തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....പത്താം ക്ലാസ് കഴിഞ്ഞു നില്‍കുന്ന സമയത്താണ് എന്ന് തോന്നുന്നു, മലയാള സിനിമാ ഗാനരംഗത്ത്‌ വലിയ മാറ്റം സൃഷ്ടിച്ചു കൊണ്ട് ജാസി ഗിഫ്റ്റ് 'ലജ്ജാവതിയുമായി' കടന്നു വന്നത്. എനിക്ക് ആദ്യം കേള്‍കുമ്പോള്‍ വലിയ അരോചകമായി തോന്നി. ഒരു മാസത്തില്‍ കൂടുതല്‍ ആയുസ്സില്ലാത്ത വെറും അടിച്ചുപൊളിപ്പാട്ട് എന്നാദ്യം വിധിയെഴുതി. പിന്നീട് കേട്ടു കേട്ടു ഇഷ്ടമായി എങ്കിലും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബംഗ്ലൂരില്‍ തെരുവില്‍ കൂടി നടക്കുമ്പോള്‍ വീടുകളില്‍ നിന്ന്  ലജ്ജവതിയുടെ കന്നഡ പതിപ്പ് ഉയരുമ്പോള്‍, ഓഫീസ് ട്രിപ്പില്‍ അന്ധ്രാക്കാര്‍ അതിന്റെ തെലുങ്ക് പതിപ്പ് പാടുമ്പോള്‍ ആ പഴയ ധാരണ വലിയൊരു തെറ്റായിരുന്നു എന്നെ ബോധ്യപ്പെടുന്നു. സംഗീതത്തിന്റെ എല്ലാ വരേണ്യതയും അട്ടിമറിച്ച ഒന്നായിരുന്നു ലജ്ജാവതി. അതിന്റെ  ഒരു തുടര്‍ച്ചയാണ് സില്‍സിലയും. ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....


ശബ്ദ സൌകുമാര്യം ഉള്ളവര്‍ക്കും മാത്രം പ്രവേശനം ഉണ്ടായിരുന്ന മലയാള സിനിമാ ഗാനരംഗത്ത്‌ കാളരാഗത്തിന് ഉടമയായ എനിക്ക് വേണമെങ്കിലും പാടാന്‍ കഴിയുന്ന ഗാനങ്ങള്‍ ഉണ്ടായതിനു ഒരു പ്രധാന കാരണക്കാരന്‍ ജാസ്സി ഗിഫ്റ്റ് ആയിരുന്നു. ശാസ്ത്രീയതയില്‍ കുരുങ്ങിക്കിടന്ന സംഗീതത്തെ ജനങ്ങളില്‍ എത്തിച്ചത് ലളിത ഗാനങ്ങളും സിനിമാ ഗാനങ്ങളും ആയിരുന്നു. എന്നാല്‍ സംഗതി തപ്പി നടക്കുന്നവര്‍ ഗാനങ്ങള്‍ സാധാരണക്കാര്‍ക്ക്  കേള്‍ക്കാന്‍ മാത്രമുള്ളതാക്കി. കേള്‍ക്കാന്‍ നമുക്ക് ധാരാളം ഗാനങ്ങള്‍ ഉണ്ടായി. പക്ഷെ സാധാരണക്കാര്‍ക്ക് നാലാള്‍ കേള്‍ക്കെ അതൊന്നും മൂളാന്‍ ധൈര്യം പോരായിരുന്നു. എന്നാല്‍ പാടീനടാ മക്കളെ, ഒരുത്തനും ചോദിക്കില്ല എന്ന ആത്മവിശ്വാസം നമുക്ക് തിരിച്ചു നല്‍കിയത് ജാസി ഗിഫ്ടും കലാഭവന്‍ മണിയും ആണ്. നാടാന്‍ പാട്ടുകളുമായി കുട്ടപ്പനും മറ്റനേകം പേരും ഇതു നേരത്തെ സാധ്യമാക്കിയിരുന്നു എങ്കിലും ഇതു കൂടുതല്‍ ജനകീയമായത് ഈ രണ്ട് പേരിലൂടെയാണ്.
 


 ട്രിപ്പിനെപ്പറ്റി നമ്മുടെ മാനേജര്‍ അയച്ച മെയിലില്‍  'സോംഗ് ഓഫ് ദി ട്രിപ്പ്‌' സില്‍സില ആയിരുന്നു. തമാശയ്ക്ക് പുള്ളി പറഞ്ഞതാണെങ്കിലും യുട്യൂബില്‍ ഹരിശങ്കര്‍ കേട്ട തെറി ഇതുമായി ചേര്‍ത്ത് വെയ്ക്കുമ്പോള്‍ വലിയ ഒരു വൈരുധ്യം തന്നെയാണ്. യാതൊരു മുന്‍വിധിയും ഇല്ലാതെ, മലയാളം തീരെ അറിയാത്തവര്‍ക്ക് പോലും ആസ്വദിക്കാവുന്ന ഒരു ഗാനത്തെ എന്തിനാണ് മലയാളികള്‍ ഇങ്ങനെ തെറിവിളിച്ചോതുക്കിയത്? സൂപ്പര്‍ താരങ്ങളുടെ കോപ്രായങ്ങള്‍ക്ക്‌ ഫാന്‍സ്‌ എന്നൊരു വാലും വെച്ച് ഒരു ഉളുപ്പും ഇല്ലാതെ പോയി   കയ്യടിക്കുന്നവര്‍ ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചവിട്ടിതേയ്ക്കുമ്പോള്‍ അതൊരു പ്രശ്നം തന്നെയാണ്. സില്‍സിലയുടെ വീഡിയോയുടെ നിലവാരം വളരെ മോശം തന്നെയാണ്. മുന്നൂറ്ററുപതു ഡിഗ്രിയില്‍ കാലും പൊക്കി ചാടുന്നവളെ നോക്കി ലജാവതിയെ എന്ന് വിളിക്കുന്ന മലയാള ഗാനങ്ങളെ വെച്ച് നോക്കുമ്പോള്‍ (അതു എനിക്കിപ്പഴും അത്ര ദഹിച്ചിട്ടില്ല) സില്‍സിലയ്ക്ക് മാത്രം എന്തിനു തെറിവിളി?

