ശനിയാഴ്‌ച, ജൂലൈ 14, 2012

ഹിഗ്ഗ്സ് ബോസോണും ചില 'ഗോക്രി' മോഡല്‍ ഉഡായിപ്പുകളും...ഈ അടുത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമാണ് ഹിഗ്ഗ്സ് ബോസോണുകള്‍ നിലനില്‍ക്കുന്നു എന്നതിന് തെളിവ് ലഭിച്ചത്. മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയ ഉപകരണമായ ലാര്‍ജ് ഹാട്രോണ്‍ കൊളയ്ടറിലെ ശാസ്ത്രജ്ഞന്മാരാണ്  ഈ നേട്ടം കൈവരിച്ചത്. ഇതിനു ലഭിച്ച വാര്‍ത്താപ്രാധാന്യം മുതലെടുക്കാന്‍ ചിലര്‍ നടത്തുന്ന നുണ പ്രചാരണങ്ങളാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്.


എന്താണ് ഹിഗ്ഗ്സ് ബോസോണുകള്‍?

എല്ലാ പദാര്‍ത്ഥങ്ങളും നിര്‍മ്മിതമായിരിക്കുന്നത് ആറ്റങ്ങളാല്‍ ആണെന്നും ആ ആറ്റങ്ങള്‍ അടിസ്ഥാന കണങ്ങങ്ങളായ ഇലക്ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമാല്‍ നിര്‍മ്മിതമായിരിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇതില്‍ത്തന്നെ പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാര്‍ക്കുകളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപ്പ്‌, ഡൌണ്‍, ടോപ്‌, ബോട്ടം, ചാം, സ്ട്രെയ്ന്ജ് എന്നിങ്ങനെ ആറുതരം ക്വാര്‍ക്കുകളാണുള്ളത്. ഇലക്ട്രോണ്‍, മ്യുവോണ്‍, ടൊ, ഇലക്ട്രോണ്‍ ന്യൂടിനോ, മ്യുവോണ്‍ ന്യൂടിനോ, ടൊ ന്യൂടിനോ എന്നീ കണങ്ങള്‍ ലെപ്റ്റോണുകള്‍ എന്നും ഫോട്ടോണ്‍, ഗ്ലുവോണ്‍, ഇലക്ടോ വീക്ക് ബോസോണുകള്‍ (W+, W-, W0) എന്നീ കണങ്ങള്‍ ഗേജ് ബോസോണുകള്‍ എന്നും അറിയപ്പെടുന്നു. ഇവയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അനുസരിച്ച് നമ്മുടെ പ്രപഞ്ചത്തെ നിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാന കണങ്ങള്‍. ഇവയില്‍ ഫോട്ടോണ്‍ ഏവര്‍ക്കും സുപരിചിതമാണ്, പ്രകാശത്തിന്റെ അടിസ്ഥാന കണം. വൈദ്യുത കാന്തിക ബലങ്ങള്‍ ഫോട്ടോണുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്ലുവോണുകള്‍ പേര് സൂചിപ്പിക്കുന്നതുപോലെ ക്വാര്‍ക്കുകളെ ഒട്ടിച്ചു ചേര്‍ത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും നിര്‍മ്മിക്കുന്നു. ഇലക്ടോ വീക്ക് ബോസോണുകള്‍ വീക്ക്‌ ന്യൂക്ലിയാര്‍ ഫോഴ്സിന് കാരണമാകുന്നു. 

ഇതു കൂടാതെയുള്ള അടിസ്ഥാന കണമാണ് ഹിഗ്ഗ്സ് കണംബോസോണ്‍ ആയതിനാലാണ് ഇതു ഹിഗ്ഗ്സ് ബോസോണ്‍ എന്നും അറിയപ്പെടുന്നത്. ബോസോണുകളെ നിയന്ത്രിക്കുന്നത്‌ ബോസ്-ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്ക്സ് ആണ്. ഐന്‍സ്ടീനും ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ ബോസും ആണ് ഈ സ്റ്റാറ്റിസ്റ്റിക്ക്സിനു രൂപം നല്‍കിയത്. ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്സേട്റ്റ് എന്ന ദാര്‍ത്ഥത്തിന്റെ രൂപം (ഖരം, ദ്രാവകം, വാതകം, പ്ലാസ്മ പോലുള്ള ഒന്ന്) ഇതിനെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്.  

