ഞായറാഴ്‌ച, ജൂലൈ 24, 2011

ആദാമിന്റെ മകന്‍ അബു

Rating: 4.5/5
ടി.ഡി.ദാസന്‍ പോലെ നല്ല കുറെ സിനിമകള്‍ തീരെ ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഇടപെടല്‍ മൂലം ആ ദുരന്തത്തില്‍  നിന്ന് രക്ഷപെട്ട ഒരു സിനിമയാണ് 'ആദാമിന്റെ മകന്‍ അബു'. സാധാരണ ഗതിയില്‍ ഇന്നത്തെ അവസ്ഥ വെച്ച് തീയേറ്റര്‍ കിട്ടാനിടയില്ലാത്ത ഈ ചിത്രത്തെ അവാര്‍ഡ് നല്‍കിയ പ്രസിദ്ധി രക്ഷപെടുത്തുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പുതുമുഖ സംവിധായകനായ സലിം അഹമ്മദിന്റെ ഈ ചിത്രം ഇതു തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. നാല് വീതം ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ നേടിയ മോശമല്ലാത്ത വിജയം മലയാള സിനിമാ പ്രേമികള്‍ക്ക് തികച്ചും സന്തോഷം നല്‍കുന്നതാണ്.


പത്മശ്രീ ലെഫ്. കേണല്‍ ഡോക്ടര്‍ മെഗാസ്റാര്‍ മോഹന്‍ലാലിനെപ്പറ്റി  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേള്‍ക്കുന്ന പരാതി, അദ്ദേഹത്തിന്റെ സിനിമകളില്‍ കഥാപാത്രമില്ല, പകരം മോഹന്‍ലാല്‍ മാത്രമേ ഉള്ളൂ എന്നാണ്. എന്നാല്‍ അതിനെ നേരെ വിപരീതമാണ് ഈ ചിത്രം. ഈ ചിത്രത്തില്‍ സലിം കുമാറോ, സെറീന വഹാബോ ഇല്ല; കലാഭവന്‍ മണിയും നെടുമുടിയും സുരാജും മുകേഷും ഇല്ല. അബുവും ഐഷുമ്മയും ജോണ്സനും മാഷും ഹൈദറും അഷ്റഫുമേ ഉള്ളൂ. ഇതു തീര്‍ച്ചയായും സംവിധായകന്റെ മികവാണ്. ആദ്യ ചിത്രമാണ് എന്ന് തോന്നിപ്പിക്കാത്ത കയ്യടക്കത്തോടെ ഇതു സാധ്യമാക്കിയ സലിമിന് അഭിനന്ദനങ്ങള്‍. സലിമിന്റെ നാട്ടില്‍ പണ്ട് ജീവിച്ചിരുന്ന ഒരു അത്തര്‍ കച്ചവടക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹജ്ജ് മോഹവുമായി നടക്കുന്ന, അതിനായി തന്റെ ചെറിയ വരുമാനത്തില്‍ ഭൂരിഭാഗവും സമ്പാദ്യമാക്കുന്ന മകന്‍ ഉപേക്ഷിച്ചു പോയ ഒരു വൃദ്ധന്‍.  സലിം വളരെകാലമായി മനസ്സില്‍ കൊണ്ട് നടന്നു പരുവപ്പെടുത്തി എടുത്തതാണ് ഈ കഥ. അതിന്റെ മെച്ചം ചിത്രത്തിലുടനീളം അനുഭവപ്പെടുന്നു.
സലിം കുമാര്‍ എന്ന നടന്റെ റേഞ്ച് എന്തെന്ന് കാട്ടിത്തരുന്നു ഒരു ചിത്രമാണ് ഇത്. നേരത്തെ പറഞ്ഞത് പോലെ നമുക്കെല്ലാം സുപരിചിതനായ സലിം കുമാറിനെ ചിത്രത്തില്‍ ഒരിടത്തും കാണാന്‍ കഴിയില്ല; പകരം അബു എന്ന അത്തര്‍ കച്ചവടക്കാരന്‍ മാത്രം. വേളിയിലാണ് എന്‍റെ ഉമ്മയുടെ വീട്. അവിടത്തെ ഇടവഴികളില്‍ ഞാന്‍ കണ്ടിട്ടുണ്ട് അബുമാരെ. സലിം കുമാറിന്റെ നിരീക്ഷണ പാടവവും അതു വേണ്ടിടത്ത് ഉപയോഗിക്കാനുള്ള പ്രാപ്തിയും വിസ്മയിപ്പിക്കുന്നതാണ്. അച്ഛനുറങ്ങാത്ത വീടിനു ശേഷം അദ്ദേഹം ചെയ്ത ഏറ്റവും നല്ല കഥാപാത്രം എന്ന് നിസംശയം പറയാം. ചിത്രത്തിന് അദ്ദേഹം പ്രതിഫലം വാങ്ങിയില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ 'ലാഫിംഗ് വില്ല' ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുകയും ചെയ്തു. നല്ല സിനിമകളോട് സലിം കുമാര്‍ കാണിക്കുന്ന അഭിനിവേശം എല്ലാ മുന്‍നിര നടന്മാര്‍ക്കും മാതൃകയാക്കാവുന്നതാണ്. പിന്നെ എടുത്തു പറയേണ്ടത് വെഞ്ഞാറമൂട് സുരാജിന്റെ അഭിനയമാണ്. സുരാജ് ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല കഥാപാത്രമാണ് ഈ ചിത്രത്തില്‍ ഹൈദര്‍. എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയായിത്തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. മധു അംബാട്ടിന്റെ ക്യാമറയും രമേശ്‌ നാരായണന്റെ സംഗീതവും എടുത്തു പറയേണ്ട സവിശേഷതകള്‍ ആണ്.

ഇപ്പോഴത്തെ സാധാരണ മലയാള സിനിമകളുടെ സ്ഥിരം ഫോര്‍മുലകള്‍ ഒന്നും തന്നെ പ്രയോഗിക്കാതെ, തന്റെ രീതിയില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യം അദ്ദേഹം കാട്ടിയിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യരെല്ലാം നല്ലവരാണ് എന്ന ഒരു സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്.'വില്ലന്‍' എന്നൊരു ആശയം തന്നെ ചിത്രത്തില്‍ ഇല്ല. മനുഷ്യരുടെ മനസിലെ നന്മയെ പല രീതിയില്‍ തുറന്നു കാട്ടുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. ഗോപകുമാര്‍  അവതരിപ്പിച്ച സുലൈമാന്‍ പോലും തുടക്കത്തില്‍ നെഗറ്റീവ് ആയി തോന്നിക്കുമെങ്കിലും ആത്യന്തികമായി മനുഷ്യരുടെ നന്മയുടെ പ്രതീകമാണ്. ചില പോരായ്മകള്‍ ഈ ചിത്രത്തിനുമുണ്ട്. എന്നാല്‍ സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്ന നന്മയുടെ വെളിച്ചം ഈ പോരായ്മകളിലെയ്ക്ക് പോകാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതുപോലെ ഒരു പുതിയ സംവിധായകന്റെ ഒന്നരക്കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഒരു കൊച്ചു ചിത്രം കരസ്ഥമാക്കിയ നേട്ടങ്ങളില്‍ നിന്ന്  നമ്മുടെ മുന്‍നിര സംവിധായകരും താരങ്ങളും ചിലതൊക്കെ പഠിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നിര്‍ത്തുന്നു.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

Related Posts:

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും' 

പ്രേക്ഷകര്‍ അറിയുന്നതിന്... 

മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ...... 

 

 

 


2 അഭിപ്രായങ്ങൾ:

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....