 

ഇതൊക്കെ ഇപ്പൊ പറഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇത്രയൊക്കെ വിഷമിപ്പിച്ചിട്ടും പിന്മാറാന്‍ തയ്യാറാകാതെ ഹരിശങ്കര്‍ തന്റെ പുതിയ സൃഷ്ടിയുമായി വന്നിരിക്കുന്നു. ബെര്‍ളി ആശാന്‍ പുതിയ പോസ്റ്റ്‌ ഇട്ടപ്പോഴാണ് ഇതു കാണുന്നത്.


നെഞ്ചിനുള്ളില്‍ ഗ്യാസാണ് എന്നൊക്കെ പറഞ്ഞു ഒരു ആണും പെണ്ണും കൂടി പാടത്തും പറമ്പിലും ഓടിനടന്നു തുള്ളുന്ന മലയാള സിനിമാ ആല്‍ബങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മണ്ണിന്റെ മണമുള്ള കാവ്യ ഭംഗിയുള്ള ഒരു നല്ല ഗാനം. നല്ല ചിത്രീകരണം. ഭീരുക്കള്‍ കള്ളപ്പേരില്‍ വന്നു തെറി വിളിച്ചോട്ടെ, അതു കൊണ്ടൊന്നും ആരും തോല്‍ക്കുന്നില്ല. കഴിവും കഠിനാധ്വാനവും കലാശേഷിയും ഒടുവില്‍ അന്ഗീകരിക്കപ്പെടുക തന്നെ ചെയ്യും. സില്‍സിലയെന്നാല്‍ തുടര്‍ച്ച എന്നാണര്‍ത്ഥം. തുടരുക ഹരിശങ്കര്‍, ഞങ്ങള്‍ കൂടെയുണ്ട്.

ശുഭം! 

മംഗളം! 
അനൂപ്‌ കിളിമാനൂര്‍

അടുത്തത് കൃഷ്ണനും രാധയും, ജാഗ്രതൈ...

ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2011

ജന്‍ലോക്പാല്‍ ബില്‍; വിക്കിപീഡിയയിലെ ലേഖനത്തിന്റെ മലയാള പരിഭാഷ

ലോക്പാല്‍  ബില്ലിനെയും അണ്ണ ഹസാരയുടെ സമരത്തെയും പറ്റി നാലുകോണിലും ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ ബില്‍ എന്താണെന്നും അതിലെ വ്യവസ്ഥകള്‍ എന്താണെന്നും നമുക്ക് പലര്‍ക്കും അറിയില്ല. ഈ അവസരത്തിലാണ് നിഷാദ് കൈപ്പള്ളി ജന്‍ലോക്പാല്‍ ബില്ലിനെപ്പറ്റി  വിക്കിപീഡിയയിലെ ഇംഗ്ലീഷ് ലേഖനം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഇത്. യോഗ്യമെങ്കില്‍ വേണ്ട തിരുത്തലുകളോടെ വിക്കിപീഡിയയില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മലയാളം വിക്കി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ആശയം മുന്നോട്ടു വെച്ച നിഷാദ് കൈപ്പള്ളിയ്ക്കും നമ്മുടെ എല്ലാമെല്ലാമായ വിക്കിപീഡിയയ്ക്കും ടി. രാമലിംഗം പിള്ളയ്ക്കും കടപ്പാട്.  


ജന്‍ലോക്പാല്‍  ബില്‍
'പൌരന്മാരുടെ ഓംബുട്സ്മാന്‍'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍  ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും മറ്റും സാധാരണ  ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ മെച്ചപ്പെടുത്തലുകള്‍ക്ക്  വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന് ചേര്‍ത്തിരിക്കുന്നത്. ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് 'ലോക്പാല്‍'.

ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers) സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്‌. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്ര ഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല് ദശകങ്ങള്‍ക്കിപ്പുറവും  ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.


2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന്‌ ലഭിക്കുകയുണ്ടായി. ഹസാരെയുടെ നാല് ദിവസത്തെ നിരാഹാര സമരത്തിന്‌ ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.


തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍ ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ് എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.


ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )
ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന് 1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ്‌ ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, അരവിന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും ശക്തമായി.


ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു  ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു. 


മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1 )  ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ  സഹായിക്കും.


2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.


3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.


4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.


5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.


6 )  അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.
7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.


8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.


10 ) ഇപ്പോഴുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.


11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.


സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍


ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.


ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.


രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.


ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.


മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.


ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.


നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.


ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.


ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.


വ്യത്യാസങ്ങള്‍ വിശദമായി: 
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.


ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച്  ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.


എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.


ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.


സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.


ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.


ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.


ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും  അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.


വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.


അഴിമതിക്കുള്ള ശിക്ഷ:
ജ: ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട് നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.


അന്വേഷണ അധികാരങ്ങള്‍:
ജ: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.


തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.


അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.


ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം 
2010 -ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍ 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാര്‍ച്ചുകളും  നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.


ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും അരവിന്ദ് കേജ്രിവാളിനെയും ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.


സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7 -ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍ ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന്‌ ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മണിക്കൂറിനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ്‌ പതിനഞ്ചിന് മുന്‍പ് ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം മൂളി.


പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും

ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത്‌ സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും  ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു. 
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍, മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ്‌ സിംഗ് ബദല്‍, ബാല്‍ താക്കറേ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന് നിയമനിര്‍മ്മാനത്തിന്  ഉള്ള അവകാശത്തില്‍  മേല്‍ക്കൈ നേടുമോ'  എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.


ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
Member Qualifications and status
Pranab Mukherjee Finance Minister, Co-Chairman
Shanti Bhushan Former Minister of Law and Justice, Co-Chairman
P. Chidambaram Minister of Home Affairs
Veerappa Moily Minister of Corporate Affairs
Kapil Sibal Minister for Communications and Information Technology
Salman Khursid Minister of Law
Anna Hazare Social Activist
Prashant Bhushan Lawyer
N. Santosh Hegde Former Lokayukta (Karnataka)
Arvind Kejriwal RTI Activist.

ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍ സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ്‌ പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,


ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ്‌ ആയ പ്രതാപ്‌ ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത്‌ 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍ ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായ ഒന്ന്' എന്നാണ്.  കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്‌.

എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അരവിന്ദ് കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉണ്ട്.


ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍  അധികാരങ്ങള്‍ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന്  ബില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.


ബില്ലില്‍ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈക്കോടതിക്ക് ഉള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.


ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ്‌ വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'


വിവാദങ്ങള്‍
2011  ഏപ്രിലില്‍ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കോ-ചെയര്‍മാന്‍ ശാന്തി ഭൂഷന്റെത് എന്ന് അവകാശപ്പെടുന്ന ഒരു സി.ഡി. പുറത്തു വന്നു. ഇതില്‍ അദ്ദേഹം അമര്‍ സിങ്ങിനോടും മുലായം സിങ്ങിനോടും ഒരു ജട്ജിനെ സ്വാധീനിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സി.ഡി. കൃത്രിമം ആണ് എന്ന് വാദിക്കുകയും ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


ആഗസ്റ്റ്‌ പതിനാറിന് നിരാഹാര സമരത്തിനു പുറപ്പെടാനിരുന്ന അണ്ണ ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇതേ സമയം പോലീസ് അരവിന്ദ്   കേജ്രീവാളിനെയും മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തു. ഇതിനെതിരെ നാല് കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യാ ഗേറ്റില്‍ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പിന്നീട് അന്നയെ വിട്ടയച്ചു.
ബില്ലിനെക്കുറിച്ചുള്ള എന്റെ  അഭിപ്രായങ്ങള്‍ ഇവിടെ പറയുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സ്വയം സംസാരിക്കട്ടെ...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

 

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

അമ്പിളിച്ചേട്ടനും സ്റ്റാര്‍ സിങ്ങറും

സംഗീത റിയാലിറ്റി ഷോകളെപ്പറ്റിയും മലയാലം കൊരച്ചു കൊരച്ചു മാത്രം പറയാന്‍ അറിയാവുന്ന അവതാരങ്ങളെ, ഐ മീന്‍ അവതാരകമാരെപ്പറ്റിയും ജഡ്ജ്മാരെപ്പറ്റിയും നമുക്ക് പറയാന്‍ കഴിയാതിരുന്നത് അമ്പിളിച്ചേട്ടന്‍ പറഞ്ഞപ്പോള്‍....

 
 
ശുഭം!
മംഗളം! 

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

ചാപ്പാ കുരിശ്

റേറ്റിംഗ് : 3.5/5
 
മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു വഴിത്തിരിവാവുമായിരുന്ന എന്നാല്‍ രചനയിലും  സംവിധാനത്തിലും പോസ്റ്റ്‌ പ്രൊഡക്ഷനിലും കാണിച്ച അലസത മൂലം അങ്ങനെ ആകാതെ പോയ ഒരു ചിത്രം. 'ചാപ്പാ കുരിശിനെ' ഒറ്റവാക്ക്യത്തില്‍ അങ്ങനെ പറയാം. മലയാള സിനിമയില്‍ ഇതുവരെ ഇല്ലാത്ത ഒരു പുതിയ ശൈലി പരീക്ഷിച്ച് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു 'ചാപ്പാ കുരിശ്'. മലയാളസിനിമയില്‍ ഇതുവരെ ആരും അഭിസംബോധന ചെയ്യാത്ത ഒരു പ്രശ്നത്തെ, ഇന്നത്തെ യുവത്വം നേരിടുന്ന വലിയൊരു പ്രശ്നത്തെ പ്രമേയമാക്കാനും സംവിധായകന്‍ ധൈര്യം കാണിച്ചു. എന്നാല്‍ അതോടൊപ്പം ശ്രദ്ധിക്കേണ്ടിയിരുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോയി. അത് കൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലും അവര്‍ക്ക് നല്ലൊരു സിനിമാ അനുഭവം നല്‍കുന്നതിലും സംവിധായകന്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും സ്വാധീനിക്കുക യുവാക്കളെയാണ്. ഇന്നത്തെ യുവാക്കളില്‍ ഭൂരിഭാഗവും നെറ്റിസണ്‍സ് ആണ്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. അതിന്റെ നല്ല വശങ്ങള്‍ 'ബൂലോക'ത്തില്‍ വളരെ പ്രകടമാണ്. എന്നാല്‍ അതിന്റെ ദൂഷ്യവശങ്ങള്‍ ഒരു വലിയ വിപത്തായി മാറിക്കഴിഞ്ഞു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല.ഇതിനെ പ്രമേയമാക്കി 'മമ്മി ആന്‍ഡ്‌ മി' പോലെ ചില ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭീകരതയും ഇത് തകര്‍ക്കുന്ന ജീവിതങ്ങളും ഇത്ര തീവ്രമായി ചിത്രീകരിച്ച ഒരു ചിത്രം 'ചാപ്പാ കുരിശി'നു മുന്‍പ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മറ്റൊരു കാര്യം വിദേശചിത്രങ്ങളില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച ചിത്രത്തിന്റെ ആഖ്യാന ശൈലിയും സാങ്കേതിക മികവുമാണ്. ക്യാമറ വര്‍ക്കും ചില രംഗങ്ങളും ലോകനിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ ചിത്രത്തിലുടനീളം ഇത് നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. രംഗങ്ങളുടെ ചടുലതയുടെ പേരില്‍ പേരും പലപ്പോഴും പഴിയും, പ്രധാനമായും ഷാജി കൈലാസ് ചിത്രങ്ങളില്‍, കേട്ട ഡോണ്‍ മാക്സ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എഡിറ്റര്‍ വിചാരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ചിത്രം വളരെ നന്നായേനെ എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായി. കത്രിക വെക്കേണ്ടിയിരുന്ന അനാവശ്യമായ വലിച്ചു നീട്ടലുകള്‍ ആണ് ശരിക്കും ചിത്രത്തിന്റെ ശോഭ കെടുത്തിയത്.