ഇലക്ട്രോണിന്റെ മാസ്സില്‍ നിന്നും വ്യത്യസ്തമാണ് പ്രോട്ടോണിന്റെ മാസ്, അതില്‍ നിന്നും വ്യത്യസ്തമാണ് ന്യൂട്രോണിന്റെത്. ഇതു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അവയ്ക്ക് എങ്ങനെയാണ് ഈ വ്യത്യസ്ത മാസ്സുകള്‍ ലഭിച്ചത്? ആരാണ് ഇലക്ട്രോണേ നിന്റെ മാസ്സ്(പിണ്ഡം) ഇത്രയാണ്, ന്യൂട്രോനെ നിന്റേതു ഇത്രയാണ് എന്ന് തീരുമാനിച്ചത്? വളരെ ലളിതമായ ചോദ്യം, ആര്‍ക്കും തോന്നാവുന്ന സംശയം. എന്നാല്‍ ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ തീര്‍ത്തും ലളിതമായ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്നത് രസകരമായ ഒരു വസ്തുതയാണ്. ആ ചോദ്യത്തിനുള്ള പല ഉത്തരങ്ങളും പലരും നല്‍കി. എന്നാല്‍ അതില്‍ ഏറ്റവും കണ്‍വിന്‍സിംഗ് ആയ ഉത്തരത്തിനു ലഭിച്ച തെളിവാണ് നാം ഇപ്പോള്‍ ആഘോഷിക്കുന്നത്, അതെ ഹിഗ്ഗ്സ് ബോസോണ്‍.

പീറ്റര്‍ ഹിഗ്ഗ്സും മറ്റു ചില ശാസ്ത്രജ്ഞന്മാരും 1964 -ല്‍ രൂപീകരിച്ച ഹിഗ്ഗ്സ് മെക്കാനിസം ആണ് ആ ഉത്തരം.  Englert–Brout–Higgs–Guralnik–Hagen–Kibble mechanism  എന്നും ഇത് അറിയപ്പെടുന്നു. ഇത് പ്രകാരം സ്പെയ്സില്‍ നിറഞ്ഞിരിക്കുന്ന ഹിഗ്ഗ്സ് ഫീല്‍ഡുമായി പരസ്പരപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായാണ്‌ കണങ്ങള്‍ക്ക് പിണ്ഡം(മാസ്സ്) ലഭിക്കുന്നത്. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നത് ഇതേ ഫീല്‍ഡില്‍ കൂടി സഞ്ചരിക്കുന്ന ഫോട്ടോണിനും മറ്റും എന്തുകൊണ്ട് മാസ്സ് ലഭിക്കുന്നില്ല എന്നതാണ്. ഇതിനെ പ്രശസ്ത ഭൌതിക ശാസ്ത്രകാരന്‍ ഡേവിഡ് മില്ലര്‍ ഇങ്ങനെ ലളിലതമായി വിശദീകരിച്ചിട്ടുണ്ട്. ഒരു റൂമില്‍ നിറഞ്ഞിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സങ്കല്‍പ്പിക്കുക, അതാണ്‌ ഹിഗ്ഗ്സ് ഫീല്‍ഡ്. ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ അജ്ഞാതനായ ഒരു വ്യക്തിയ്ക്ക് അനായാസം നടന്നു പോകാന്‍ കഴിയും. ഇതാണ് ഹിഗ്ഗ്സ് ഫീല്‍ഡിലൂടെ സഞ്ചരിക്കുന്ന പിണ്ഡം ഇല്ലാത്ത  ഫോട്ടോണിന്റെ അവസ്ഥ. എന്നാല്‍ ആ ആള്‍ക്കൂട്ടതിനിടയിലെയ്ക്ക് അവിടത്തെ പ്രധാനമന്ത്രി കടന്നുവന്നാലോ? അദ്ദേഹം ആരാധകരുടെ ഇടയിലൂടെ ആ റൂമിലൂടെ നടക്കുന്നത് പോലെയാണ് കണങ്ങള്‍ ഈ ഫീല്‍ഡില്‍ നിന്ന് പ്രതിപ്രവര്‍ത്തനത്തിലൂടെ മാസ്സ് നേടുന്നത്. വ്യക്തിത്വങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ പ്രതിപ്രവര്‍ത്തനവും മാറുന്നു. അതേ രീതില്‍ കണങ്ങളും അവയുടെ പിണ്ഡവും.

