ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്

അനന്തമജ്ഞാതമവര്‍ണ്ണനീയം,
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം;
അതിന്റെയെങ്ങാണ്ടൊരിടത്തിരുന്ന്‍,  
നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു...

മനുഷ്യചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പരീക്ഷണ ഉപകരണമാണ് ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡര്‍ (LHC) എന്ന കണികാത്വരകം. പ്രോട്ടോണ്‍ പോലുള്ള സൂക്ഷ്മകണങ്ങളെ കൂട്ടിയിടിപ്പിച്ച് പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളെ സിമുലെട്റ്റ് ചെയ്യുക എന്നതാണ് ആത്യന്തികമായി ഈ ഉപകരണത്തിന്റെ ലക്‌ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭൌതികശാസ്ത്രത്തിന്റേയും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെയും വളര്‍ച്ച കണികാത്വരകങ്ങളുടെയും ദൂരദര്‍ശിനികളുടെയും വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം. ദൂരദര്‍ശിനികള്‍ സ്ഥൂല പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിപ്പിച്ചപ്പോള്‍ കണികാത്വരകങ്ങള്‍ സൂക്ഷ്മ പ്രപഞ്ചത്തെയും, പിണ്ഡത്തിന്റേയും(mass) ഊര്‍ജ്ജത്തിന്റേയും(enegy) അടിസ്ഥാന കണങ്ങളെയും (elementary particles) കൂടുതല്‍ അടുത്തറിയാന്‍ നമ്മെ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൌതികശാസ്ത്രത്തിന്റെ വന്‍കുതിച്ചുചാട്ടം ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡര്‍ പോലൊരു ഉപകരണത്തിന്റെ ആവശ്യകതയിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു. അതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യശക്തി ഒന്നിച്ചപ്പോള്‍ അതു സാധ്യമായി. ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡറില്‍ ന്യൂട്രിനോകള്‍ പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു എന്ന നിരീക്ഷണം സംശയാതീതമായി തെളിക്കപ്പെടുകയാണെങ്കില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളില്‍ ഒന്നായിരിക്കും അത്. കാരണം പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്‍റെ വളര്‍ച്ചയില്‍ പ്രകാശത്തിനും അതിന്റെ വേഗത്തിനും ഉള്ള സ്ഥാനം വളരെ വലുതാണ്‌.


പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ അറിയുന്നതിനുള്ള പോരാട്ടത്തിനെ നമുക്ക് മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം.


ഒന്ന്) ന്യൂട്ടന് മുന്‍പുള്ള കാലം (Pre-Newton Era). ഗലീലിയോക്കും കോപ്പര്‍ നിക്കസ്സിനും മറ്റും സമൂഹത്തില്‍ സ്വീകാര്യത കിട്ടുന്നതിനു മുന്‍പുള്ള കാലം എന്നും പറയാം. തീര്‍ച്ചയായും മതങ്ങള്‍ ശാസ്ത്രബോധത്തെ അടിച്ചമര്‍ത്തിയിരുന്ന  കാലം.


രണ്ട്) ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ കാലം (Post Newton Era). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭൌതികശാസ്ത്രത്തെ ഭരിച്ചിരുന്നത് ന്യൂട്ടോണിയന്‍ മെക്കാനിക്ക്സ് ആയിരുന്നു.


മൂന്ന്) ഐന്‍സ്ടീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം മെക്കാനിക്സിന്റെയും കാലം (Relativity and Quantum Mechanics Era). ഇരുപതാം നൂറ്റാണ്ടിറെ തുടക്കം മുതല്‍ (കൃത്യമായി പറഞ്ഞാല്‍ 1905 മുതല്‍) ന്യൂട്രിനോ പരീക്ഷണം ശരിയാണെങ്കില്‍ ഒരു പക്ഷെ 2011 വരെ...


വിപ്ലവകരമായ ഒരു കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്ര ചരിത്രത്തെ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമമാണ് ഇത്. വിസ്താരഭയത്താല്‍ മൂന്ന് ഭാഗമായിട്ടാണ് ഇതെഴുതുന്നത്.

ഒന്ന്‍) ന്യൂട്ടന്  മുന്‍പുള്ള കാലം (Pre-Newton Era)

