വെള്ളിയാഴ്‌ച, മേയ് 20, 2011

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ സലിം കുമാറിന് അഭിനന്ദനങ്ങള്‍. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സലിം അഹമ്മദിനും അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് അവാര്‍ഡ്‌ കിട്ടിയ 'ആദാമിന്റെ മകന്‍ അബു' റിലീസ് ആയോ എന്ന് പോലും എനിക്കറിയില്ല. ആയെങ്കില്‍ത്തന്നെ തീയേറ്റര്‍ കിട്ടാന്‍ സാധ്യതയല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ ചിത്രം അവാര്‍ഡ് കൊടുത്ത ജൂറി ഒഴിച്ച് വേറാരും കണ്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഈ അവസരം മുതലെടുത്ത്‌ ചിലര്‍ ദുഷ്പ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്. അതാണ്‌ ഇതെഴുതാന്‍ കാരണം. ഇവര്‍ പറയുന്നത് കൊണ്ഗ്രസ്സിനു വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങിയതിനുള്ള പ്രതിഫലമാണ് ഈ അവാര്‍ഡ് എന്ന്. ഇവിടെ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ ചിത്രം ആരും കാണാത്തത് കൊണ്ട് സലിംകുമാറിന്റെ അഭിനയത്തെപ്പറ്റി വിലയിരുത്താന്‍ കഴിയില്ല. രണ്ട്, ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ക്ക് (മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ ചിത്രം മോശമാവാന്‍ വഴിയില്ല) തീയേറ്റര്‍ കിട്ടുന്നില്ല. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.


അച്ഛനുറങ്ങാത്ത വീടും, കേരള കഫേയിലെ ബ്രിഡ്ജും മറ്റും കണ്ടിടുള്ളവര്‍ക്ക് സലിം കുമാറിന്റെ അഭിനയശേഷിയെപ്പറ്റി തെല്ലും സംശയമുണ്ടാവില്ല. അതു കൊണ്ട് തന്നെ ഈ ചിത്രത്തില്‍ സലിം കുമാര്‍ അവാര്‍ഡിനര്‍ഹമായ പ്രകടം കാഴ്ചവെച്ചു അര്‍ഹമായ അവാര്‍ഡാണ് നേടിയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിനു തന്നെയാണ് സാധ്യത. ഇതു കോണ്ഗ്രസ് പ്രചാരണത്തിനുള്ള പ്രതിഫലമാണ് എന്ന് പറഞ്ഞാല്‍ അതു ശുദ്ധ ഭോഷ്കാണ്. കാരണം സലിം കുമാര്‍ ഇറങ്ങിയതുകൊണ്ട് അത്ര ഭയങ്കര നേട്ടമൊന്നും കൊന്ഗ്രസ്സിനുണ്ടായതായി ഞാന്‍ കരുതുന്നില്ല. മാത്രവുമല്ല സലിം കുമാര്‍ പണ്ടുമുതല്‍ തന്നെ അടിയുറച്ച കോണ്ഗ്രസ് അനുഭാവിയാണ്. കുറേക്കാലം പാര്‍ട്ടി പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. ആ അനുഭവങ്ങള്‍ അദ്ദേഹം മാതൃഭൂമിയില്‍ വന്ന ലേഖനത്തില്‍ പറഞ്ഞിട്ടുണ്. ആ അഭിമുഖവുമായി ബന്ധപ്പെട്ടു ഗൂഗിള്‍ ബസ്സില്‍ വളരെ മുന്‍പ് നടന്ന ഒരു ചര്‍ച്ച ഇവിടെ. അപ്പോള്‍ പറയുന്നത് മോഹന്‍ലാല്‍ പരദേശിയില്‍ ഇതിലും മികച്ച അഭിനയം നടത്തിയിട്ടും അവാര്‍ഡ് കിട്ടിയില്ല എന്ന്. മോഹന്‍ലാല്‍ ഒരു സിനിമയില്‍ നന്നായി അഭിനയിച്ചിട്ട്‌ അവാര്‍ഡ് കിട്ടാത്തത് കൊണ്ട്  വേറെ ഒരു മലയാളികള്‍ക്കും അവാര്‍ഡ് കിട്ടരുത് എന്നാണോ പറഞ്ഞു വരുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മാത്രം അവാര്‍ഡു കിട്ടിയാല്‍ മതി എന്ന് കരുതുന്ന മലയാളികളായ ചില ജൂറി അംഗങ്ങള്‍ ഉണ്ടായിരുന്ന്നു എന്നത് നേര് തന്നെ. എന്നാല്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തു ഒടുങ്ങിപ്പോകുമായിരുന്നു ഒരു നല്ല നടനെ അഭിനയ സാധ്യതയുള്ള വേഷം നല്‍കിയ സംവിധായകനും അദ്ദേഹത്തിനു അവാര്‍ഡ് നല്‍കി പ്രോത്സാഹിപ്പിച്ച ജൂറിയും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല എന്നോര്‍ക്കുക. ഇനിയും നല്ല നല്ല വേഷങ്ങള്‍ അദ്ദേഹത്തിനു ഇനിയും ലഭിക്കട്ടെ എന്നും അതിലൂടെ മലയാള സിനിമ സമ്പന്നമാകട്ടെ എന്നും ആശംസിക്കുന്നു.