എന്നാല്‍ ഈ തിയറി പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ട്. ഹിഗ്ഗ്സ് മെക്കാനിസം ശരിയാണ് എന്നതിന് ലഭിക്കേണ്ട ഒരു തെളിവ് ഈ  ഫീല്‍ഡിനോപ്പം കാണപ്പെടുന്ന ഹിഗ്ഗ്സ് ബോസോണ്‍ എന്ന കണത്തിന്റെ അസ്ഥിത്വമാണ്. അതു തെളിയിക്കപ്പെട്ടാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കൂടി ലഭിക്കുന്ന വലിയൊരു തെളിവാകുമത്. 

എന്തുകൊണ്ട് ലാര്‍ജ്ജ് ഹാട്രോണ്‍ കൊളയ്ഡര്‍?

കണികാത്വരിതങ്ങള്‍ (particle accelerators) വഴിയാണ് ഏതാണ്ടെല്ലാ അടിസ്ഥാനകണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ഇവക്കു പിന്നിലുള്ള ആശയം വളരെ ലളിതമാണ്. വസ്തുക്കളെ വളരെ വേഗത്തില്‍ കൂട്ടിയിടിപ്പിക്കുക. അപ്പോള്‍ അവ പലതായി വിഭജിക്കപ്പെടുകയും അവയെക്കാള്‍ ചെറിയ വസ്തുക്കള്‍ ഉണ്ടാവുകയും ചെയ്യും. എത്ര ശക്തിയില്‍ കൂട്ടിയിടി നടത്തുന്നോ അത്രയും ചെറിയ കണികകള്‍, അത്രയും അധികം കണികകള്‍ നമുക്ക് ലഭിക്കും. വൈദ്യുത കാന്തിക ബലം പ്രയോഗിച്ചു ചാര്‍ജ്ജുള്ള കണങ്ങളെ കൂട്ടിയിടിപ്പിച്ചാണ് ഇതു പ്രായോഗികമാക്കുന്നത്. നമ്മുടെ ടെലിവിഷന്‍ സെറ്റിലോക്കെ കാണുന്ന കാതോഡ് റേ ട്യൂബാണ് ഇതിനു ഒരു ഉദാഹരണം. 

പാര്‍ട്ടിക്കിള്‍ ഫിസിക്ക്സില്‍ ഭീമാകാരമായ കണികാത്വരിതങ്ങള്‍ ഉപയോഗിച്ചാണ് പഠനങ്ങള്‍ നടത്തുന്നത്. പല ജിഗാ ഇലക്ട്രോണ്‍ വോല്ട്ടിലുള്ള ഊര്‍ജ്ജമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഹിഗ്ഗ്സ് ബോസോണിനെ കണ്ടുപിടിക്കാന്‍ നിലവിലുള്ള കണികാത്വരിതങ്ങളില്‍ ഉള്ള ഊര്‍ജ്ജം മതിയാകാതെ വന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രവചിച്ച പ്രകാരമുള്ള പിണ്ഡം ഹിഗ്ഗ്സ് ബോസോണുകള്‍ക്കുണ്ടെങ്കില്‍ അവയെ കണ്ടത്താന്‍ ഒരു ഭീമാകാരമായ കണികാത്വരിതം തന്നെ ആവശ്യമായി വരും. ഇതാണ് 'ലാര്‍ജ്ജ് ഹാട്രോണ്‍ കൊളയ്ഡര്‍' എന്ന ആശയത്തെപ്പറ്റി ശാസ്ത്രലോകം ചിന്തിക്കാന്‍ ഒരു കാരണം. ജെനീവയ്ക്കടുത്ത് ഫ്രാന്‍സ്-സ്വിസ്സ് അതിര്‍ത്തിയിലായി രണ്ട് രാജ്യങ്ങളിലുമായി ഇരുപത്തേഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമിക്കടിയില്‍ 175 മീറ്റര്‍ ആഴത്തിലാണ് ഇതു നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യശക്തിക്ക് അസാധ്യമായതൊന്നുമില്ല എന്നതിന്റെ വിളംബരമാണ് മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ഉപകരണമായ ലാര്‍ജ്ജ് ഹാട്രോണ്‍ കൊളയ്ഡര്‍. ഇതില്‍ പ്രോട്ടോണുകളെ തമ്മിലും ലെഡിന്റെ ന്യൂക്ളിയസ്സുകളെ തമ്മിലും വന്‍ വേഗതയിലും ഊര്‍ജ്ജത്തിലും കൂട്ടിയിടിപ്പിക്കുന്നു. അതിന്റെ ഫലമായുണ്ടാകുന്ന കണങ്ങളെ വിശദമായ പഠനത്തിനു വിധേയമാക്കുന്നു.