ആര്യഭടന്‍ , വരാഹമിഹിരന്‍ തുടങ്ങിയ ശാസ്ത്രകാരന്മാരിലൂടെ ഭാരതവും ഗ്രീസിനെപ്പോലുള്ള രാജ്യങ്ങളോടൊപ്പം പ്രപഞ്ചവിജ്ഞാനത്തിന്റെ ആദ്യ ചുവടുകള്‍ വെച്ചു. എന്നാല്‍ പിന്നീട് ഇതു കാര്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ നൂറ്റാണ്ടുകളോളം മനുഷ്യകുലത്തിനു കഴിഞ്ഞില്ല. അന്ധകാരയുഗം എന്ന പേര് അന്വര്‍ത്ഥമാക്കിയ, ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് വിശ്വസിക്കപ്പെട്ട കാലം. പല ശാസ്ത്രശാഖകളും മെല്ലെയെങ്കിലും മുന്നോട്ടു പോയപ്പോഴും ജ്യോതിശാസ്ത്രവും, അതിലുപരി ഭൌതികശാസ്ത്രം തന്നെയും വളര്‍ച്ച മുരടിച്ചു നിന്ന കാലം. ഇതിനു പ്രധാന കാരണക്കാര്‍ കത്തോലിക്കാ സഭ പോലുള്ള യാഥാസ്ഥിത വര്‍ഗ്ഗം തന്നെയാണ്. പരന്ന ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രവും, മനുഷ്യന്‍ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തരമായ വര്‍ഗ്ഗവും എന്ന് കരുതപ്പെട്ടിരുന്ന കാലം. ഇതു തെറ്റാണെന്ന് തെളിയിച്ച ശാസ്ത്രകാരന്മാര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു; ഗലീലിയോ വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടു. എങ്കിലും ഭൂമി കറങ്ങിക്കൊണ്ട് തന്നെയിരുന്നു. ജ്യോതിശാസ്ത്രത്തിന് ആദ്യകാലത്ത് കനപ്പെട്ട സംഭാവന ഇന്ത്യയിലാകട്ടെ അപ്പോഴേക്കും ജ്യോതിശാസ്ത്രം ജ്യോതിഷത്തിനും, ശാസ്ത്രബോധം അന്ധവിശ്വാസത്തിനും വഴിമാറിയിരുന്നു. സവര്‍ണ്ണമേലാളന്മാരുടെ  ആര്‍ഷഭാരത കെട്ടുകഥകളില്‍ നാം നമ്മെ സ്വയം തളച്ചിട്ടു. ലോകം ഏറെ മുന്നോട്ടു പോയി; നാം ഇപ്പോഴും ഒരു പരിധി വരെ ആ തളച്ചിടപ്പെടലും ആസ്വദിച്ചു കഴിയുന്നു...വാനനിരീക്ഷണത്തിനായി ഗലീലിയോ ദൂരദര്‍ശിനി ഉപയോഗിച്ചത് ശാസ്ത്രചരിത്രത്തിലെ എക്കാലത്തെയും വലിയ കുതിച്ചുചാട്ടമായിരുന്നു. മനുഷ്യജീവികളെ കണ്ണുകളുടെ ദൃശ്യപരിധിയെന്ന പൊട്ടക്കുളത്തില്‍ നിന്നും പുറത്തുകൊണ്ടുവന്ന ചരിത്രവിപ്ലവം. ദൂരദര്‍ശിനി കണ്ടുപിടിച്ചത് ഗലീലിയോ അല്ലെങ്കില്‍ കൂടി അതിന്റെ സാധ്യതകള്‍ മനസിലാക്കുകയും, ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും, അതിന്റെ പേരില്‍ മരണം വരെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തു എന്നിടത്താണ് ഗലീലിയോയുടെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് 'ആധുനിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി സൂര്യനെ ചുറ്റുകയാനെന്നും ഉള്ള ചരിത്രപരമായ കണ്ടുപിടിത്തത്തിന്റെ അവകാശി പക്ഷെ കോപ്പര്‍ നിക്കസ് ആണ്. ശാസ്ത്ര ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ കണ്ടുപിടിത്തം. ഇത് ജനസമക്ഷം തെളിയിക്കുക എന്നതായിരുന്നു ഗലീലിയോ ഏറ്റെടുത്ത ശ്രമകരമായ ദൗത്യം. ഇത് തെളിയിക്കുക മാത്രമല്ല, സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളേയും എന്തിനേറെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെപ്പോലും അദ്ദേഹം ജനങ്ങള്‍ക്ക്‌ കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകളില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്നത് ഇത് തന്നെയാണ്. എന്നാല്‍ കത്തോലിക്ക സഭ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയും പറഞ്ഞത് തിരുത്തിപ്പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഒടുവില്‍ പൊതുസമക്ഷം  ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നദ്ദേഹം ഏറ്റു പറഞ്ഞു. എന്നാലോടുവില്‍ ആരും കേള്‍ക്കാതെ ഇങ്ങനെ പതുക്കെ പറഞ്ഞു, 'എങ്കിലും ഭൂമി കറങ്ങിക്കൊണ്ട് തന്നെയിരിക്കുന്നു'. ശാസ്ത്രമെന്ന സത്യത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ഒടുവില്‍ ശരിയാണെന്ന് തെളിയിക്കപ്പെടുക തന്നെ ചെയ്തു.
          
ഈ കാലഘട്ടത്തെക്കുറിച്ചു പറയുമ്പോള്‍ ഗലീലിയോക്കൊപ്പം പ്രാധാന്യമുള്ള വ്യക്തിത്വമാണ് കേപ്ലറുടെത്. പ്ലസ്‌ ടു-പ്രീഡിഗ്രീ തലത്തില്‍ ശാസ്ത്രം പഠിച്ചവരിലാരും അദ്ദേഹത്തിന്റെ ഗ്രഹങ്ങളുടെ ചലനം സംബന്ധിച്ച നിയമങ്ങള്‍ പഠിക്കാതിരുന്നിട്ടുണ്ടാവില്ല. മറ്റൊരു പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടെക്കോ ബ്രഹോയുടെ സഹായിയായാണ് അദ്ദേഹം തന്റെ ശാസ്ത്ര ജീവിതം ആരംഭിച്ചത്. സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനത്തെ സംബന്ധിച്ച മൂന്ന് നിയമങ്ങളാണ്  
(Kepler's laws of planetary motion ) അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ആദ്യമായി ആകാശഗോളങ്ങളുടെ ചലനത്തെക്കുറിച്ച് ഗണിതശാസ്ത്രത്തില്‍ അധിഷ്ടിതമായ ഒരു മാതൃക മുന്നോട്ടു വെച്ചു എന്നതാണ് അദ്ദേഹത്തിന്റെ നിയമങ്ങളുടെ ചരിത്രപരമായ പ്രാധാന്യം. ഈ നിയമങ്ങളാണ് വാസ്തവത്തില്‍ ഗുരുത്വാകര്‍ഷണ നിയമങ്ങളും ചലന നിയമങ്ങളും രൂപീകരിക്കുന്നതില്‍ ന്യൂട്ടന് പ്രചോദനമായത്. ആര്യഭടനിലും അരിസ്റ്റോട്ടിലിലും പ്ലാറ്റൊയിലും  തുടങ്ങി നൂറു കണക്കിന് ശാസ്ത്രകാരന്മാര്‍ ജീവിതം സമര്‍പ്പിച്ചു നേടിയ ജ്ഞാനമാണ് ന്യൂട്ടോണിയന്‍ മെക്കാനിക്സ് എത്തിച്ചേരാന്‍ ന്യൂട്ടനെ സഹായിച്ചത്. ആ മഹാപ്രതിഭയ്ക്ക് വേണ്ട ഫലഭൂയിഷ്ടമായ മണ്ണൊരുക്കുകയായിരുന്നു ഇവരെന്ന് പറയാം. തന്റെ മുന്‍ഗാമികളുടെ തലയില്‍ ചവിട്ടി നിന്നാണ് കൂടുതല്‍ ദൂരങ്ങള്‍ കാണാന്‍  ഒരു ശാസ്ത്രാന്വേഷിയും പ്രാപ്തനാകുന്നത്.