കൊച്ചി ഭാഗത്ത്‌ നാണയത്തിന്റെ ഇരു വശങ്ങളെയും ചാപ്പയും കുരിശും എന്നാണ് വിളിക്കാറ്. ശരിക്കും നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ് അര്‍ജുന്റെയും (ഫഹദ് ഫാസില്‍) അന്‍സാരിയുടെയും (വിനീത് ശ്രീനിവാസന്‍) ജീവിതങ്ങള്‍. ജീവിതത്തിന്റെ രണ്ടു വിരുദ്ധ ധ്രുവങ്ങളാണ് രണ്ടു പേരും. അര്‍ജുന്‍ കൊച്ചി നഗരത്തില്‍ എല്ലാ സൌഭാഗ്യങ്ങളോടും(ഒരുപാട് കാശുള്ളവരൊക്കെ  അങ്ങനെയാനെന്നാണല്ലോ വെപ്പ്!) കൂടി കഴിയുന്ന ഒരു ബിസിനസ്സുകാരന്‍. അതിസമ്പത്തിന്റെ അഹങ്കാരം ആവശ്യത്തിലധികം ഉള്ള ഒരു വ്യക്തി. അന്‍സാരി അന്നന്നത്തെ അന്നത്തിനു വഴി തേടി സൂപ്പര്‍വൈസറുടെ ആട്ടും തുപ്പുമേറ്റു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഒരു പാവത്താന്‍. അര്‍ജുന്‍ ഒരേ സമയം പല പെണ്‍കുട്ടികളുമായും ബന്ധം പുലര്‍ത്തുന്നു. അതെല്ലാം ശരീരം മാത്രം ലക്ഷ്യമാക്കിയുള്ള ബന്ധങ്ങളാണ്. അതോടൊപ്പം ആന്‍ (റോമ) പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ഒരുങ്ങുന്നു. എന്നാല്‍ അന്‍സാരിക്കാകട്ടെ അന്‍സാരി ജോലി ചെയ്യന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ത്തന്നെ ജോലി ചെയ്യുന്ന നഫീസയുമായി (നിവേദ, വെറുതെ ഒരു ഭാര്യയില്‍ ജയറാമിന്റെ മകള്‍ ആയി അഭിനയിച്ച കുട്ടി) പരസ്പരം പറയാത്ത ഒരു സുന്ദരമായ നാടന്‍ പ്രണയമാണുള്ളത്. ഇതിനിടയില്‍ അര്‍ജുന്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്ന സോണിയയുമായി ഉള്ള സ്വകാര്യ രംഗങ്ങള്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഈ ക്യാമറ അന്‍സാരിയുടെ കയ്യില്‍ വന്നു ചേരുന്നു. അര്‍ജുന്‍ മൊബൈല്‍ തിരിച്ചു കിട്ടാനായി അന്‍സാരിയെ തിരക്കി നടക്കുന്നു. അന്‍സാരിയാകട്ടെ തന്റെ ജീവിതത്തില്‍ ഉള്ള എല്ലാ ഫ്രസ്ട്രെഷനും തീര്‍ക്കാനുള്ള അവസരമായാണ്‌ ഇതിനെ ഉപയോഗിക്കുന്നത്. എന്നാല്‍ ഒരവസരത്തില്‍ കളി  അന്‍സാരിയുടെ കൈവിട്ടു പോകുന്നു. ഇങ്ങനെയാണ് ചിത്രം വികസിക്കുന്നത്. 

 കൊക്ക്ടെയ്ലിലും കേരള കഫേയിലും പോലെ ഫഹദ് ഫാസില്‍ തകര്‍ത്തു വാരിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ മോശമല്ലാത്ത രീതിയില്‍ അഭിനയിച്ച ആദ്യ ചിത്രം എന്ന് പറയാം! രമ്യയും നിവെദയുമൊക്കെ അവരുടെ ഭാഗം മോശമല്ലാതെ നിര്‍വ്വഹിച്ചു. റോമയ്ക്ക് ചെയ്യാന്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. അമല്‍ നീരദിന്റെ ക്യാമറാമാന്‍ ആയിരുന്നു സമീര്‍ താഹിര്‍ ക്യാമറവര്‍ക്കില്‍ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ഇത് ചിത്രത്തിന് നല്ല രീതിയില്‍ ഗുണം ചെയ്തു. ചിത്രത്തില്‍ അന്‍സാരിയും അര്‍ജുനും തമ്മിലുള്ള തല്ല് ഇതുവരെ മലയാള സിനിമയില്‍ ഉണ്ടാവാത്ത ഒരു ഉഗ്രന്‍ സീനാണ് എന്ന് പറയാതെ വയ്യ. സൂപ്പര്‍ താരങ്ങളുടെ അയഥാര്‍ഥ തല്ലുകള്‍ കണ്ടുശീലിച്ച മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ ഇത് ഒരു പുത്തന്‍ അനുഭവമാണ്. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറി' നു സംഭവിച്ച ഒരു അപാകത ഇതിനും വന്നു എന്നത് ഒരേസമയം ആശ്ച്ചര്യപ്പെടുത്തുകയും ദുഖമുണ്ടാക്കുകയും ചെയ്യുന്നു. അതിന്റെ റിവ്യൂവില്‍ പറഞ്ഞത് പോലെ "സ്ത്രീകളുടെത്  എന്ന് സമൂഹം കല്‍പ്പിച്ചു നല്‍കുന്ന ജോലി ചെയ്യന്ന പുരുഷന്മാരില്‍ ഒരു തരം സ്ത്രൈണത ആരോപിക്കുന്നത്" മലയാളസിനിമയുടെ നടപ്പുശീലങ്ങളില്‍ ഒന്നായി മാറുകയാണോ എന്ന് ഭയപ്പെടുകയാണ്. ഇത്തവണ റോമയുടെ ബ്യൂട്ടീഷനാണ് ഇതിനു ഇരയായത്. ആ റിവ്യൂവിലെ വാചകങ്ങള്‍ ആവര്‍ത്തിച്ചാല്‍
"പുരുഷന്മാര്‍ സ്ത്രീത്വം കാണിക്കുന്നത് ഒരു തെറ്റൊന്നുമല്ല. എന്നാല്‍ ഇതിനെ മാതൃകയാക്കി മലയാളത്തില്‍ വരാന്‍ പോകുന്ന അനേകം കഥാപാത്രങ്ങളാണ് എന്നെ പേടിപ്പിക്കുന്നത്‌. ഉദയ് കൃഷ്ണ-സിബി കെ തോമസ്‌ പോലുള്ള ഫോര്‍മുല വാദികളാണല്ലോ ഇപ്പൊ ഇവിടം ഫരിക്കുന്നത്."

