ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം....

 

ബെര്‍ളി തോമസിന്റെ പോസ്റ്റ്‌ കാണുമ്പോഴാണ് ഈ കാര്യം അറിയുന്നത്. തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംരഭമായ സിനി മാജിക്കിന്റെ  'ഇനിയോമൊരു മഴയായ്'  എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് രാവിലെ കൈരളി തീയേറ്ററില്‍ വെച്ച് നടക്കുന്നു എന്ന കാര്യം, അതും പ്രവേശനം സൌജന്യം. അവിടെ ചെല്ലാനും പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു. മലയാള ചലച്ചിത്ര ലോകത്ത് ഒരു വിപ്ലവം തന്നെയാണ് ഇന്ന് കൈരളി തീയേറ്ററില്‍ നടന്നത് എന്ന് ഞാന്‍ കരുതുന്നു.

കലാരൂപം എന്നതിലുപരി ഒരു ബിസിനസ്‌ മാത്രമായി സിനിമ മാറിക്കൊണ്ടിരിക്കുന്ന ഒരു ദുഖകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പണം മാത്രം ലക്ഷ്യമാക്കി ഫോര്‍മുലകള്‍ തട്ടിക്കൂട്ടുന്ന എണ്ണത്തില്‍ കുറവല്ലാത്ത സിനിമാ പ്രവര്‍ത്തകര്‍ മലയാള സിനിമക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഇങ്ങനെയുള്ളവര്‍ തീയേറ്റര്‍ കയ്യടക്കുംപോള്‍ വീട്ടിലേക്കുള്ള വഴിയും ടി.ഡി ദാസനും മകരമഞ്ഞും തീയറ്റര്‍ കിട്ടാതെ ബുദ്ധിമുട്ടുന്നു, പലപ്പോഴും ഹതാശരായി രംഗം വിടുന്നു. ഇതു എല്ലാക്കാലവും ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രവണതയ്ക്ക് ഇപ്പോഴത്തെ പോലെ തീവ്രത മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. 'അമ്മ അറിയാനിലൂടെ' ജോണും കൂട്ടരും തുടങ്ങിവെച്ച വിപ്ലവം നമുക്ക് നഷ്ടമാകുന്നു എന്ന തോന്നല്‍ ശക്തമാകുമ്പോഴാണ്  ഇന്റര്‍നെറ്റിന്റെയും മറ്റും സാധ്യതകള്‍ ഉപയോഗിച്ച് യുവത്വം ആ വിപ്ലവത്തിന് ഒരു തുടര്‍ച്ച നല്‍കുന്നത്.

വിക്കിപ്പീഡിയയും ലിനക്സും ഒക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഒന്ന് തന്നെയാണ്; ലാഭേച്ഛ ഇല്ലാത്ത സേവനം. ഒരുപാട് പേര്‍ പ്രതിഫലം വാങ്ങാതെ ചെയ്യുന്ന അദ്ധ്വാനമാണ് സൗജന്യമായി ഇവ ഉപയോഗിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്‌. അതേ പാതയില്‍ തന്നെ ഒരു സമാന്തര ചലച്ചിത്ര സംസ്കാരവും നമ്മുടെ ഇടയില്‍ ഉയര്‍ന്നു വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. വന്‍ സാമ്പത്തിക അടിത്തറ ഉള്ളവര്‍ക്ക് മാത്രം സാധ്യമാകുമായിരുന്ന സിനിമാ നിര്‍മ്മാണവും പ്രദര്‍ശനവും ഇന്റര്‍നെറ്റിന്റെയും യുട്യൂവിന്റെയും വരവോടെ കലാശേഷിയുള്ള, അത്യാവശ്യം സാങ്കേതികജ്ഞാനം ഉള്ള  ആര്‍ക്കും സാധ്യമായ ഒന്നായി മാറി. ചലച്ചിത്ര മേഖല കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു എന്ന് പറയുന്നതാകും ശരി. ഈ അവസരം ഉപയോഗിച്ച് ധാരാളം കലാകാരന്മാര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരാന്‍ തുടങ്ങി. പണത്തെക്കാളുപരി  സിനിമയോടുള്ള ഇഷ്ടവും, കലാവാസനയുമാണ് അവരെ മുന്നോട്ടു നയിച്ചത്. ഇത്തരത്തിലുള്ള രണ്ട് നല്ല ഹ്രസ്വചിത്രങ്ങള്‍ ഈ ബ്ലോഗില്‍ പരിചയപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട് (സ്റ്റോറി ബോര്‍ഡ്'ഫ്രൈഡേ'). ഇത്തവണ ഒരു പടി കൂടി കടന്ന് കൈരളി തീയേറ്ററില്‍ ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ 'ഇനിയൊരു മഴയായ്' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രവേശനം സൗജന്യമായിരുന്നു. ബെര്‍ളി ആശാന്റെ പോസ്റ്റിലൂടെയാണ് ഞാന്‍ സംഭവം അറിയുന്നത്. അദ്ദേഹത്തിനു ഒരു കടപ്പാട് പടം തുടങ്ങുന്നതിനു മുന്‍പ് അവര്‍ നല്‍കിയിരുന്നു, നല്ല കാര്യം. ഞാന്‍ കോളേജില്‍ പഠിച്ച അതേ കാലയളവില്‍ മാര്‍ ബസേലിയോസില്‍ പഠിച്ച ജിഷ്ണു ശ്രീകണ്ഠന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍ . ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്.

ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ചെയ്ത ശ്രമം എന്ന പരിഗണ വെച്ചുകൂടി വേണം ഇങ്ങനെയുള്ള ചിത്രങ്ങള്‍ കാണേണ്ടത് എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. അവധി ദിവസങ്ങളിലും മറ്റുമായി നാല് മാസം കൊണ്ടാണ് അവര്‍ ഇതു പൂര്‍ത്തിയാക്കിയത്. പുതുമുഖങ്ങളുടെതായ ഒരു ശ്രമം എന്ന് പരിഗണിക്കുമ്പോള്‍ വളരെ നല്ല ശ്രമമാണ് അവര്‍ നടത്തിരിക്കുന്നത്. ആദ്യഭാഗത്ത്‌ ഉണ്ടായ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ സാങ്കേതികമായി മെച്ചപ്പെട്ട നിലവാരം പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. സുനീത്, അനന്ദു, ഏയ്‌ഞ്ജല്‍, ഐശ്വര്യാ എന്നിവര്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഇവരെ നേരിട്ട് തന്നെ അഭിനന്ദനം അറിയിക്കാന്‍ സാധിച്ചു. അനാവശ്യമായ ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ഒതുങ്ങിയ കഥപറച്ചില്‍ നന്നായി. ചില ഇടങ്ങളില്‍ ഒഴിച്ച് ക്യാമറ വര്‍ക്കും നന്നായിരുന്നു. ബിഗ്‌ സ്ക്രീനില്‍ അരമണിക്കൂര്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സംവിധായകന് അഭിമാനിക്കാവുന്ന ഒന്നാണ്.


എന്നാല്‍ ചിത്രത്തെ പ്രമേയപരമായി കാണുമ്പോള്‍ ചില വിമര്‍ശങ്ങള്‍ ഉന്നയിക്കാതെ തരമില്ല. പേര് സൂചിപ്പിക്കുന്നത് പോലെ മഴ ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇതെത്രയോ വര്‍ഷങ്ങളായി നമ്മുടെ സിനിമയില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ബ്ലെസ്സിയുടെ 'പ്രണയത്തെ'പ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ പ്രതീഷ് പ്രകാശ് തമാശയായി പറഞ്ഞത് പോലെ പ്രതീകമായി  ഇങ്ങനെ മഴയെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനു പകരം വല്ല ബാത്ത്റൂമില്‍ ഫ്ലഷ് ചെയ്യുന്നതോ മറ്റോ കാണിക്കേണ്ട കാലം കഴിഞ്ഞു. സമാന്തര സിനിമയുടെ പ്രത്യേകത അതു സമൂഹത്തെ വേറിട്ട ഒരു ആങ്കിളില്‍ കാണുന്നു എന്നുള്ളതാണ്. ഇവിടെ അതുണ്ടായോ എന്നത് സംശയമാണ്. വര്‍ഷങ്ങളായി നാം കണ്ടു ശീലിച്ച ആഖ്യാന രീതി ഒഴിവാക്കാമായിരുന്നു. ഒരു സമാന്തര സിനിമ നല്‍കുന്ന സാധ്യതകളെ ഇവിടെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയോ എന്നെനിക്കു സംശയമുണ്ട്‌. ഇങ്ങനെ ചില കുറവുകള്‍ കാണാന്‍ കഴിയുമെങ്കിലും നല്ലൊരു കാഴ്ച അനുവമായി മാറാന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 'സിനിമാജിക്കി'-ല്‍ നിന്ന് ഇനിയും കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകട്ടെ എന്നും, മുഖ്യധാര സിനിമകള്‍ക്ക്‌ തുല്യമായ ഒരു വിതരണ പ്രദര്‍ശന സംവിധാനം ഇങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും ആശംസിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് എന്‍റെ എല്ലാ ഭാവുകങ്ങളും പിന്തുണയും നേരുന്നു...ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍


Related Posts:

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ഷോര്‍ട്ട് ഫിലിം: "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്"

 മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

 സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ...... 8 അഭിപ്രായങ്ങൾ:

 1. ബെര്‍ളി തോമസിന്റെ പോസ്റ്റ്‌ കാണുമ്പോഴാണ് ഈ കാര്യം അറിയുന്നത്. തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംരഭമായ സിനി മാജിക്കിന്റെ 'ഇനിയോമൊരു മഴയായ്' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് രാവിലെ കൈരളി തീയേറ്ററില്‍ വെച്ച് നടക്കുന്നു എന്ന കാര്യം, അതും പ്രവേശനം സൌജന്യം. അവിടെ ചെല്ലാനും പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു. മലയാള ചലച്ചിത്ര ലോകത്ത് ഒരു വിപ്ലവം തന്നെയാണ് ഇന്ന് കൈരളി തീയേറ്ററില്‍ നടന്നത് എന്ന് ഞാന്‍ കരുതുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ജനങ്ങള്‍ അവാര്‍ഡ്‌ പടം കാണാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നത് വാസ്തവം ആണ്, രണ്ടര മണിക്കൂര്‍ തീയെട്ടെരില്‍ പോയി മൂഡ്‌ ഔട്ട്‌ ആയി ഇരിക്കാന്‍ ആര്‍ക്കും താല്പര്യമില്ല, അപ്പൊ ഇത് പോലുള്ള കാലത്ത് വേണ്ടത് നല്ല തിരക്കഥയുടെ പിന്ബലമാണ്.

  മറുപടിഇല്ലാതാക്കൂ
 3. നല്ല പടം കണ്ടിരിക്കാന്‍ പറ്റുന്നതും ആകണം എങ്കില്‍ ജനം സ്വീകരിക്കും എന്തേ അതെന്നെ..

  മറുപടിഇല്ലാതാക്കൂ
 4. കഴിവുള്ള സംവിധായകരും നടീനടന്മാരും നമുക്കുണ്ട് പക്ഷെ നല്ല കഥകളുടയും തിരക്കഥകളുടയും അഭാവം തീര്‍ത്തും പ്രകടമാണ് ...

  മറുപടിഇല്ലാതാക്കൂ
 5. നല്ല ചിത്രങ്ങള്‍ വരട്ടെ
  ഇന്ന് മലയാള സിനിമയും മറ്റുഭാഷകളിലേത് കണ്ട് വെറും പണം വാരാന്‍ മാത്രമുള്ള ഒരു മേഖലയായി മാറിയിടുണ്ട്, നടന്മാരും നടിമാരും പണം വാരാന്‍ മാത്രം ഉറങ്ങുന്നവരാണ്, നല്ല പടം ചെയ്യാന്‍ ആരും മിന്നേട് വരുനില്ല, അതിന് തയ്യാറായ സലീകുമാറിനെ നാം അഭിനന്ദിക്കുക തന്നെ ചെയ്യണം...

  ഈ ചിത്രത്തിനും ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ചിത്രത്തിന്റെ പൂര്‍ണ പതിപ്പ് ഉടന്‍ യു ട്യൂപ് വഴി പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്നതാണ്.

  കൂട്ടായ്മയുടെ കരുത്തില്‍ 'ഇനിയുമൊരു മഴയായ്' സ്ക്രീനിലെത്തി
  http://www.cinemajalakam.in/2011/09/iniyumoru-mazhayi-preview-report.html

  മറുപടിഇല്ലാതാക്കൂ
 7. The Mallucritic Review

  http://www.mallucritic.com/film-reviews/iniyumoru-mazhayayi-3

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....