ഈ കാലഘട്ടത്തില്‍ ഭൌതികശാസ്ത്രകാരനാകുക എന്നത് ഒരു ജീവന്മരണ പോരാട്ടമായിരുന്നു എന്ന് കാണുമ്പോള്‍ കൂടിയാണ് അവരുടെ സംഭാവനയുടെ വലിപ്പം നമുക്ക് മനസിലാവുക. ഇങ്ങനെ കുറെയേറെ പേരുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും  ചോരയുടെയും പ്രതിഫലമത്രെ നാമിന്നു അനുഭവിക്കുന്ന ജീവിതസുഖളെല്ലാം. ദൌര്‍ഭാഗ്യവശാല്‍ അവരെപ്പറ്റിയെല്ലാം പറയുക സാധ്യമല്ല. അതിനാല്‍ നമ്മുടെ വിഷയത്തില്‍ ഏറ്റവും പ്രസക്തമായത് എന്നെനിക്കു തോന്നിയ ചിലത് മാത്രമേ ഇവിടെ സൂചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1642 എന്ന ഗലീലിയോ മരിച്ച വര്‍ഷമാണ്‌ ന്യൂട്ടന്‍ ജനിച്ചത്‌ എന്നത് ചരിത്രത്തിലെ ഒരു യാദൃശ്ചികത ആകാം. ന്യൂട്ടന്റെ കാലത്തെക്കുറിച്ച്, ന്യൂട്ടോണിയന്‍ മെക്കാനിക്സിനെക്കുറിച്ച്, അതുയര്‍ത്തിയ ശാസ്ത്ര വിപ്ലവത്തെക്കുറിച്ച് അടുത്ത ഭാഗത്തില്‍...
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
പ്രപഞ്ച രേഖ - എം.പി. പരമേശ്വരന്‍
ഒന്ന്, രണ്ട്, മൂന്ന്... അനന്തം - ജോര്‍ജ്ജ് ഗാമോ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി
വിക്കിപ്പീഡിയ
ഗൂഗിള്‍
ഹരിസാര്‍, ബിലഹരിസാര്‍ 
പിന്നെ എന്‍റെ എല്ലാ അദ്ധ്യാപകര്‍ക്കും...

ശാസ്ത്രം ചരിത്രസന്ധിയില്‍ - രണ്ട്: ന്യൂട്ടന്റെ കാലം, മാക്സ് വെല്ലിന്റെയും... 

ചൊവ്വാഴ്ച, സെപ്റ്റംബർ 27, 2011

Preventing Child abuse

കൊച്ചുകുട്ടികൾ ഉള്ള മാതാപിതാക്കൾ അവശ്യം കണ്ടിരിക്കേണ്ടതും,
അവരുടെ കുട്ടികളെ കാണിക്കേണ്ടതും,
മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിക്കേണ്ടതുമായ വീഡിയോ.

കൊച്ചുകുട്ടികൾ വരെ പീഢിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഒരു മുൻ‌കരുതൽ....


 

http://www.youtube.com/watch?v=6aH8Rwax09A
ഷെയര്‍ ചെയ്ത നിരക്ഷരന്‍ മനോജ്‌ രവീന്ദ്രന് നന്ദി....

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം....

 

ബെര്‍ളി തോമസിന്റെ പോസ്റ്റ്‌ കാണുമ്പോഴാണ് ഈ കാര്യം അറിയുന്നത്. തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംരഭമായ സിനി മാജിക്കിന്റെ  'ഇനിയോമൊരു മഴയായ്'  എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് രാവിലെ കൈരളി തീയേറ്ററില്‍ വെച്ച് നടക്കുന്നു എന്ന കാര്യം, അതും പ്രവേശനം സൌജന്യം. അവിടെ ചെല്ലാനും പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു. മലയാള ചലച്ചിത്ര ലോകത്ത് ഒരു വിപ്ലവം തന്നെയാണ് ഇന്ന് കൈരളി തീയേറ്ററില്‍ നടന്നത് എന്ന് ഞാന്‍ കരുതുന്നു.

കലാരൂപം എന്നതിലുപരി ഒരു ബിസിനസ്‌ മാത്രമായി സിനിമ മാറിക്കൊണ്ടിരിക്കുന്ന ഒരു ദുഖകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പണം മാത്രം ലക്ഷ്യമാക്കി ഫോര്‍മുലകള്‍ തട്ടിക്കൂട്ടുന്ന എണ്ണത്തില്‍ കുറവല്ലാത്ത സിനിമാ പ്രവര്‍ത്തകര്‍ മലയാള സിനിമക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഇങ്ങനെയുള്ളവര്‍ തീയേറ്റര്‍ കയ്യടക്കുംപോള്‍ വീട്ടിലേക്കുള്ള വഴിയും ടി.ഡി ദാസനും മകരമഞ്ഞും തീയറ്റര്‍ കിട്ടാതെ ബുദ്ധിമുട്ടുന്നു, പലപ്പോഴും ഹതാശരായി രംഗം വിടുന്നു. ഇതു എല്ലാക്കാലവും ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രവണതയ്ക്ക് ഇപ്പോഴത്തെ പോലെ തീവ്രത മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. 'അമ്മ അറിയാനിലൂടെ' ജോണും കൂട്ടരും തുടങ്ങിവെച്ച വിപ്ലവം നമുക്ക് നഷ്ടമാകുന്നു എന്ന തോന്നല്‍ ശക്തമാകുമ്പോഴാണ്  ഇന്റര്‍നെറ്റിന്റെയും മറ്റും സാധ്യതകള്‍ ഉപയോഗിച്ച് യുവത്വം ആ വിപ്ലവത്തിന് ഒരു തുടര്‍ച്ച നല്‍കുന്നത്.