മരം ചുറ്റി പ്രേമവും കോളേജിലെ അടിപിയും മാത്രമാണ് യുവത്വത്തിന്റെ കഥയെന്നു കരുതുന്ന മുന്‍നിര സംവിധായകര്‍ കണ്ടു പഠിക്കേണ്ട ഒരു ശ്രമമാണ് സമീര്‍ താഹിര്‍ നടത്തിയിരിക്കുന്നത്. ഇന്ന് നാം നേരിടുന്ന  വലിയൊരു സാമൂഹിക പ്രശ്നമാണ് ഇത്. ഇതില്‍ പറയുന്നത് മാതിരിയുള്ള വീഡിയോകള്‍ പുറത്തു വരുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതം താന്‍ നശിപ്പിക്കുകയാണ് എന്ന് ഇതൊക്കെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തും ഷെയര്‍ ചെയ്തും അര്‍മ്മാദിക്കുന്നവര്‍ ഓര്‍ക്കാറില്ല. ഇതൊക്കെ നെറ്റില്‍ ഇടുന്നതില്‍  നിന്നും അവര്‍ക്ക് എന്ത് സുഖമാണ് ലഭിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതം തകര്‍ക്കുന്നതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നത് ഒരു വലിയ സാമൂഹ്യ ദ്രോഹമാണ് എന്നവര്‍ മനസിലാക്കുന്നില്ല. 'ശരിയായ' ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത നമ്മുടെ നാട്ടില്‍ ഈ മാതിരി വീഡിയോകളും കൂടി ആകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. കേരളം പിഞ്ചു പൈതങ്ങളെപ്പോലും വെറുതെ വിടാത്ത 'പീഡനങ്ങളുടെ സ്വന്തം നാട്' ആകുന്നതിനു വേറെ കാരണം തിരയേണ്ട ആവശ്യമില്ല. പ്രശസ്ത നോവലിസ്റ്റും ബ്ലോഗ്ഗറും ആയ വി.എം ദേവദാസിന്റെ പുതിയ കഥയായ 'പാഠഭേദം' ഈ വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്. ഇതുപോലൊരു വിഷയം തന്റെ ആദ്യചിത്രത്തില്‍ തന്നെ കൈകാര്യം ചെയ്ത സമീര്‍ താഹിര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇങ്ങനെയുള്ളവയില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യണം എന്ന സാമൂഹ്യ ബോധത്തെ അട്ടിമറിച്ചതിനു സമീറിന് ഒരു പ്രത്യേക നന്ദി. 'ഡാഡി കൂള്‍' എന്ന തന്റെ ആദ്യചിത്രത്തില്‍ സംഭവിച്ച അപാകത ആഷിക്ക് അബു  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറി' ല്‍ പരിഹരിച്ചു. അതുപോലെ ഇനി വരുന്ന ചിത്രങ്ങളില്‍ 'ചാപ്പാ കുരിശി'ല്‍ പറ്റിയ തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ സമീര്‍ താഹിറിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. അല്‍പ്പം കൂടി പരിശ്രമിച്ചാല്‍ മലയാളത്തില്‍ ഇപ്പോള്‍ പച്ചപിടിക്കുന്ന നവസിനിമാ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവാകാന്‍ സമീറിന് കഴിയും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍


കടപ്പാട്: വിക്കിപീഡിയ


അധികവായനയ്ക്ക്:
വി.എം ദേവദാസിന്റെ 'പാഠഭേദം'Related Posts:

മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും' 

ദൈവതിരുമകള്‍

പ്രേക്ഷകര്‍ അറിയുന്നതിന്...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

ദൈവതിരുമകള്‍

റേറ്റിംഗ് : 4/5

'ഇതൊരു തമിഴ് പടമായി തോന്നുന്നില്ല, ഇത് മലയാളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പടമാണ്.' പടം കണ്ടിറങ്ങിയുടനെ സുഹൃത്ത്‌ രാഹുല്‍ പറഞ്ഞതാണിത്. ആലോചിച്ചപ്പോള്‍ ശരിയാണ്. സാധാരണ നാം കാണുന്ന തമിഴ് പടങ്ങള്‍ പോലെയല്ലാത്ത, ഭരതന്‍-പത്മരാജന്‍-ലോഹിതദാസ്-ശ്രീനിവാസന്‍ മുതലായവര്‍ വഴിതെളിച്ച ഒരു ശൈലിയുടെ തുടര്‍ച്ച. തമിഴ് സിനിമ മാറുകയാണ്. അതിവൈകാരികതയിലും താരാരാധനയിലും ഗ്ലാമറിലും കുരുങ്ങിക്കിടന്ന തമിഴ് സിനിമ, ഇപ്പോഴും അതിനൊരു കുറവുമില്ലെങ്കിലും, ഗൌരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും അത്തരം ചിത്രങ്ങള്‍ വന്‍വിജയം നേടുന്നതിനോപ്പം തുടര്‍ച്ചയായി ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്യുന്നത് ഒരു സിനിമാപ്രേമി എന്ന നിലയില്‍ വലിയ സന്തോഷം നല്‍കുന്നു. 
 