ഇതു പറയുന്നതുപോലെ അത്ര എളുപ്പമല്ല. ഈ കണങ്ങള്‍ മൈക്രോസെക്കണ്ടുകള്‍ക്കകം മറ്റുരൂപത്തിലേക്കോ  ഊര്‍ജ്ജമായോ നഷ്ടമാകും. അത്യധികം സങ്കീര്‍ണ്ണമായ ഈ പരീക്ഷണത്തില്‍ ഹിഗ്ഗ്സ് ബോസോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. അതിന്റെ പ്രവചിക്കപ്പെട്ട വലിയ പിണ്ഡവും ,ആപേക്ഷികമായി ;), പെട്ടെന്ന് decay ചെയ്യുന്ന സ്വഭാവമാണ് ഇതിനു കാരണം. 2008 -ലാണ് LHC പ്രവര്‍ത്തനം ആരംഭിച്ചത്. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം സുരാജ് രാജന്‍ പറഞ്ഞതുപോലെ 'പ്രപഞ്ചത്തിന്റെ ചുരുളഴിക്കാനായി ലാബുകളില്‍ ജീവിതം മെഴുകുതിരിയാക്കുന്ന' പതിനായിരക്കണക്കിനു ശാസ്ത്രജ്ഞന്മാരുടെ പ്രയത്നത്തിനു ഫലം കാണുന്നതിനു തൊട്ടരികില്‍ എത്തി നില്‍ക്കുമ്പോള്‍ ശാസ്ത്രകുതുകികള്‍ക്ക് അതു നല്‍കുന്ന സന്തോഷം ഒട്ടും ചെറുതല്ല. ഇതു സ്റ്റാന്‍ഡേര്‍ഡ് മോലിനും അതു വഴി ഭൌതിക ശാസ്ത്രത്തിനും മനുഷ്യന്റെ അറിവിനുതന്നെയും പുതിയ മാനങ്ങള്‍ നല്‍കുകയാണ്. 

ഭഗവത് ഗീതയും കുറെ മമ്മൂഞ്ഞുകളും.... 
ഇനി ആദ്യം പറഞ്ഞ സംഗതിയിലേക്ക് വരാം. ഈ കണ്ടുപിടിത്തത്തിന്റെ വാര്‍ത്ത വന്നതിനടുത്ത ദിവസങ്ങളില്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ച രണ്ട് ഫോട്ടോകളാണ് ചുവടെ.ഒന്നില്‍ പറയുന്നത് ഇതൊക്കെ ഋഗ്വേദത്തില്‍ പണ്ടേ ഉണ്ടായിരുന്നു എന്നാണ്. അതെ പഴയ ഡയലോഗ്. അതു എവിടെ, എങ്ങനെ, അതുകൊണ്ടു നാം എന്തൊക്കെ കണ്ടെത്തി എന്നൊന്നും ആരും ചോദിക്കരുത്. അടുത്തതിലോ  ഭഗവത് ഗീതയാണ് ഹിഗ്ഗ്സ് ബോസോണ്‍ എന്ന കണ്ടുപിടിത്തത്തിനു പിന്‍ബലമേകിയത് എന്ന്. ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്സേറ്റില്‍ സത്യേന്ദ്രനാഥ ബോസിന്  പ്രചോദനം ഏകിയത്‌ 'പൂവിലും പുല്ലിലും തൂണിലും തുരുമ്പിലും അടിസ്ഥാന കണികയില്‍ പോലും ഞാനുണ്ട്' എന്ന ഗീതയിലെ വാക്യമാണത്രേ. ഇതു കാണാന്‍ അദ്ദേഹം ഇല്ലാതെ പോയത് നന്നായി എന്നല്ലാതെന്തു പറയാന്‍. ഇവിടത്തെ പ്രശനം രണ്ടാണ്...

