ശനിയാഴ്‌ച, ജൂലൈ 07, 2012

ഉസ്താദ് ഹോട്ടല്‍ നമുക്ക് വിളമ്പുന്നത്...

ഉസ്താദ് ഹോട്ടല്‍ എന്ന അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു ദുല്ക്കര്‍ സല്‍മാനും തിലകനും മറ്റും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ നമുക്ക് മുന്നിലേയ്ക്ക് വെക്കുന്ന കാഴ്ചകള്‍ ഇവയാണ്.


൧) റസ്സാക്കിന്റെ (സിദ്ദിക്ക്) ഭാര്യ ഗര്‍ഭിണി ആകുന്നു. അതു ആണ്‍കുട്ടി തന്നെയാകുമെന്നും തന്റെ മുഴുവന്‍ സ്വത്തും അവനാകുമെന്നും റസാക്ക് പറയുന്നു. എന്നാല്‍ കുട്ടി പെണ്‍കുട്ടിയാണ്. അതറിഞ്ഞ ഉടന്‍ റസാക്ക് വിഷമിക്കുന്നു, കരയാന്‍ പോകുന്നു. അടുത്ത മൂന്ന് പ്രസവത്തിലും പെണ്‍കുട്ടികളാണ്. അപ്പോഴെല്ലാം റസാക്ക് ദുഖിതനാകുന്നു, ബന്ധുക്കളും. എന്നാല്‍ അഞ്ചാമത്തെ പ്രസവം ആണ്‍കുട്ടിയാണ്. അതറിഞ്ഞ റസാക്ക് സന്തോഷിച്ചു തുള്ളിച്ചാടുന്നു. ബന്ധുക്കള്‍ക്കും വന്‍ സന്തോഷം, പ്രേക്ഷകര്‍ക്കും സന്തോഷം.  തീയേറ്ററില്‍ വന്‍ കയ്യടി.


൨) ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തുടര്‍ച്ചയായുള്ള പ്രസവങ്ങള്‍ മൂലം റസാക്കിന്റെ ഭാര്യ അസുഖബാധിതയാകുന്നു, തുടര്‍ന്ന് മരിക്കുന്നു.


൩) മകന്‍ ഫൈസി(ദുല്ക്കര്‍ സല്‍മാന്‍) സഹോദരിമാരെ  അടുക്കളയില്‍ സഹായിക്കുന്നതു കണ്ടു റസാക്കിന് ദേഷ്യം വരുന്നു. നിനക്കെന്താ അടുക്കളയില്‍ കാര്യമെന്ന് ചോദിച്ചു അവനെ വിരട്ടുന്നു, പോയിരുന്നു പഠിക്കാന്‍ പറയുന്നു. ഫൈസി പഠിക്കാന്‍ പോകുന്നു, സഹോദരിമാര്‍ അടുക്കളയില്‍ പാചകം തുടരുന്നു. പ്രേക്ഷകര്‍ 'അതു തീര്‍ത്തും സ്വാഭാവികം' എന്ന മട്ടില്‍ പടം കാണുന്നു.


൪) സഹോദരിമാരെയെല്ലാം വിവാഹം കഴിച്ചയക്കുന്നു.  ഫൈസിയെ സ്വിട്സര്‍ലാണ്ടില്‍ പഠിക്കാന്‍ വിടുന്നു.


൫) മാനേജ്മെന്റ്റ് പഠിക്കാനെന്നും പറഞ്ഞു സ്വിട്സര്‍ലാണ്ടില്‍ പോകുന്ന ഫൈസി പഠിക്കുന്നത് പാചകം, അതും വാപ്പയോ ബന്ധുക്കളോ അറിയാതെ. തിരിച്ചു വരുന്ന ഫൈസി നേരെ പോകുന്നത് പെണ്ണുകാണാനാണ്. ഫൈസി പഠിച്ചത് പാചകം ആണെന്നറിഞ്ഞു പെണ്ണു ഇറങ്ങി ഓടുന്നു. ആലോചന മുടങ്ങുന്നു. ഫൈസിയുടെ വാപ്പ രോഷാകുലനാകുന്നു. ആണുങ്ങള്‍ പാചകം ചെയ്യുകയോ, ഛെ മ്ലേച്ചം. അതിനല്ലേ പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാതെ നമ്മള്‍ കെട്ടിച്ചയക്കുന്നത്. ആണ്‍കുട്ടികള്‍ ചെയ്യാനുള്ളത് പഠിച്ചിട്ടു തന്തപ്പടിയെ ബിസിനസ്സില്‍ സഹായിക്കുകയാണ്. അല്ലാതെ ആഹാരം ഉണ്ടാക്കുകയല്ല. ഈ രീതിയെ വെല്ലുവിളിച്ചാല്‍ വീട്ടിനു പുറത്ത്, സമൂഹത്തിനും.