വിക്കിപ്പീഡിയയും ലിനക്സും ഒക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഒന്ന് തന്നെയാണ്; ലാഭേച്ഛ ഇല്ലാത്ത സേവനം. ഒരുപാട് പേര്‍ പ്രതിഫലം വാങ്ങാതെ ചെയ്യുന്ന അദ്ധ്വാനമാണ് സൗജന്യമായി ഇവ ഉപയോഗിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്‌. അതേ പാതയില്‍ തന്നെ ഒരു സമാന്തര ചലച്ചിത്ര സംസ്കാരവും നമ്മുടെ ഇടയില്‍ ഉയര്‍ന്നു വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. വന്‍ സാമ്പത്തിക അടിത്തറ ഉള്ളവര്‍ക്ക് മാത്രം സാധ്യമാകുമായിരുന്ന സിനിമാ നിര്‍മ്മാണവും പ്രദര്‍ശനവും ഇന്റര്‍നെറ്റിന്റെയും യുട്യൂവിന്റെയും വരവോടെ കലാശേഷിയുള്ള, അത്യാവശ്യം സാങ്കേതികജ്ഞാനം ഉള്ള  ആര്‍ക്കും സാധ്യമായ ഒന്നായി മാറി. ചലച്ചിത്ര മേഖല കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു എന്ന് പറയുന്നതാകും ശരി. ഈ അവസരം ഉപയോഗിച്ച് ധാരാളം കലാകാരന്മാര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരാന്‍ തുടങ്ങി. പണത്തെക്കാളുപരി  സിനിമയോടുള്ള ഇഷ്ടവും, കലാവാസനയുമാണ് അവരെ മുന്നോട്ടു നയിച്ചത്. ഇത്തരത്തിലുള്ള രണ്ട് നല്ല ഹ്രസ്വചിത്രങ്ങള്‍ ഈ ബ്ലോഗില്‍ പരിചയപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട് (സ്റ്റോറി ബോര്‍ഡ്'ഫ്രൈഡേ'). ഇത്തവണ ഒരു പടി കൂടി കടന്ന് കൈരളി തീയേറ്ററില്‍ ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ 'ഇനിയൊരു മഴയായ്' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രവേശനം സൗജന്യമായിരുന്നു. ബെര്‍ളി ആശാന്റെ പോസ്റ്റിലൂടെയാണ് ഞാന്‍ സംഭവം അറിയുന്നത്. അദ്ദേഹത്തിനു ഒരു കടപ്പാട് പടം തുടങ്ങുന്നതിനു മുന്‍പ് അവര്‍ നല്‍കിയിരുന്നു, നല്ല കാര്യം. ഞാന്‍ കോളേജില്‍ പഠിച്ച അതേ കാലയളവില്‍ മാര്‍ ബസേലിയോസില്‍ പഠിച്ച ജിഷ്ണു ശ്രീകണ്ഠന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍ . ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്.

ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ചെയ്ത ശ്രമം എന്ന പരിഗണ വെച്ചുകൂടി വേണം ഇങ്ങനെയുള്ള ചിത്രങ്ങള്‍ കാണേണ്ടത് എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. അവധി ദിവസങ്ങളിലും മറ്റുമായി നാല് മാസം കൊണ്ടാണ് അവര്‍ ഇതു പൂര്‍ത്തിയാക്കിയത്. പുതുമുഖങ്ങളുടെതായ ഒരു ശ്രമം എന്ന് പരിഗണിക്കുമ്പോള്‍ വളരെ നല്ല ശ്രമമാണ് അവര്‍ നടത്തിരിക്കുന്നത്. ആദ്യഭാഗത്ത്‌ ഉണ്ടായ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ സാങ്കേതികമായി മെച്ചപ്പെട്ട നിലവാരം പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. സുനീത്, അനന്ദു, ഏയ്‌ഞ്ജല്‍, ഐശ്വര്യാ എന്നിവര്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഇവരെ നേരിട്ട് തന്നെ അഭിനന്ദനം അറിയിക്കാന്‍ സാധിച്ചു. അനാവശ്യമായ ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ഒതുങ്ങിയ കഥപറച്ചില്‍ നന്നായി. ചില ഇടങ്ങളില്‍ ഒഴിച്ച് ക്യാമറ വര്‍ക്കും നന്നായിരുന്നു. ബിഗ്‌ സ്ക്രീനില്‍ അരമണിക്കൂര്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സംവിധായകന് അഭിമാനിക്കാവുന്ന ഒന്നാണ്.


എന്നാല്‍ ചിത്രത്തെ പ്രമേയപരമായി കാണുമ്പോള്‍ ചില വിമര്‍ശങ്ങള്‍ ഉന്നയിക്കാതെ തരമില്ല. പേര് സൂചിപ്പിക്കുന്നത് പോലെ മഴ ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇതെത്രയോ വര്‍ഷങ്ങളായി നമ്മുടെ സിനിമയില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ബ്ലെസ്സിയുടെ 'പ്രണയത്തെ'പ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ പ്രതീഷ് പ്രകാശ് തമാശയായി പറഞ്ഞത് പോലെ പ്രതീകമായി  ഇങ്ങനെ മഴയെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനു പകരം വല്ല ബാത്ത്റൂമില്‍ ഫ്ലഷ് ചെയ്യുന്നതോ മറ്റോ കാണിക്കേണ്ട കാലം കഴിഞ്ഞു. സമാന്തര സിനിമയുടെ പ്രത്യേകത അതു സമൂഹത്തെ വേറിട്ട ഒരു ആങ്കിളില്‍ കാണുന്നു എന്നുള്ളതാണ്. ഇവിടെ അതുണ്ടായോ എന്നത് സംശയമാണ്. വര്‍ഷങ്ങളായി നാം കണ്ടു ശീലിച്ച ആഖ്യാന രീതി ഒഴിവാക്കാമായിരുന്നു. ഒരു സമാന്തര സിനിമ നല്‍കുന്ന സാധ്യതകളെ ഇവിടെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയോ എന്നെനിക്കു സംശയമുണ്ട്‌. ഇങ്ങനെ ചില കുറവുകള്‍ കാണാന്‍ കഴിയുമെങ്കിലും നല്ലൊരു കാഴ്ച അനുവമായി മാറാന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 'സിനിമാജിക്കി'-ല്‍ നിന്ന് ഇനിയും കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകട്ടെ എന്നും, മുഖ്യധാര സിനിമകള്‍ക്ക്‌ തുല്യമായ ഒരു വിതരണ പ്രദര്‍ശന സംവിധാനം ഇങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും ആശംസിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് എന്‍റെ എല്ലാ ഭാവുകങ്ങളും പിന്തുണയും നേരുന്നു...ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍


Related Posts:

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ഷോര്‍ട്ട് ഫിലിം: "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്"

 മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

 സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ...... ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2011