മറ്റെന്തിനെക്കാളുമുപരി ഈ ചിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത് വിക്രത്തിന്റെയും സാറയുടെയും അഭിനയമികവ് തന്നെയാണ്. അല്പമൊന്നു പാളിയാല്‍ കൈവിട്ടു പോകാമായിരുന്ന മാനസിക വൈകല്യമുള്ള ഒരു കഥാപാത്രത്തെ അതീവ ഏകാഗ്രതയോടെ വിക്രം അവിസ്മരണീയമാക്കിയിരിക്കുന്നു. മനസുകൊണ്ട് പ്രേക്ഷകര്‍ വിക്രത്തിന് ദേശീയ അവാര്‍ഡ് നല്‍കിക്കഴിഞ്ഞു. അവാര്‍ഡ് കമ്മിറ്റിയും അങ്ങനെ തീരുമാനിച്ചാല്‍ അത്ഭുതപ്പെടാനില്ല. ആറുവയസ്സിന്റെ ബുദ്ധി മാത്രമുള്ള ഒരു മുപ്പതുകാരനെ അവതരിപ്പിക്കുമ്പോള്‍ ഏകാഗ്രത നഷ്ടമായാല്‍ കഥാപാത്രം കൈവിട്ടു പോയാല്‍ ബുദ്ധിമാന്ദ്യമുള്ളവരെ കളിയാക്കുന്ന രീതിയിലേയ്ക്ക് അത് മാറിപ്പോവാന്‍ വലിയ താമസമൊന്നും വേണ്ട. എന്നാല്‍ അത് സംഭവിച്ചില്ല എന്നത് വിക്രമിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു നേട്ടമാണ്. അതിവൈകാരികതയിലെയ്ക്ക് കടക്കാത്ത വിജയിന്റെ ആഖ്യാനശൈലി ഇതിനു വിക്രത്തിനെ നന്നായി സഹായിച്ചു. എന്നാല്‍ വിക്രത്തെക്കാള്‍ ഒരു പിടി മുന്നിലാണ് വിക്രത്തിന്റെ മകളായി അഭിനയിച്ച  സാറയുടെ പ്രകടനമെന്നു പറഞ്ഞെ മതിയാകൂ. അവിശ്വനീയമായ പ്രകടനമാണ് ഈ അഞ്ചു വയസ്സുകാരി കാഴ്ച വെച്ചിരിക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും ഈ പെണ്‍കുട്ടി എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. അമല പോളും അനുഷ്ക ഷെട്ടിയും ഉള്‍പ്പടെ എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. ഈ രണ്ടു പേരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.


മലയാളിയായ കൃഷ്ണ കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി രംഗ പ്രവേശം ചെയ്ത കൃഷ്ണകുമാര്‍  നല്ല പ്രതിഭയുണ്ടായിട്ടും മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നടനാണ്‌‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ് സീരിയലുകളിലും മറ്റും അഭിനയിക്കുകയായിരുന്ന കൃഷ്ണകുമാറിന് ഇപ്പോള്‍ തമിഴകത്ത് നല്ല കാലമാണ്. കാവലനിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം ബില്ലയുടെ രണ്ടാം ഭാഗത്തില്‍ പ്രധാന വില്ലന്‍ തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ ഇപ്പോള്‍ കൃഷ്ണകുമാറിനെത്തേടി എത്തുന്നുണ്ട്. മലയാളസിനിമയിലും അടുത്ത് തന്നെ നല്ല വേഷങ്ങളില്‍ ഇദ്ദേഹം എത്തുമെന്ന് പ്രതീക്ഷിക്കാം.

എല്ലാറ്റിലുമുപരിയായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ മനോഹരകാവ്യത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച എ.എല്‍. വിജയാണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയിരുന്ന വിജയ്‌ അക്കാലത്തെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. എന്നാല്‍ ഇത്രയും നന്നായി രൂപപ്പെടുത്തിയെടുത്ത ഒരു ചിത്രത്തിന് എഡിറ്റിംഗ് ടേബിളില്‍ കാണിച്ച ഉദാസീനത നിരാശാജനകമാണ്.  എന്നാല്‍ മറ്റെല്ലാ സാങ്കേതിക മേഖലകളിലും ചിത്രം ഉന്നതനിലവാരം പുലര്‍ത്തി. തമിഴ് കൊമേഴ്സ്യല്‍ സിനിമകളുടെ ചേരുവകള്‍ പരമാവധി അകറ്റി നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അവസാനത്തെ അനുഷ്കാ ഷെട്ടിയുടെയും വിക്രതിന്റെയും ഗാനരംഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. എങ്കിലും അതുള്‍പ്പടെ എല്ലാ ഗാനങ്ങളുടെയും ചിത്രീകരണം നന്നായിരുന്നു. എ.ആര്‍ റഹ്മാന്റെ അനന്തിരവന്‍ ആയ ജി.വി പ്രകാശ് കുമാറിന്റെ സംഗീതവും നന്നായിട്ടുണ്ട്.  "I am Sam" എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം രൂപം കൊള്ളുന്നത്‌. എന്നാല്‍ ഇപ്പോഴുള്ള മറ്റു സംവിധായകരെപ്പോലെ അത് തുറന്നു സമ്മതിക്കാന്‍ വിജയ്‌ മടിക്കുന്നു. അത് തുറന്നു സമ്മതിക്കുന്നത് കൊണ്ട് ഇവര്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിനു ഒരു കുറവും വരികയില്ല എന്നിവര്‍ മനസിലാക്കാത്തത്‌ കഷ്ടമാണ്.

