വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

ചാപ്പാ കുരിശ്

റേറ്റിംഗ് : 3.5/5
 
മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു വഴിത്തിരിവാവുമായിരുന്ന എന്നാല്‍ രചനയിലും  സംവിധാനത്തിലും പോസ്റ്റ്‌ പ്രൊഡക്ഷനിലും കാണിച്ച അലസത മൂലം അങ്ങനെ ആകാതെ പോയ ഒരു ചിത്രം. 'ചാപ്പാ കുരിശിനെ' ഒറ്റവാക്ക്യത്തില്‍ അങ്ങനെ പറയാം. മലയാള സിനിമയില്‍ ഇതുവരെ ഇല്ലാത്ത ഒരു പുതിയ ശൈലി പരീക്ഷിച്ച് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു 'ചാപ്പാ കുരിശ്'. മലയാളസിനിമയില്‍ ഇതുവരെ ആരും അഭിസംബോധന ചെയ്യാത്ത ഒരു പ്രശ്നത്തെ, ഇന്നത്തെ യുവത്വം നേരിടുന്ന വലിയൊരു പ്രശ്നത്തെ പ്രമേയമാക്കാനും സംവിധായകന്‍ ധൈര്യം കാണിച്ചു. എന്നാല്‍ അതോടൊപ്പം ശ്രദ്ധിക്കേണ്ടിയിരുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോയി. അത് കൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലും അവര്‍ക്ക് നല്ലൊരു സിനിമാ അനുഭവം നല്‍കുന്നതിലും സംവിധായകന്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും സ്വാധീനിക്കുക യുവാക്കളെയാണ്. ഇന്നത്തെ യുവാക്കളില്‍ ഭൂരിഭാഗവും നെറ്റിസണ്‍സ് ആണ്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. അതിന്റെ നല്ല വശങ്ങള്‍ 'ബൂലോക'ത്തില്‍ വളരെ പ്രകടമാണ്. എന്നാല്‍ അതിന്റെ ദൂഷ്യവശങ്ങള്‍ ഒരു വലിയ വിപത്തായി മാറിക്കഴിഞ്ഞു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല.ഇതിനെ പ്രമേയമാക്കി 'മമ്മി ആന്‍ഡ്‌ മി' പോലെ ചില ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭീകരതയും ഇത് തകര്‍ക്കുന്ന ജീവിതങ്ങളും ഇത്ര തീവ്രമായി ചിത്രീകരിച്ച ഒരു ചിത്രം 'ചാപ്പാ കുരിശി'നു മുന്‍പ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മറ്റൊരു കാര്യം വിദേശചിത്രങ്ങളില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച ചിത്രത്തിന്റെ ആഖ്യാന ശൈലിയും സാങ്കേതിക മികവുമാണ്. ക്യാമറ വര്‍ക്കും ചില രംഗങ്ങളും ലോകനിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ ചിത്രത്തിലുടനീളം ഇത് നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. രംഗങ്ങളുടെ ചടുലതയുടെ പേരില്‍ പേരും പലപ്പോഴും പഴിയും, പ്രധാനമായും ഷാജി കൈലാസ് ചിത്രങ്ങളില്‍, കേട്ട ഡോണ്‍ മാക്സ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എഡിറ്റര്‍ വിചാരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ചിത്രം വളരെ നന്നായേനെ എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായി. കത്രിക വെക്കേണ്ടിയിരുന്ന അനാവശ്യമായ വലിച്ചു നീട്ടലുകള്‍ ആണ് ശരിക്കും ചിത്രത്തിന്റെ ശോഭ കെടുത്തിയത്.