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും

 ‘‘നമ്മള്‍ പെണ്ണുങ്ങളല്ലേ’’ എന്ന് ലജ്ജിക്കുന്ന നമ്മുടെ പെണ്ണുങ്ങളും, ‘‘അവര് പെണ്ണുങ്ങളല്ലേ’’ എന്ന് പുച്ഛിക്കുന്ന ആണുങ്ങളും ...
- പെണ്ണിര (സിന്ധു ഷെല്ലി)
കോളേജില്‍ എന്‍റെ ജൂനിയര്‍ ആയി പഠിച്ച ദേവനും കൂട്ടുകാരും ചേര്‍ന്നെടുത്ത രണ്ടാമത്തെ ഹ്രസ്വചിത്രം ആയ  'സ്റ്റോറി ബോര്‍ഡ്‌'  കാണുവാനിടയായി. അവരുടെ ആദ്യചിത്രം 'ഫ്രൈഡേ' ഇവിടെ കാണാം. ഈ ചിത്രം എന്നില്‍ ഉണര്‍ത്തിയ ചില ചിന്തകളാണ് ഈ കുറുപ്പിന് ആധാരം. ഒന്നാമതായി, ദൃശ്യകലാരംഗത്തേയ്ക്ക് പ്രത്യേകിച്ച് സിനിമാ-സീരിയല്‍ രംഗത്തേയ്ക്ക് കടന്നു വരുന്ന പെണ്‍കുട്ടികള്‍ ഈ കാലത്തും സമൂഹത്തില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍. രണ്ട്, ജനപ്രിയ സിനിമകളുടെ മുഖമുദ്രയായ സ്ത്രീ വിരുദ്ധത. മൂന്ന്, ഈ വിഷയങ്ങളില്‍ സമൂഹത്തിന്റെ പോതുബോധത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അബൂബക്കറിനെപ്പോലുള്ളവരെ സമൂഹം നേരിടുന്ന രീതി. ആദ്യം ചിത്രം കാണുക. 
ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്ത ശ്രമം എന്ന പരിഗണ വെച്ചുകൂടി വേണം ഈ ചിത്രം കാണേണ്ടത് എന്ന് ഞാന്‍ കരുതുന്നു. ഒരു യുവാവ് പ്രണയം പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം എടുക്കാന്‍ ഒരുങ്ങുകയും എന്നാല്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടാത്തതുമൂലം അതു ഉപേക്ഷിക്കേണ്ടി വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഒടുവില്‍ സംവിധായകന്‍ സ്വയം പ്രത്യക്ഷപ്പെട്ട് ഇതു ചിത്രത്തിന്റെ സംവിധായകന്റെ തന്നെ  അനുഭവമാണ് എന്ന് പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കുകവഴി പ്രമേയത്തെ കൂടുതല്‍ ആഴത്തില്‍ പ്രേക്ഷകന്റെ മനസ്സില്‍ പതിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 'അതിനിനു കണ്ടവളുടെ കാലു പിടിക്കണ്ടേ' മാതിരി മോശം ഡയലോഗുകള്‍ ഉണ്ടെങ്കിലും ഈ ചിത്രം സ്ത്രീപക്ഷത്ത്‌ നില്‍ക്കുന്ന ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. അതിനു പ്രധാന കാരണം പല മുഖ്യധാരാ ചിത്രങ്ങളെയും പോലെ സ്ത്രീകളെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതിനു പകരം സ്ത്രീകഥാപാത്രങ്ങള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരം നല്‍കുകയും അതുവഴി സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയിലേക്ക് ഒരു ചൂണ്ടുപലക ആകാന്‍ ചിത്രത്തിന് കഴിയുകയും ചെയ്യുന്നു എന്നുള്ളതാണ്. മൂന്ന്‍ പെണ്കുട്ടികളെയാണ്  ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സംവിധായകനും കൂട്ടരും സമീപിക്കുന്നത്. അതില്‍ ആദ്യത്തെ കുട്ടി അഭിനയിക്കാനുള്ള തന്റെ താല്പര്യമില്ലായ്മ സംവിധായകനെ അറിയിക്കുന്നു. എന്നാല്‍ മറ്റു രണ്ടുപേരും തങ്ങള്‍ക്കു അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കില്ല (അഥവാ നാട്ടുകാര്‍ ഓരോന്ന് പറയും) എന്ന ഭയം കൊണ്ട് മാറിനില്‍ക്കുകയാണ്. ഈ കാലത്തും ദൃശ്യകലാരംഗത്തെയ്ക്ക്, പ്രത്യേകിച്ച് സിനിമാ-സീരിയല്‍ രംഗത്തേയ്ക്ക് കടന്നുവരാന്‍ പെണ്‍കുട്ടികള്‍ എന്തെങ്കിലും പേടിക്കാനുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്.

ഈ സാമൂഹ്യബോധത്തിന്റെ നിര്‍മ്മാണത്തില്‍ ജനപ്രിയസിനിമകള്‍ വഹിക്കുന്ന പങ്കും ചെറുതല്ല. 'നീ പെണ്ണായിപ്പോയി, വെറും പെണ്ണ്' എന്ന് പറഞ്ഞു കയ്യടി വാങ്ങുന്നവരാണല്ലോ നമ്മുടെ താരങ്ങള്‍. ജനപ്രിയസിനിമകള്‍ എക്കാലവും അങ്ങനെ തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും രതിച്ചേച്ചിമാര്‍ പാമ്പ് കടിയേറ്റു മരിക്കും; ഒരു തുള്ളി കണ്ണീര്‍ വാര്‍ത്ത് അതു തുടച്ചു കളഞ്ഞശേഷം പപ്പുമാര്‍ പുതിയ ജീവിതത്തിലേയ്ക്ക് നടന്നു കയറും. ത്രികോണ 'പ്രണയത്തിനു' ഒടുവില്‍ രണ്ട് പ്രാവശ്യം അറ്റാക്ക് വന്ന അച്ചുതമെനോനോ, രണ്ട് പ്രാവശ്യം പക്ഷാഘാതം വന്ന മാത്യൂസിനോ ഒന്നും സംഭവിക്കില്ല. എന്നാല്‍ തന്റെ മുന്‍ഭര്‍ത്താവ് തന്നെ തൊടുമ്പോള്‍ പ്രത്യേകിച്ച് രോഗമോന്നുമില്ലാത്ത ഗ്രെയ്സ് മരിച്ചു വീഴും. സാമൂഹ്യ ബോധത്തിന് എതിരായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് മരണമാണ് ശിക്ഷ. ആ സാമോഹ്യബോധം തെറ്റോ ശരിയോ എന്ന പരിശോധന നടത്താതെ അതിനു കീഴടങ്ങുകയാണ് ബ്ലെസ്സിയെപ്പോലുള്ളവര്‍ ചെയ്യുന്നത്. അമ്മയെ പാഞ്ചാലി എന്ന് ആക്ഷേപിക്കുന്ന ആ മകള്‍ക്കൊപ്പം തന്നെയാണ് താനും എന്നല്ലാതെ മറ്റെന്തു സന്ദേശമാണ് ഈ ക്ലൈമാക്സിലൂടെ  സംവിധായകന്‍ നല്‍കുന്നത്. സമൂഹത്തെ വകവെക്കാതെ മാത്യൂസിന്റെ വീല്‍ ചെയറും തള്ളിക്കൊണ്ട് അച്ചുതമേനോനും ഗ്രെയ്സും കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു ചിത്രത്തിന്റെ അന്ത്യം എങ്കില്‍ ലഭിക്കുമായിരുന്ന എല്ലാ സാധ്യതകളെയും സാമ്പ്രദായിക കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെട്ട പൊതു സാമൂഹ്യബോധത്തെ എതിര്‍ക്കാനുള്ള കഴിവില്ലായ്മ മൂലം ബ്ലെസ്സി നശിപ്പിക്കുകയാണ്. അതുതന്നെയാണ് മുഖ്യധാരാ മലയാള സിനിമയുടെ പ്രധാന പ്രശ്നവും.