കിളിമാനൂര്‍ ഗവണ്‍മെന്റ് ടൌണ്‍ യു.പി.എസ്സിലാണ് ഏഴാം ക്ലാസ് വരെ എന്റെ പഠനം. അവിടെ ലാലന്‍ എന്നൊരു കളിക്കൂട്ടുകാരന്‍ നമുക്കുണ്ടായിരുന്നു. ഇരുപതു വയസിനു മുകളില്‍ പ്രായമുണ്ടെങ്കിലും മാനസിക വളര്‍ച്ചയില്ല. അവിടെയുള്ള ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ലാലന്‍. എന്നും രാവിലെ കുളിച്ചു പുതിയ വസ്ത്രങ്ങളും ധരിച്ചു സ്കൂളിനടുത്ത് വരും. പിന്നെ വൈകിട്ട് വരെ സ്കൂളിലെ കൊച്ചു പയ്യന്സുമായി അവിടെയൊക്കെ കറക്കം. യുവജനോത്സത്തിനും മറ്റും പാട്ടുമിട്ട് ലാലന്‍  നമ്മളുമായി ഡാന്‍സും ബഹളവുമായിരിക്കും. ചുണ്ടല്‍പ്പം മുകളിലോട്ടു കൊട്ടി വെച്ചൊരു പുഞ്ചിരിയുമായി സ്കൂള്‍ ജീവിതത്തിലെ ഒരു നിറഞ്ഞ ഓര്‍മ്മയാണ് ലാലന്‍. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. മരിച്ചുപോയി എന്നൊരു വാര്‍ത്ത കേട്ടിരുന്നു; അത് വിശ്വസിക്കാതിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നത് കൊണ്ടാവണം ഞാന്‍ അതിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു വൈകല്യമുള്ള ഒരാളായി ലാലനെ ഞങ്ങളൊരിക്കലും കണ്ടിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു; കുഞ്ഞു മനസിന്റെ നിഷ്കളങ്കതയാവാം അതിനു കാരണം. അത് കൊണ്ടാവാം ലാലന്‍ എപ്പോഴും നമ്മെത്തേടി വന്നിരുന്നത്. 'ദൈവതിരുമകള്‍' എന്നില്‍ ലാലന്റെ ഓര്‍മ്മകള്‍ നിറച്ചു.

ഇതുപോലെ ഉള്ളവര്‍ക്ക് വിവാഹവും കുടുംബജീവിതവും നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും ദുഖകരമായ വസ്തുത. എന്നാല്‍ ഒരു കുടുംബജീവിതത്തിനു ഭാഗ്യമുണ്ടായ കൃഷ്ണ എന്നയാളുടെ കഥയാണ്‌ ഈ ചിത്രം.പ്രസവത്തോടെ ഭാര്യമരിക്കുന്നതോട് കൂടി കുട്ടിയെ ഒറ്റയ്ക്ക് നോക്കേണ്ട ചുമതല കൃഷ്ണയ്ക്ക് വന്നു ചേരുന്നു. മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളോടുള്ളതാണ്  ഏറ്റവും പവിത്രമായ സ്നേഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സ്നേഹം ഏതൊരു വൈകല്യത്തേയും അതിജീവിക്കാന്‍ പര്യാപ്തമാണ് എന്ന സന്ദേശം ഈ ചിത്രം നല്‍കുന്നു. എന്നാല്‍ അപ്പോഴും പ്രായോഗികജീവിതവും ജീവിത യാഥാര്‍ത്ഥ്യങ്ങളും കൂടി കഥപറച്ചിലില്‍ സംവിധായകന്‍ പരിഗണിക്കുന്നു എന്നത് തമിഴ് സിനിമയുടെ മാറ്റത്തിലെക്കുള്ള ഒരു ചൂണ്ടു പലകയാണ്. നാം ബുദ്ധിവളര്‍ച്ചയില്ല എന്ന് പരിഹസിച്ചു സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന പലരും നമ്മെക്കാള്‍ വലിയ മനസിന്‌ ഉടമയാണ് എന്ന് നാം തിരിച്ചറിയുന്നില്ല. അങ്ങനൊരു തിരിച്ചറിവിന് ഈ ചിത്രം കാരണമായി എങ്കില്‍ അത് തന്നെയാണ് ഈ സിനിമയുടെ വിജയം, സിനിമ എന്ന കലാരൂപത്തിന്റെയും  വിജയം.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

സച്ചിന്‍: പ്രോഫഷണലുകള്‍ക്ക് ഒരു പാഠപുസ്തകം...

"Play Hard, but Play Fair"; ലോകകപ്പില്‍ വെസ്റ്റ് ഇന്ടീസിനെതിരായ മത്സരത്തില്‍ രവി രാംപോളിന്റെ ആദ്യ ഓവറില്‍ എഡ്ജ് കീപ്പര്‍ ക്യാച് ആയപ്പോള്‍ അമ്പയര്‍ നോട്ടൗട്ട് കൊടുത്തിട്ടും അമ്പയറെ നോക്കുക പോലും ചെയ്യാതെ സച്ചിന്‍ നടന്നകന്നു. അപ്പോള്‍ കമന്റെറ്റര്‍ ആയിരുന്ന സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞ വാചകമാണിത്. ഒരു പ്രോഫഷണലിനു വേണ്ട അടിസ്ഥാന ഗുണങ്ങളാണിവ, അവര്‍ ഏതു മേഖലയിലുള്ളതോ ആവട്ടെ, പ്രോഫഷനലുകള്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ് സച്ചിന്റെ ജീവിതം.