ഒന്ന്) ഗീതയും ഖുര്‍-ആനും ബൈബിളും ഒക്കെ മനുഷ്യ ചരിത്രത്തിലെ മഹത്തായ ഗ്രന്ഥങ്ങളാണ്. ദാര്‍ശനികമായ തലത്തില്‍ അവയുടെ മൂല്യം വളരെ വലുതാണ്‌. എണ്ണം അവയില്‍ ഏതെങ്കിലും വാചകങ്ങള്‍ എടുത്തു ഇല്ലാത്ത അര്‍ഥങ്ങള്‍ ചമച്ചു ദുരുപദിഷ്ടമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ അപമാനിക്കുന്നത് ആ ഗ്രന്ഥങ്ങളെത്തന്നെയാണ്. ഇങ്ങനെ ആ ഗ്രന്ഥങ്ങളെ തങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത് എന്ന് മനസിലാക്കുക. സ്വബുദ്ധി ഉള്ള ആര്‍ക്കും ഈ പറയുന്നതിലെ പൊള്ളത്തരം മനസിലാകും. എന്നിട്ടും ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു അവക്കുവേണ്ടി വാദിക്കാന്‍ ആളുണ്ട് എന്നിടത്താണ് നമ്മുടെ സമൂഹത്തിന്റെ ദയനീയ അവസ്ഥ നാം മനസിലാക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നവരില്‍ മിക്കവരും തീവ്ര വലതുപക്ഷ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ അനുഭാവികളാണ് എന്നുള്ളത് ഈ പ്രവൃത്തി അത്ര നിഷ്കളങ്കമല്ല എന്ന് ഉറപ്പിക്കുന്നു. 

രണ്ട്) സത്യേന്ദ്രനാഥ ബോസ് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ഒരു മനുഷ്യജന്മം നീണ്ട അധ്വാനത്തെയും പ്രതിഭയെയും അപമാനിക്കാന്‍ മാത്രമേ ഈ മാതിരി കോപ്രായങ്ങള്‍ കൊണ്ട് കഴിയുകയുള്ളൂ. 

ഒരു കാലത്ത് ജ്യോതിശാസ്ത്രവും ഗണിതവും ഒക്കെ അടക്കി ഭരിച്ചിരുന്നു പ്രതിഭകള്‍ ഉണ്ടായിരുന്ന  നമ്മുടെ രാജ്യം ഇന്ന് ശാസ്ത്രത്തിന്റെ പിന്നാമ്പുകളിലെയ്ക്ക് വീണു പോയതിനു പ്രധാന കാരണം ശാസ്ത്ര ചിന്തയുടെ അഭാവവും, ഭരണകൂടങ്ങളും സവര്‍ണ്ണ മേലാളന്മാരും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മാത്രമായി നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ച അന്ധകാരവുമാണ്. ഈ അന്ധകാരത്തില്‍ നിന്ന് മോചനം നേടണോ അതോ ഈ സങ്കുചിത മനസ്കരുടെ ചൂഷണങ്ങള്‍ക്ക് വീണ്ടും തല വെച്ച് കൊടുക്കണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ശാസ്ത്രബോധം ഇല്ലാത്ത ഒരു സമൂഹവും പുരോഗതി പ്രാപിച്ചിട്ടില്ല എന്നോര്‍ക്കുക.

കടപ്പാട്: 
വിക്കിപീഡിയ 
പ്രപഞ്ചരേഖ - എംപി.പരമേശ്വരന്‍ 
ഒന്ന്, രണ്ട്, മൂന്ന്, അനന്തം...- ജോര്‍ജ്ജ് ഗാമോ 
ദി ഗ്രാന്‍ഡ്‌ ഡിസൈന്‍ - സ്റ്റീഫന്‍ ഹോക്കിംഗ് 
സമയത്തിന്റെ സംക്ഷിപ്ത ചരിത്രം  - സ്റ്റീഫന്‍ ഹോക്കിംഗ് ശനിയാഴ്‌ച, ജൂലൈ 07, 2012

ഉസ്താദ് ഹോട്ടല്‍ നമുക്ക് വിളമ്പുന്നത്...