മുകളില്‍ സൂചിപ്പിച്ചത് പോലെ മുഖ്യധാര ജനപ്രിയ സിനിമകള്‍ സമൂഹത്തില്‍ നിന്ന് വേറിട്ട ഒന്നല്ല. സമൂഹത്തിന്റെ പോതുബോധത്തെയാണ് അതു പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തെക്കുറിച്ചുള്ള പഠനം ജനപ്രിയസിനിമകളുടെ ഇഴപിരിച്ചുള്ള വിശകലനത്തിലൂടെ സാധ്യമാണ്. അതിനുള്ള ശ്രമമാണ് malayal.am-ലൂടെ ബി.അബൂബക്കര്‍ നടത്തുന്നത്. എന്നാല്‍ തങ്ങളുടെ പോതുബോധതെയും സാമാന്യയുക്തിയെയും ചോദ്യം ചെയ്യുന്ന ഒന്നും തങ്ങള്‍ അനുവദിക്കില്ല എന്ന സമൂഹത്തിന്റെ ധാര്‍ഷ്ട്യം ആണ് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് (മനുഷ്യര്‍ ജീവിതകാലം കൊണ്ട് സ്വരൂപിക്കുന്ന മുന്‍വിധികളാണ് സാമാന്യയുക്തി എന്ന് ഐന്‍സ്റീന്‍ പറഞ്ഞത് വെറുതെ അല്ലല്ലോ). അദ്ദേഹത്തെ ആശയപരമായി നേരിടുന്നവര്‍ തീരെ കുറവ്. തന്റെ ഫോണ്‍ നമ്പര്‍ ട്രെയ്നിന്റെ ബാത്ത്റൂമില്‍ എഴുതിയിടും എന്ന് തുടങ്ങി തന്നെ തല്ലുമെടാ, കൊല്ലുമെടാ മാതിരി ഭീഷണികളാണ് അദ്ദേഹത്തിന് സ്ഥിരം കിട്ടിക്കൊണ്ടിരിക്കുന്നത്. അബൂബക്കറിന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പ് ഉള്ളപ്പോള്‍ തന്നെ, അബൂബക്കര്‍ നടത്തുന്ന ശ്രമത്തിനു എല്ലാ പിന്തുണയും ഭാവുകങ്ങളും നേരുന്നു.നമ്മുടെ ഉള്ളില്‍ നാമറിയാതെ ഉറച്ചുപോയ പല ബോധ്യങ്ങളെയും തല്ലിത്തകര്‍ക്കാന്‍ അബൂബക്കര്‍മാര്‍ ഇനിയും ഉണ്ടാവേണ്ടതുണ്ട്. അതു കാലത്തിന്റെ ആവശ്യമാണ്‌.

ഇന്റര്‍നെറ്റ്‌ തുറന്നു തന്നിരിക്കുന്നത് ആശയപ്രകാശനത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനന്ത വിഹാസ്സാണ്. സ്വയം കുറസോവയെന്നു കരുതുന്ന എന്നാല്‍ കാലം ചെന്ന ഒരു സാമൂഹ്യബോധത്തെയും വെല്ലുവിളിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ബ്ലെസ്സിമാരെക്കാള്‍ എനിക്കിഷ്ടം ആരുടേയും താല്പര്യത്തിനു വശംവദരാകാതെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്, വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ
സാമൂഹ്യവിമര്‍ശനത്തിനു കെല്‍പ്പുള്ള പടമെടുക്കുന്ന ദേവന്മാരെയാണ്. ജനക്കൂട്ടത്തിന്റെ സാമൂഹ്യബോധത്തെ ഇക്കിളികൂട്ടി ചിരിപ്പിച്ചു ഹിറ്റ്‌ കൂട്ടുന്ന ബ്ലോഗ്ഗറെക്കാള്‍ എനിക്ക് പ്രിയം സമൂഹത്തില്‍ എന്തെങ്കില്‍ മാറ്റമുണ്ടാക്കാനുള്ള സാധ്യതയെങ്കിലും അവശേഷിപ്പിക്കുന്ന അബൂബക്കര്‍മാരെയാണ്.
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

അദ്ധ്യാപകദിനാശംസകള്‍..!!

  
മാതാപിതാക്കള്‍ രണ്ടുപേരും സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍. സ്വന്തം ഉമ്മയുടെ ക്ലാസിലിരുന്നു പഠിക്കാനും തല്ലുവാങ്ങാനും ഭാഗ്യമുണ്ടായവന്‍ . കുടുംബസുഹൃത്തുക്കള്‍ മിക്കവാറും അദ്ധ്യാപകര്‍. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ  ഇടയില്‍ വളര്‍ന്ന ഈയുള്ളവന് ഇതിലും വലിയൊരു ദിനമുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം നിറച്ചുകൊണ്ട് തങ്ങളുടെ ജീവിതം സാര്‍ത്ഥകമാക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അദ്ധ്യാപകദിനാശംസകള്‍..!!പൊതുവിദ്യാലയങ്ങള്‍ നാടിന്റെ ആവശ്യമാണ്‌. സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍പ്പിച്ചുകൊണ്ട്‌....

 ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

'പ്രണയം'"അലസമായി തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ പ്രണയം കടന്നു വരുന്നു. പറയാന്‍ ബാക്കി വെച്ചതെന്തോ അതാണ്‌ പ്രണയം...."


കാഴ്ചയില്‍ നിന്നും ഭ്രമരത്തിലേയ്ക്കുള്ള ബ്ലെസ്സി സഞ്ചരിച്ച ദൂരം സാധാരണ മലയാള സിനിമാ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം പത്മരാജന് ശേഷം മലയാളികള്‍ക്ക് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയത് പോലെയുള്ള അനുഭവം ആയിരുന്നു  കാഴ്ചയും തന്മാത്രയും. എന്നാല്‍ അതിനുശേഷം വഴിനഷ്ടപ്പെട്ടു പോയ ബ്ലെസ്സിയുടെ ശക്തമായ തിരിച്ചു വരവാണ് 'പ്രണയം'. പ്രേമത്തെക്കുറിച്ച് ധാരാളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രണയം എന്ന വികാരത്തെപ്പറ്റി ഇറങ്ങിയ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്ന്;‌ 'പ്രണയം'.ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന്റെ ആവിഷ്കാരം. ജീവിതത്തോടുള്ള പ്രണയവും സത്യസന്ധതയും കാത്തിരിപ്പും എല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോഹന്‍ലാല്‍ അവതരിപ്പിച്ച ഏറ്റവും നല്ല കഥാപാത്രം. ഇന്ത്യ കണ്ട ഏറ്റവും നല്ല അഭിനേതാക്കളില്‍ പ്രമുഖരായ അനുപം ഖേറിന്റെയും ജയപ്രദയുടെയും മികച്ച പ്രകടനം.  ഇങ്ങനെ പല സവിശേഷതകള്‍ അവകാശപ്പെടാന്‍ കഴിയുന്ന ഒരു ചിത്രമാണിത്. എന്നാല്‍ എല്ലാറ്റിനും മുകളില്‍ ബ്ലെസ്സിയുടെ ഏറ്റവും മികച്ച ചിത്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമായ ചിത്രം. കാഴ്ചയിലും തന്മാത്രയിലും നമ്മെ വിസ്മയിപ്പിച്ച  ബ്ലെസ്സിയെന്ന സംവിധായകന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുന്നത് ശരിക്കും പ്രണയത്തിലൂടെയാണ്. ഒരു നല്ല സംവിധായകനാണെങ്കിലും ഒരു മോശം രചയിതാവ് എന്ന വിശ്വാസം ബ്ലെസ്സിയെപ്പറ്റി ഉണ്ടായിരുന്നു. കല്‍ക്കട്ട ന്യൂസും ഭ്രമരവും ഒക്കെ പാതിവഴിയില്‍ നഷ്ടപ്പെട്ടു പോയതിനു കാരണം ബ്ലെസ്സിയുടെ മോശം തിരക്കഥയായിരുന്നു. എന്നാല്‍ ആ കുറവ് പരിഹരിച്ചു എന്നത് മാത്രമല്ല, മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സംഭാഷണമാണ് ചിത്രത്തിനായി ബ്ലെസ്സി ഒരുക്കിയിരിക്കുന്നത്.

'അങ്ങനെ പുറത്തൊന്നും ഇറങ്ങാന്‍ അവന്‍ സമ്മതിക്കില്ല. പിന്നെ ടി.വിയില്‍ മാച്ചൊക്കെ ഉണ്ടാവുമല്ലോ. അതൊക്കെ കണ്ടിരിക്കും.'

'ഒരു കളിക്കാരന്‍ ഇപ്പോഴും ആരവങ്ങള്‍ക്കു നടുവില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.'

'ആരവങ്ങള്‍ ജയിക്കുന്നവര്‍ക്കല്ലേ. തോല്‍ക്കുന്നവര്‍ക്ക് ആരവങ്ങള്‍ പോലും അവകാശപ്പെടാനില്ല'

'ശരിയാണ്. കഴിഞ്ഞ വേള്‍ഡ്കപ്പില്‍ പരാജയത്തിനു ശേഷം മറഡോണ തലകുനിച്ചു നടന്നകന്നത്‌ ഓര്‍ക്കുന്നു. ആ വലിയ ജനക്കൂട്ടത്തിനു നടുവില്‍ അപ്പോള്‍ അയാള്‍ ശരിക്കും ഒറ്റയ്ക്കായിരുന്നു. Really touching'

'ഞാന്‍ ഒറ്റയ്ക്കല്ല, ഓര്‍മ്മകള്‍ ഒരുപാടുണ്ട് കൂടെ....'