കൊച്ചി ഭാഗത്ത്‌ നാണയത്തിന്റെ ഇരു വശങ്ങളെയും ചാപ്പയും കുരിശും എന്നാണ് വിളിക്കാറ്. ശരിക്കും നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ് അര്‍ജുന്റെയും (ഫഹദ് ഫാസില്‍) അന്‍സാരിയുടെയും (വിനീത് ശ്രീനിവാസന്‍) ജീവിതങ്ങള്‍. ജീവിതത്തിന്റെ രണ്ടു വിരുദ്ധ ധ്രുവങ്ങളാണ് രണ്ടു പേരും. അര്‍ജുന്‍ കൊച്ചി നഗരത്തില്‍ എല്ലാ സൌഭാഗ്യങ്ങളോടും(ഒരുപാട് കാശുള്ളവരൊക്കെ  അങ്ങനെയാനെന്നാണല്ലോ വെപ്പ്!) കൂടി കഴിയുന്ന ഒരു ബിസിനസ്സുകാരന്‍. അതിസമ്പത്തിന്റെ അഹങ്കാരം ആവശ്യത്തിലധികം ഉള്ള ഒരു വ്യക്തി. അന്‍സാരി അന്നന്നത്തെ അന്നത്തിനു വഴി തേടി സൂപ്പര്‍വൈസറുടെ ആട്ടും തുപ്പുമേറ്റു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഒരു പാവത്താന്‍. അര്‍ജുന്‍ ഒരേ സമയം പല പെണ്‍കുട്ടികളുമായും ബന്ധം പുലര്‍ത്തുന്നു. അതെല്ലാം ശരീരം മാത്രം ലക്ഷ്യമാക്കിയുള്ള ബന്ധങ്ങളാണ്. അതോടൊപ്പം ആന്‍ (റോമ) പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ഒരുങ്ങുന്നു. എന്നാല്‍ അന്‍സാരിക്കാകട്ടെ അന്‍സാരി ജോലി ചെയ്യന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ത്തന്നെ ജോലി ചെയ്യുന്ന നഫീസയുമായി (നിവേദ, വെറുതെ ഒരു ഭാര്യയില്‍ ജയറാമിന്റെ മകള്‍ ആയി അഭിനയിച്ച കുട്ടി) പരസ്പരം പറയാത്ത ഒരു സുന്ദരമായ നാടന്‍ പ്രണയമാണുള്ളത്. ഇതിനിടയില്‍ അര്‍ജുന്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്ന സോണിയയുമായി ഉള്ള സ്വകാര്യ രംഗങ്ങള്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഈ ക്യാമറ അന്‍സാരിയുടെ കയ്യില്‍ വന്നു ചേരുന്നു. അര്‍ജുന്‍ മൊബൈല്‍ തിരിച്ചു കിട്ടാനായി അന്‍സാരിയെ തിരക്കി നടക്കുന്നു. അന്‍സാരിയാകട്ടെ തന്റെ ജീവിതത്തില്‍ ഉള്ള എല്ലാ ഫ്രസ്ട്രെഷനും തീര്‍ക്കാനുള്ള അവസരമായാണ്‌ ഇതിനെ ഉപയോഗിക്കുന്നത്. എന്നാല്‍ ഒരവസരത്തില്‍ കളി  അന്‍സാരിയുടെ കൈവിട്ടു പോകുന്നു. ഇങ്ങനെയാണ് ചിത്രം വികസിക്കുന്നത്. 