അടുത്ത പ്രശ്നം നല്ല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ കിട്ടുന്നില്ല എന്നുള്ളതാണ്. 'സിറ്റി ഓഫ് ഗോഡ്' ഒരു നല്ല ചിത്രമാണെന്ന് കേട്ടിരുന്നു. നാട്ടില്‍പ്പോകുമ്പോള്‍ കാണണമെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ ചെന്നപ്പോള്‍ തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ പോലും ഈ ചിത്രമില്ല. സിനിമ ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴുള്ള സ്ഥിതിയാണ് എന്ന് ഓര്‍ക്കണം. അതേ സമയം ഒരു പട്ടിക്കുഞ്ഞു പോലും കാണാനില്ലാഞ്ഞിട്ടും 'ചൈന ടൌണ്‍' എന്ന സൂപ്പര്‍ സ്റ്റാര്‍ മള്‍ടി സ്റ്റാര്‍ തറപ്പടം രണ്ട് വലിയ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പൊഴാണ് 'സിറ്റി ഓഫ് ഗോഡ്'-ണ് ഈ സ്ഥിതി വന്നത് എന്നോര്‍ക്കുക. ഇതു തന്നെയാണ് മലയാള സിനിമയുടെ യഥാര്‍ഥ പ്രതിസന്ധി. സൂപ്പര്‍ സ്ടാരുകള്‍ (രണ്ട് പേരും മോശമല്ല) ഒരു നിലവാരവുമില്ലാത്ത തറപ്പടങ്ങളില്‍ അഭിനയിച്ചിട്ടു അതു പൊളിയുമ്പോള്‍ താരപദവി നിലനിര്‍ത്താന്‍ തീയെറ്റരുകാര്‍ക്ക് അങ്ങോട്ട്‌ കാശ് കൊടുത്തു പടം ഓടിക്കുക. അതുവഴി സൂപ്പര്‍ താരങ്ങളില്ലാത്ത നല്ല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ ലഭിക്കാതിരിക്കുക. എന്നിട്ട് പ്രതിസന്ധിയെന്ന് പറഞ്ഞു ബഹളവും സമരവും. കോപ്പ്!  തീയെട്ടറുകാരും വിതരണക്കാരും ആവശ്യം ചെയ്യണ്ടത് മലയാളത്തിനു വളരെയേറെ അഭിമാനം നേടിത്തന്ന ഈ ചിത്രത്തില്‍ കുറച്ചു തീയെട്ടറുകളിലെങ്കിലും രണ്ടാഴ്ചയെങ്കിലും ഓടിക്കുക എന്നതാണ്. ആ നിര്‍മ്മാതാവിന് മുതല്‍മുടക്കെങ്കിലും തിരിച്ചു കിട്ടട്ടെ. വീട്ടിലേക്കുള്ള വഴി, ടി.ഡി ദാസന്‍, സിറ്റി ഓഫ് ഗോഡ് മുതലായ നല്ല ചിത്രങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണന ഈ ചിത്രത്തിനെന്കിലും ഉണ്ടാവാതിരിക്കട്ടെ. ഇതിനെ നല്ല ചിത്രങ്ങള്‍ തീയേറ്ററില്‍ പോയി കാണണമെന്ന ആഗ്രഹമുള്ള ഒരു പാവം സിനിമാ പ്രേമിയുടെ അഭ്യര്‍ഥനയായി കണ്ടാല്‍ മതി. സൂപ്പര്‍ താരങ്ങളോട്, പ്ലീസ് സലിം കുമാറിനെ കണ്ടു പഠിയ്ക്കൂ.... 
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രം : വിക്കിപ്പീഡിയ

വാല്‍ക്കഷണം: മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മുരളിക്ക് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ച ചിത്രമാണ് പ്രിയനന്ദനന്റെ 'പുലിജന്മം'. ഇതു തീയേറ്ററില്‍ പോയി കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ അപൂര്‍വ്വം. ഒരു സി.ഡി കടയില്‍ ചെന്നു പുലിജന്മത്തിന്റെ സി.ഡി ചോദിച്ചപ്പോള്‍ ആയിരക്കണക്കിന് തട്ടിക്കൂട്ട് പടങ്ങളുടെ ഇടയില്‍ നിന്ന് പുള്ളി എന്നോട് ചോദിക്കുവാണ്, പുലിജന്മോ അതെന്തര് എന്ന്.....  :(

6 അഭിപ്രായങ്ങൾ:

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....