്‍ പോകാതിരുന്ന ആര്‍ക്കും കഴിയും.

ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്. 

ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്.
എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും."

മുഴുവന്‍ ഇവിടെ വായിക്കുക...


ഗോക്രിയന്‍ തത്വശാസ്ത്രത്തിന്റെ മറുപുറങ്ങള്‍


ഇതിനു നേരിട്ട് തന്നെ ഗോക്രി യു-ട്യൂബിലൂടെ 'മറുപടി' നല്‍കി. അത് ഇവിടെ..എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോക്രിക്ക് ഒരു മാറ്റവുമില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഇതുകൊണ്ടുണ്ടായ ഏക പ്രയോജനം. കാരവാന്റെ ചന്തയില്‍ പോക്ക് പഴേ റൂട്ടില്‍ തന്നെ. വസ്തുതകള്‍ക്ക് നേരിട്ട് മറുപടി നല്‍കുകയോ വിമര്‍ശനങ്ങളെ ആരോഗ്യകരമായി സമീപിക്കുകയോ ചെയ്യാതെ പതിവുപോലെ വ്യക്തിപരമായ ആക്ഷേപങ്ങളില്‍ മുഴുകുകയാണ് ഗോക്രി. പിന്നെ ഏതൊക്കെയോ പുസ്തകങ്ങള്‍ എടുത്തു അവിടെയും ഇവിടെയും കുറച്ചൊക്കെ വായിച്ചു 'കണ്ടാ ലവനെ ഞാന്‍ പോളിച്ചടുക്കിയെ' എന്ന് പറയുമ്പോള്‍ വായും പൊളിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.

ഇതിനു വളരെ നല്ല മറുപടി ഫെയ്സ്ബുക്കിലൂടെ വൈശാഖന്‍ തമ്പി നല്‍കി. അത്  ഇവിടെ..


ഇതില്‍ പുള്ളിയെ 'ഗോക്രി' എന്ന് വിളിച്ചതിന് വൈശാഘന്‍ മാപ്പ് പറയുന്നത് കണ്ടു. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഇങ്ങേരുടെ കയ്യിലിരുപ്പു വെച്ചിട്ട് ഇതൊക്കും വിളിച്ചാല്‍ പോര. ബാക്കി ഭാഗത്തിന് 'ക്ലാപ്പ്സ്, ക്ലാപ്പ്സ്'. ആ കുറിപ്പില്‍ നിന്നും...

"അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു.ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരു മതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുമ്പോഴും അതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയും അന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.

ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ."


[അവസാനിക്കുന്നില്ല]