 കൊക്ക്ടെയ്ലിലും കേരള കഫേയിലും പോലെ ഫഹദ് ഫാസില്‍ തകര്‍ത്തു വാരിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ മോശമല്ലാത്ത രീതിയില്‍ അഭിനയിച്ച ആദ്യ ചിത്രം എന്ന് പറയാം! രമ്യയും നിവെദയുമൊക്കെ അവരുടെ ഭാഗം മോശമല്ലാതെ നിര്‍വ്വഹിച്ചു. റോമയ്ക്ക് ചെയ്യാന്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. അമല്‍ നീരദിന്റെ ക്യാമറാമാന്‍ ആയിരുന്നു സമീര്‍ താഹിര്‍ ക്യാമറവര്‍ക്കില്‍ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ഇത് ചിത്രത്തിന് നല്ല രീതിയില്‍ ഗുണം ചെയ്തു. ചിത്രത്തില്‍ അന്‍സാരിയും അര്‍ജുനും തമ്മിലുള്ള തല്ല് ഇതുവരെ മലയാള സിനിമയില്‍ ഉണ്ടാവാത്ത ഒരു ഉഗ്രന്‍ സീനാണ് എന്ന് പറയാതെ വയ്യ. സൂപ്പര്‍ താരങ്ങളുടെ അയഥാര്‍ഥ തല്ലുകള്‍ കണ്ടുശീലിച്ച മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ ഇത് ഒരു പുത്തന്‍ അനുഭവമാണ്. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറി' നു സംഭവിച്ച ഒരു അപാകത ഇതിനും വന്നു എന്നത് ഒരേസമയം ആശ്ച്ചര്യപ്പെടുത്തുകയും ദുഖമുണ്ടാക്കുകയും ചെയ്യുന്നു. അതിന്റെ റിവ്യൂവില്‍ പറഞ്ഞത് പോലെ "സ്ത്രീകളുടെത്  എന്ന് സമൂഹം കല്‍പ്പിച്ചു നല്‍കുന്ന ജോലി ചെയ്യന്ന പുരുഷന്മാരില്‍ ഒരു തരം സ്ത്രൈണത ആരോപിക്കുന്നത്" മലയാളസിനിമയുടെ നടപ്പുശീലങ്ങളില്‍ ഒന്നായി മാറുകയാണോ എന്ന് ഭയപ്പെടുകയാണ്. ഇത്തവണ റോമയുടെ ബ്യൂട്ടീഷനാണ് ഇതിനു ഇരയായത്. ആ റിവ്യൂവിലെ വാചകങ്ങള്‍ ആവര്‍ത്തിച്ചാല്‍
"പുരുഷന്മാര്‍ സ്ത്രീത്വം കാണിക്കുന്നത് ഒരു തെറ്റൊന്നുമല്ല. എന്നാല്‍ ഇതിനെ മാതൃകയാക്കി മലയാളത്തില്‍ വരാന്‍ പോകുന്ന അനേകം കഥാപാത്രങ്ങളാണ് എന്നെ പേടിപ്പിക്കുന്നത്‌. ഉദയ് കൃഷ്ണ-സിബി കെ തോമസ്‌ പോലുള്ള ഫോര്‍മുല വാദികളാണല്ലോ ഇപ്പൊ ഇവിടം ഫരിക്കുന്നത്."

മരം ചുറ്റി പ്രേമവും കോളേജിലെ അടിപിയും മാത്രമാണ് യുവത്വത്തിന്റെ കഥയെന്നു കരുതുന്ന മുന്‍നിര സംവിധായകര്‍ കണ്ടു പഠിക്കേണ്ട ഒരു ശ്രമമാണ് സമീര്‍ താഹിര്‍ നടത്തിയിരിക്കുന്നത്. ഇന്ന് നാം നേരിടുന്ന  വലിയൊരു സാമൂഹിക പ്രശ്നമാണ് ഇത്. ഇതില്‍ പറയുന്നത് മാതിരിയുള്ള വീഡിയോകള്‍ പുറത്തു വരുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതം താന്‍ നശിപ്പിക്കുകയാണ് എന്ന് ഇതൊക്കെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തും ഷെയര്‍ ചെയ്തും അര്‍മ്മാദിക്കുന്നവര്‍ ഓര്‍ക്കാറില്ല. ഇതൊക്കെ നെറ്റില്‍ ഇടുന്നതില്‍  നിന്നും അവര്‍ക്ക് എന്ത് സുഖമാണ് ലഭിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതം തകര്‍ക്കുന്നതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നത് ഒരു വലിയ സാമൂഹ്യ ദ്രോഹമാണ് എന്നവര്‍ മനസിലാക്കുന്നില്ല. 'ശരിയായ' ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത നമ്മുടെ നാട്ടില്‍ ഈ മാതിരി വീഡിയോകളും കൂടി ആകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. കേരളം പിഞ്ചു പൈതങ്ങളെപ്പോലും വെറുതെ വിടാത്ത 'പീഡനങ്ങളുടെ സ്വന്തം നാട്' ആകുന്നതിനു വേറെ കാരണം തിരയേണ്ട ആവശ്യമില്ല. പ്രശസ്ത നോവലിസ്റ്റും ബ്ലോഗ്ഗറും ആയ വി.എം ദേവദാസിന്റെ പുതിയ കഥയായ 'പാഠഭേദം' ഈ വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്. ഇതുപോലൊരു വിഷയം തന്റെ ആദ്യചിത്രത്തില്‍ തന്നെ കൈകാര്യം ചെയ്ത സമീര്‍ താഹിര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇങ്ങനെയുള്ളവയില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യണം എന്ന സാമൂഹ്യ ബോധത്തെ അട്ടിമറിച്ചതിനു സമീറിന് ഒരു പ്രത്യേക നന്ദി. 'ഡാഡി കൂള്‍' എന്ന തന്റെ ആദ്യചിത്രത്തില്‍ സംഭവിച്ച അപാകത ആഷിക്ക് അബു  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറി' ല്‍ പരിഹരിച്ചു. അതുപോലെ ഇനി വരുന്ന ചിത്രങ്ങളില്‍ 'ചാപ്പാ കുരിശി'ല്‍ പറ്റിയ തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ സമീര്‍ താഹിറിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. അല്‍പ്പം കൂടി പരിശ്രമിച്ചാല്‍ മലയാളത്തില്‍ ഇപ്പോള്‍ പച്ചപിടിക്കുന്ന നവസിനിമാ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവാകാന്‍ സമീറിന് കഴിയും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍


കടപ്പാട്: വിക്കിപീഡിയ


അധികവായനയ്ക്ക്:
വി.എം ദേവദാസിന്റെ 'പാഠഭേദം'Related Posts:

മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും' 

ദൈവതിരുമകള്‍

പ്രേക്ഷകര്‍ അറിയുന്നതിന്...

5 അഭിപ്രായങ്ങൾ:

 1. മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു വഴിത്തിരിവാവുമായിരുന്ന എന്നാല്‍ രചനയിലും സംവിധാനത്തിലും പോസ്റ്റ്‌ പ്രൊഡക്ഷനിലും കാണിച്ച അലസത മൂലം അങ്ങനെ ആകാതെ പോയ ഒരു ചിത്രം. 'ചാപ്പാ കുരിശിനെ' ഒറ്റവാക്ക്യത്തില്‍ അങ്ങനെ പറയാം. മലയാള സിനിമയില്‍ ഇതുവരെ ഇല്ലാത്ത ഒരു പുതിയ ശൈലി പരീക്ഷിച്ച് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു 'ചാപ്പാ കുരിശ്'. മലയാളസിനിമയില്‍ ഇതുവരെ ആരും അഭിസംബോധന ചെയ്യാത്ത ഒരു പ്രശ്നത്തെ, ഇന്നത്തെ യുവത്വം നേരിടുന്ന വലിയൊരു പ്രശ്നത്തെ പ്രമേയമാക്കാനും സംവിധായകന്‍ ധൈര്യം കാണിച്ചു. എന്നാല്‍ അതോടൊപ്പം ശ്രദ്ധിക്കേണ്ടിയിരുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോയി. അത് കൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലും അവര്‍ക്ക് നല്ലൊരു സിനിമാ അനുഭവം നല്‍കുന്നതിലും സംവിധായകന്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ഞാനിന്നലെ പോസ്റ്റ് ഫേസ്ബുക്കിലിടാൻ നേരത്ത് ഈ പോസ്റ്റിന്റെ ലിങ്കും കണ്ടിരുന്നു. വായിക്കണമെന്ന് വിചാരിച്ചിട്ട് സമയം കിട്ടിയില്ല. ഇപ്പോഴാണു കിട്ടിയത്. മനോഹരമായിരിക്കുന്നു റിവ്യൂ. നല്ല എഴുത്ത്. അഭിനന്ദനങ്ങൽ. വളരെ ക്രീയാത്മകമായി വിലയിരുത്തിയിരിക്കുന്നു. ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. ഒരു മാറ്റത്തിന് തുടക്കമായില്ലേ?, അത് പോരെ (നമുക്ക്, പ്രൊഡ്യൂസര്‍ക്കല്ല)

  മറുപടിഇല്ലാതാക്കൂ
 4. അതെ. പക്ഷെ കളക്ഷനും അത്ര മോശമല്ല.

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....