ബ്ലെസ്സിക്ക് അഭിനന്ദനങ്ങള്‍, ഉന്നത നിലവാരത്തിലുള്ള ഒരു സാഹിത്യകൃതിയില്‍ മാത്രം ലഭിക്കുന്ന സംഭാഷണ ശകലങ്ങള്‍ക്ക്. 
ഒരു കാലത്ത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ സവര്‍ണ്ണമേലങ്കിയും പിരിച്ചമീശയുമായി അവതാരമായി ലാല്‍ മാറിയപ്പോള്‍ ആ സ്നേഹം എങ്ങോ നഷ്ടപ്പെട്ടു. പിന്നെ പരദേശിയിലും തന്മാത്രയിലും മറ്റുമായി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലാലില്‍ നിന്നും ഒരുപാട് അകന്നു പോയിരുന്നു. ലാലിന്റെ ജനഹൃദയങ്ങളിലെയ്ക്കുള്ള തിരിച്ചുവരവാവാം ഈ ചിത്രം. അതു ലാലിന്റെ മുന്നൂറാം ചിത്രത്തില്‍ ആയി എന്നത് ഒരു യാദൃശ്ചികതയും ആവാം. 'A very good looking old man is lot better than a not so good looking young man' എന്ന് ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ പ്രഥ്വിരാജ് പറഞ്ഞത് സത്യമാണ്. ലാല്‍ ഈ ചിത്രത്തില്‍ ശരിക്കും സുന്ദരനാണ്. ശരിക്കും ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്. ശരീരത്തിന്റെ വലതുഭാഗം മുഴുവന്‍ തളര്‍ന്നു വീല്‍ ചെയറില്‍ കഴിയുന്ന ഒരു റിട്ടയേഡ് ഫിലോസഫി പ്രൊഫസറുടെ വേഷമാണ് ലാലിന് ചിത്രത്തില്‍. മുഖത്തിന്റെ ഇടതുവശവും ഇടതുകയ്യും മാത്രം ഉപയോഗിച്ചാണ് ലാല്‍ ചിത്രം മുഴുവന്‍ അഭിനയിച്ചിരിക്കുന്നത്. ഗംഭീരം! പിന്നെ ഒരു കാര്യം താരം അല്ലാതെ കഥാപാത്രം മാത്രമായി പൂര്‍ണ്ണമായി മാറാന്‍ അനുപം ഖേറിനെയോ ജയപ്രദയെയോ പോലെ ലാലിന് കഴിഞ്ഞിട്ടില്ല എന്നതാണ്. ഏതു കഥാപാത്രത്തിലും അല്പം 'ലാലിനെ' അവശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ അഭിനയ ശൈലി ആവാം കാരണം. ചിത്രത്തില്‍ ലാലിന്റെ റോള്‍ കുറഞ്ഞു പോയി എന്ന് ചിലരൊക്കെ പരാതിപ്പെടുന്നത് കണ്ടു. ലാലിനെ മാത്രം കാണാനാണെങ്കില്‍ 'ചൈന ടൌണ്‍' മാതിരി ഐറ്റംസ് ഒരുപാട് ഇറങ്ങുന്നില്ലേ. ഫാന്‍സിനായി ആന്റണി പെരുമ്പാവൂര്‍ വക ചവറുകള്‍ ഇനിയും ധാരാളം ഇറങ്ങും, അതു പോരേ? സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല മോഹന്‍ലാല്‍, ഒരു നടനും കൂടിയാണ്.

അനുപം ഖേറും ജയപ്രദയും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പേരും വളരെ നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ അനുപം ഖേറിന്റെ ഡബ്ബിംഗ് അരോചകമായി അനുഭവപ്പെട്ടു. ലിപ് സിങ്ക് തീരെ ശരിയായിരുന്നില്ല. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച ബ്ലെസ്സിക്ക് അതും കൂടി ഒന്ന് ശ്രദ്ധിക്കാമായിരുന്നു. ചിത്രത്തില്‍ ഉടനീളം അഭിനയിച്ചിട്ടുള്ളതുകൊണ്ട് ഡയലോഗ് ഡെലിവറിക്ക് അനുപം ഖേര്‍ നേരിട്ട ബുദ്ധിമുട്ട് മനസിലാക്കാം. അതൊഷിച്ചു തന്റെ വേഷം അനുപം ഖേര്‍ നന്നായി അവതരിപ്പിചിരിക്കുന്നു. അനൂപ്‌ മേനോന്‍ പതിവ് പോലെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. അനുപം ഖേറിന്റെ ചെറുപ്പം അവതരിപ്പിച്ച  ആര്യനും ജയപ്രദയുടെ ചെറുപ്പം അവതരിപ്പിച്ച നിവേദയും നന്നായി ചെയ്തിട്ടുണ്ട്. ഓ .എന്‍ .വി കുറുപ്പിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ മൂന്ന് നല്ല ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ശ്രേയ ഗോഷാല്‍ ആലപിച്ച 'പാട്ടില്‍ ഈ പാട്ടില്‍' ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഡോ: ലിയോണാഡ് കൊനന്റെ ' അയാം യുവര്‍ മാന്‍ ' മോഹന്‍ലാല്‍ നന്നായി ആലപിച്ചിരിക്കുന്നു. സതീഷ്‌ കുറുപ്പിന്റെ ക്യാമറവര്‍ക്കും പ്രശാന്ത് മാധവിന്റെ കലാസംവിധാനവും എടുത്തു പറയേണ്ട സംഗതികളാണ്. ചിത്രത്തിന്റെ ദൃശ്യഭംഗി അനിര്‍വചനീയമാണ്. കടല്‍ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി മാറുന്നു.


താന്‍ സിനിമയെ ഒരു വ്യവസായമായി കാണുന്നില്ല എന്നും അവിടെയാണ് ബ്ലെസ്സി എന്ന സംവിധായകന്റെ പ്രസക്തി എന്നുമാണ് നിര്‍മ്മാതാവ് പി.കെ സജീവും ആന്‍ സജീവും പറയുന്നത്. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന 'പ്രണയം' പോലുള്ള ചിത്രങ്ങള്‍ ടോറെന്റിനെ ആശ്രയിക്കാതെ തീയേറ്ററില്‍ തന്നെ പോയി കാണേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്. എങ്കില്‍ മാത്രമേ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവൂ. തല്ലിപ്പൊളി സിനിമകള്‍ ഹൌസ്ഫുള്‍ ആക്കുന്ന ഫാന്‍സ്‌ ഈ സിനിമയോട് കാണിച്ച അവഗണന അവരുടെ കലാബോധം എത്രമാത്രമെന്നു തെളിയിക്കുന്നു. വളരെക്കാലത്തിനു ശേഷമാണ് മോഹന്‍ലാലിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഒന്നാം ദിനം ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ആവണം രണ്ടാം ദിനം മുതല്‍ സാമാന്യം നല്ല തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശുഭ പ്രതീക്ഷ നല്‍കുന്നു. നിറഞ്ഞ കണ്ണുകളുമായി തീയേറ്റര്‍ വിട്ട എല്ലാ പ്രേക്ഷകര്‍ക്കും അഭിവാദ്യങ്ങള്‍..!!

ജീവിക്കാനറിയാമെങ്കില്‍ ജീവിതം സ്വപ്നത്തേക്കാള്‍ സുന്ദരമാണ്.  

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്: വിക്കിപീഡിയ

 

Related Posts: 

മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും' 

പ്രേക്ഷകര്‍ അറിയുന്നതിന്...

ആദാമിന്റെ മകന്‍ അബു

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......
 

മധുരക്കിനാവിന്‍ ലഹരിയുമായൊരു ഫ്ലാഷ്ബാക്ക്...

2007 -ലെ കോളേജ് ഫെസ്റ്റില്‍ സംഭവിച്ചത്...
ലേബല്‍: ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