ഉസ്താദ് ഹോട്ടല്‍ എന്ന അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു ദുല്ക്കര്‍ സല്‍മാനും തിലകനും മറ്റും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ നമുക്ക് മുന്നിലേയ്ക്ക് വെക്കുന്ന കാഴ്ചകള്‍ ഇവയാണ്.


൧) റസ്സാക്കിന്റെ (സിദ്ദിക്ക്) ഭാര്യ ഗര്‍ഭിണി ആകുന്നു. അതു ആണ്‍കുട്ടി തന്നെയാകുമെന്നും തന്റെ മുഴുവന്‍ സ്വത്തും അവനാകുമെന്നും റസാക്ക് പറയുന്നു. എന്നാല്‍ കുട്ടി പെണ്‍കുട്ടിയാണ്. അതറിഞ്ഞ ഉടന്‍ റസാക്ക് വിഷമിക്കുന്നു, കരയാന്‍ പോകുന്നു. അടുത്ത മൂന്ന് പ്രസവത്തിലും പെണ്‍കുട്ടികളാണ്. അപ്പോഴെല്ലാം റസാക്ക് ദുഖിതനാകുന്നു, ബന്ധുക്കളും. എന്നാല്‍ അഞ്ചാമത്തെ പ്രസവം ആണ്‍കുട്ടിയാണ്. അതറിഞ്ഞ റസാക്ക് സന്തോഷിച്ചു തുള്ളിച്ചാടുന്നു. ബന്ധുക്കള്‍ക്കും വന്‍ സന്തോഷം, പ്രേക്ഷകര്‍ക്കും സന്തോഷം.  തീയേറ്ററില്‍ വന്‍ കയ്യടി.


൨) ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തുടര്‍ച്ചയായുള്ള പ്രസവങ്ങള്‍ മൂലം റസാക്കിന്റെ ഭാര്യ അസുഖബാധിതയാകുന്നു, തുടര്‍ന്ന് മരിക്കുന്നു.


൩) മകന്‍ ഫൈസി(ദുല്ക്കര്‍ സല്‍മാന്‍) സഹോദരിമാരെ  അടുക്കളയില്‍ സഹായിക്കുന്നതു കണ്ടു റസാക്കിന് ദേഷ്യം വരുന്നു. നിനക്കെന്താ അടുക്കളയില്‍ കാര്യമെന്ന് ചോദിച്ചു അവനെ വിരട്ടുന്നു, പോയിരുന്നു പഠിക്കാന്‍ പറയുന്നു. ഫൈസി പഠിക്കാന്‍ പോകുന്നു, സഹോദരിമാര്‍ അടുക്കളയില്‍ പാചകം തുടരുന്നു. പ്രേക്ഷകര്‍ 'അതു തീര്‍ത്തും സ്വാഭാവികം' എന്ന മട്ടില്‍ പടം കാണുന്നു.


൪) സഹോദരിമാരെയെല്ലാം വിവാഹം കഴിച്ചയക്കുന്നു.  ഫൈസിയെ സ്വിട്സര്‍ലാണ്ടില്‍ പഠിക്കാന്‍ വിടുന്നു.


൫) മാനേജ്മെന്റ്റ് പഠിക്കാനെന്നും പറഞ്ഞു സ്വിട്സര്‍ലാണ്ടില്‍ പോകുന്ന ഫൈസി പഠിക്കുന്നത് പാചകം, അതും വാപ്പയോ ബന്ധുക്കളോ അറിയാതെ. തിരിച്ചു വരുന്ന ഫൈസി നേരെ പോകുന്നത് പെണ്ണുകാണാനാണ്. ഫൈസി പഠിച്ചത് പാചകം ആണെന്നറിഞ്ഞു പെണ്ണു ഇറങ്ങി ഓടുന്നു. ആലോചന മുടങ്ങുന്നു. ഫൈസിയുടെ വാപ്പ രോഷാകുലനാകുന്നു. ആണുങ്ങള്‍ പാചകം ചെയ്യുകയോ, ഛെ മ്ലേച്ചം. അതിനല്ലേ പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാതെ നമ്മള്‍ കെട്ടിച്ചയക്കുന്നത്. ആണ്‍കുട്ടികള്‍ ചെയ്യാനുള്ളത് പഠിച്ചിട്ടു തന്തപ്പടിയെ ബിസിനസ്സില്‍ സഹായിക്കുകയാണ്. അല്ലാതെ ആഹാരം ഉണ്ടാക്കുകയല്ല. ഈ രീതിയെ വെല്ലുവിളിച്ചാല്‍ വീട്ടിനു പുറത്ത്, സമൂഹത്തിനും.