Play Hard
സ്വന്തം പ്രൊഫഷനെ പ്രണയിക്കുക, അര്‍പ്പണമനോഭാവം കാണിക്കുക. വിജയം നിങ്ങള്‍ക്കു തന്നെയായിരിക്കും. അതാണ്‌ സച്ചിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌. തനിക്കു പ്രതിഭ ഏതിലാണ് എന്ന് അറിയുക. അതിനായി സര്‍വവും സമര്‍പ്പിക്കുക. നമ്മള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ അത് നമുക്ക് തിരിച്ചു തരും. 'If you do the job that you love, then you will not have to work a single day in your life' എന്നെവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. ക്രിക്കറ്റ് നിര്‍ത്തുന്ന കാര്യം ചോദിച്ചപ്പോള്‍ സച്ചിന്‍ പറഞ്ഞത് 'താന്‍ ഇപ്പോളും ഈ കളി എന്ജോയ് ചെയ്യുന്നു; എന്ന് ഈ എന്ജോയ്മെന്റ്റ് ഇല്ലതാകുന്നോ അന്ന് കളി നിര്‍ത്തും' എന്നാണ്. അതാണ്‌ ഒരു പ്രൊഫഷണലിനു  വേണ്ട ഏറ്റവും ശരിയായ മനോഭാവം എന്ന് ഞാന്‍ കരുതുന്നു. ഇനി നേടാന്‍ സച്ചിനോന്നും ബാക്കിയില്ല. എന്നിട്ടും റണ്‍സ് വാരിക്കൂട്ടാനുള്ള ആവേശം സച്ചിനില്‍ ഇപ്പോഴും കെടാതെ നില്‍ക്കുന്നു. നൂറാമത്തെ സെഞ്ച്വറിയോടെ ബ്രാട്മാനൊപ്പമാവും ക്രിക്കെറ്റ് ചരിത്രത്തില്‍ സച്ചിന്റെ സ്ഥാനം.


Play Fair
എന്നാല്‍ കഠിനമായ അധ്വാനത്തോടൊപ്പം നേരായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുക, അഥവാ കുറുക്കു വഴികള്‍ തേടാതിരിക്കുക. കുറുക്കു വഴിയിലൂടെയോ മറ്റുള്ളവയ്ക്ക് പാര പണിതോ എളുപ്പത്തില്‍ പലതും നേടാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷെ അതൊരിക്കലും ശാശ്വതമാവില്ല. പ്രൊഫഷണലുകള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം സോഫ്റ്റ്‌വെയര്‍, ഐ.ടി മുതലായ പുത്തന്‍ തൊഴില്‍ മേഖലകള്‍ പലതും ശക്തമായ മത്സരം നിലനിക്കുന്ന ഇടമാണ്. അവിടെ പിടിച്ചു നില്‍ക്കാന്‍ പലരും പല വഴികളും തേടാറുണ്ട്. എന്നാല്‍ നേരായ വഴിയിലൂടെ അല്ലാതെ അനര്‍ഹമായ പദവികള്‍ നേടുന്നവരുടെ പലരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആയിരിക്കും.കായിക രംഗത്ത്‌ തന്നെ ഇതിനു എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ചുരുങ്ങിയ കാലം കൊണ്ട് നേട്ടങ്ങള്‍ വാരിക്കൂട്ടി ലോകം തന്നെ തന്റെ കാല്‍ക്കീഴില്‍ ആക്കിയ, എന്നാല്‍ മരുന്നടിക്ക് പിടിക്കപ്പെട്ടു ഒടുവില്‍ ആരുമല്ലാതായിത്തീര്‍ന്ന താരങ്ങള്‍. കോഴ വിവാദത്തില്‍പ്പെട്ടു സ്വന്തം കരിയര്‍ തന്നെ നഷ്ടപ്പെടുത്തിയവര്‍. എന്നാല്‍ തന്റെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ഒരു ചെറിയ ആരോപണം പോലും സച്ചിന് നേരെ ഉണ്ടായിട്ടില്ല. പ്രൊഫെഷണല്‍ ആയി ജീവിത വിജയം നേടണമെങ്കില്‍ കഠിനാധ്വാനം മാത്രം പോര, അത് ചെയ്യുന്ന മാര്‍ഗ്ഗവും ശരിയായിരിക്കണം എന്ന് സച്ചിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സച്ചിന്റെ കളിക്കൂട്ടുകാരനായിരുന്ന വിനോദ് കാംബ്ലിയ്ക്ക് യഥാര്‍ത്ഥത്തില്‍ സച്ചിനേക്കാള്‍ പ്രതിഭയുണ്ടായിരുന്നു എന്നാണു ഇരുവരുടെയും കുട്ടിക്കാലത്തെ കോച്ചായിരുന്ന രമാകാന്ത് അച് രേക്കര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കാംബ്ലി തെരഞ്ഞെടുത്ത വഴി എന്ന് അദ്ദേഹത്തെ എവിടെയാണ് കൊണ്ട് എത്തിച്ചിരിക്കുന്നത് എന്നോര്‍ക്കുക.


ഒരിക്കല്‍ ഒരു ഇന്റെര്‍വ്യൂവില്‍ സച്ചിന്‍ പറയുകയുണ്ടായി, മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് താന്‍ ശ്രദ്ധിക്കാറില്ല. തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുക. അല്ലാതെ മറ്റുള്ളവരുടെ കുറവുകളും മറ്റും കണ്ടുപിടിച്ചു അതിന്റെ ദുരുപയോഗം ചെയ്ത് ആളാവുകയല്ല വേണ്ടത്. പ്രൊഫഷനല്‍ രംഗത്തുള്ളവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണിത്. സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിക്കുക. പോരാടുക. വിജയം നിങ്ങളുടേത് തന്നെ ആയിരിക്കും. സച്ചിന്‍ ഗ്യാരന്റി.


വാല്‍ക്കഷണം: കായികതാരങ്ങളെക്കൂടി ഭാരതരത്നയ്ക്ക് പരിഗണിക്കുന്നതിനായി ഭേതഗതി കൊണ്ട് വരുന്നു; ആര്‍ക്കുവേണ്ടിയാനെന്നു ഊഹിക്കാമല്ലോ. ;)

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

സ്പോണ്‍സേര്‍ഡ് കമന്റ്: ഇതൊക്കെ പറയാന്‍ താന്‍ ആരുവാ?

ആരുമല്ലണ്ണാ, ന്നാലും പറയാതെ വയ്യ.....