൬) തുടര്‍ന്ന് നാട്ടില്‍ ഉപ്പാപ്പ നടത്തുന്ന 'ഉസ്താദ്‌ ഹോട്ടലില്‍' ഫൈസി കൂടുന്നു. അവിടത്തെ ബിരിയാണി പാഴ്സല്‍ കൊണ്ടുകൊടുക്കാന്‍ മുസ്ലീം മതചിഹ്നങ്ങള്‍ വഹിക്കുന്ന ഒരാളുടെ വീട്ടിലെത്തുന്നു. അവിടെ പത്തന്‍പത് കുട്ടികള്‍ ഓടിക്കളിക്കുന്നു. എല്ലാം തന്റെതാ എന്നയാള്‍ പറയുന്നു, 'ഗുഡ് ജോബ്‌' എന്ന് ഫൈസി. എന്നിട്ട് ചെല്ലുന്നത് ഒരു സവര്‍ണ്ണ നാലുകെട്ടിലേക്ക്. പടിപ്പുരയ്ക്കു പുറത്ത് നിന്ന് ബിരിയാണി അകത്തേക്ക് കൊടുക്കുന്നു. അവിടെ രണ്ട് കുട്ടികള്‍ മാത്രം. അതു പിന്നങ്ങനല്ലേ, അല്ലേ?


൭) കുറഞ്ഞ വിലയും സേവനമനോഭാവവും മൂലം ഉസ്താദ് ഹോട്ടല്‍ നഷ്ടത്തിലും കടത്തിലും ആവുന്നു. ഫൈസി ഫ്രാന്‍സിലോ മറ്റോ 'ഷെഫ്' ആയി പോകാനുള്ള ശ്രമത്തിലാണ്. അപ്പളാണ് ഫൈസി സ്വന്തം ജീവിതം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച താജിലെ ഒരു പഴേ ഷെഫിനെ പരിചയപ്പെടുന്നത്. (ഒരാള്‍ വഴിയരികില്‍ വിശന്നിരുന്നു അമേദ്യം ഭക്ഷിക്കുന്നത് കണ്ടാണ്‌ അയാള്‍ അങ്ങനെ മാറുന്നത്). അതു കണ്ടു ഇന്‍സ്പിരേഷന്‍ കേറി ഫൈസി യൂറോപ്പില്‍ പോവാനുള്ള പ്ലാന്‍ ഉപേക്ഷിക്കുകയും ഉസ്താദ് ഹോട്ടലിനെ ഏറ്റെടുത്തു നവീകരിച്ചു വിലകൂട്ടി, സേവനം ഉപേക്ഷിച്ചു ലാഭത്തിലാക്കുകയും ചെയ്യുന്നു. സുദീപ് ചോദിക്കുന്നതുപോലെ “150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?”

൮) മുസ്ലീം പെണ്‍കുട്ടി പാട്ടുപാടാന്‍ മതില്‍ ചാടി പോകുന്നു, നേരെ പോകാന്‍ പറ്റില്ലത്രേ.൧൦)മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കോ, അച്ഛന്റെ തഴമ്പ് മോന് കിട്ടാതിരിക്കോ എന്നിങ്ങനെയുള്ള താരപുത്രന്റെ ഫാന്‍സ്‌ ഉയര്‍ത്തിയ (ലവന് ജന്മനാ ഫാന്‍സ്‌ ഉണ്ടത്രേ, ആദ്യത്തെ പടം റിലീസ് ആവുന്നതിനുമുന്നെ ഫാന്‍സ്‌ അസോസിയേഷനും) ദാര്‍ശനിക സമസ്യകള്‍ക്ക് നടുവിലൂടെയാണ്‌ പടത്തിനു കയറിയത്. പയ്യന്‍സിനു പലയിടത്തും ലിപ് സിങ്ക് പോലുമില്ല!


ഇവയാണ് ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍. നമ്മുടെ സിനിമയും പോതുബോധവുമൊക്കെ സ്ത്രീവിരുദ്ധമാണോ, സാമൂഹ്യ വിരുദ്ധമാണോ, മുസ്ലീം വിരുദ്ധമാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്?

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും

3 അഭിപ്രായങ്ങൾ:

 1. nallavan aaya oru muslim aanu ee cinemayile naayaka kadhapathram aaya thilakan avatharippikkunna kareem.. ath thaankalude shreddayile pedaathe athil muslimukalkku kuttikalude ennavum mathilu chaattavum maathram shraddikkunnath thaankalude kaazchapaadinte kuzhappam enne parayaan ullu..

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍5:57 PM, ജൂലൈ 14, 2012

  Enna Than Undakki Irakk ellam Thikanjathu... Ooruthanmar Irangikkolum Enthu Kandalum Kuttam Parayaan...

  മറുപടിഇല്ലാതാക്കൂ
 3. കടയില്‍ തന്ന മുട്ട മോശമാണ് എന്ന് പറയുമ്പോ എന്നാ താന്‍ ഒരു മുട്ട ഇട്ടു കാണിക്കു എന്ന് പറയുമ്പോലെ അല്ലെ.. :)

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....