൬) തുടര്‍ന്ന് നാട്ടില്‍ ഉപ്പാപ്പ നടത്തുന്ന 'ഉസ്താദ്‌ ഹോട്ടലില്‍' ഫൈസി കൂടുന്നു. അവിടത്തെ ബിരിയാണി പാഴ്സല്‍ കൊണ്ടുകൊടുക്കാന്‍ മുസ്ലീം മതചിഹ്നങ്ങള്‍ വഹിക്കുന്ന ഒരാളുടെ വീട്ടിലെത്തുന്നു. അവിടെ പത്തന്‍പത് കുട്ടികള്‍ ഓടിക്കളിക്കുന്നു. എല്ലാം തന്റെതാ എന്നയാള്‍ പറയുന്നു, 'ഗുഡ് ജോബ്‌' എന്ന് ഫൈസി. എന്നിട്ട് ചെല്ലുന്നത് ഒരു സവര്‍ണ്ണ നാലുകെട്ടിലേക്ക്. പടിപ്പുരയ്ക്കു പുറത്ത് നിന്ന് ബിരിയാണി അകത്തേക്ക് കൊടുക്കുന്നു. അവിടെ രണ്ട് കുട്ടികള്‍ മാത്രം. അതു പിന്നങ്ങനല്ലേ, അല്ലേ?


൭) കുറഞ്ഞ വിലയും സേവനമനോഭാവവും മൂലം ഉസ്താദ് ഹോട്ടല്‍ നഷ്ടത്തിലും കടത്തിലും ആവുന്നു. ഫൈസി ഫ്രാന്‍സിലോ മറ്റോ 'ഷെഫ്' ആയി പോകാനുള്ള ശ്രമത്തിലാണ്. അപ്പളാണ് ഫൈസി സ്വന്തം ജീവിതം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച താജിലെ ഒരു പഴേ ഷെഫിനെ പരിചയപ്പെടുന്നത്. (ഒരാള്‍ വഴിയരികില്‍ വിശന്നിരുന്നു അമേദ്യം ഭക്ഷിക്കുന്നത് കണ്ടാണ്‌ അയാള്‍ അങ്ങനെ മാറുന്നത്). അതു കണ്ടു ഇന്‍സ്പിരേഷന്‍ കേറി ഫൈസി യൂറോപ്പില്‍ പോവാനുള്ള പ്ലാന്‍ ഉപേക്ഷിക്കുകയും ഉസ്താദ് ഹോട്ടലിനെ ഏറ്റെടുത്തു നവീകരിച്ചു വിലകൂട്ടി, സേവനം ഉപേക്ഷിച്ചു ലാഭത്തിലാക്കുകയും ചെയ്യുന്നു. സുദീപ് ചോദിക്കുന്നതുപോലെ “150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?”

൮) മുസ്ലീം പെണ്‍കുട്ടി പാട്ടുപാടാന്‍ മതില്‍ ചാടി പോകുന്നു, നേരെ പോകാന്‍ പറ്റില്ലത്രേ.൧൦)മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കോ, അച്ഛന്റെ തഴമ്പ് മോന് കിട്ടാതിരിക്കോ എന്നിങ്ങനെയുള്ള താരപുത്രന്റെ ഫാന്‍സ്‌ ഉയര്‍ത്തിയ (ലവന് ജന്മനാ ഫാന്‍സ്‌ ഉണ്ടത്രേ, ആദ്യത്തെ പടം റിലീസ് ആവുന്നതിനുമുന്നെ ഫാന്‍സ്‌ അസോസിയേഷനും) ദാര്‍ശനിക സമസ്യകള്‍ക്ക് നടുവിലൂടെയാണ്‌ പടത്തിനു കയറിയത്. പയ്യന്‍സിനു പലയിടത്തും ലിപ് സിങ്ക് പോലുമില്ല!


ഇവയാണ് ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍. നമ്മുടെ സിനിമയും പോതുബോധവുമൊക്കെ സ്ത്രീവിരുദ്ധമാണോ, സാമൂഹ്യ വിരുദ്ധമാണോ, മുസ്ലീം വിരുദ്ധമാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്?

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും