ശനിയാഴ്‌ച, മേയ് 21, 2011

മുഖ്യനോട് ചോദിക്കാം...

പ്രിയപ്രേക്ഷകരെ, കുട്ടി മില്‍ക്ക് ക്രീം 'മുഖ്യനോട് ചോദിക്കാം' എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം.

ഇതാ ആദ്യത്തെ കോള്‍. ഹലോ ആരാണ്?

ഹലോ, മുഖ്യനോട് സംസാരിക്കണമല്ലോ.

സംസാരിച്ചോളൂ, ഇതു ഞാനാണ്.

സാര്‍, ഇത് ഞാനാണ് പി.ജെ.ഗോമസ്, പഴേ സി.ബി.സി.

ആ എന്തൊക്കെയുണ്ട് മോനെ?

എന്ത്? താങ്കള്‍ ആ താമോലീന്‍ കേസില്‍ നിന്ന് ഊരിയല്ലേ.

പിന്നില്ലേ. റിസള്‍ട്ട്‌ വന്നതിനെ അന്ന് ഉച്ചയ്ക്ക് തന്നെ സിജിലന്സുകാര് റിപ്പോര്‍ട്ട്‌ കൊടുത്തില്ലേ, എനിക്ക് ഈ താമോലീന്‍ എന്താന്നു പോലും അറിയില്ലാന്നു. ഞാനാരാ മോന്‍. റിസള്‍ട്ട്‌ വന്നപ്പ തന്നെ നമ്മള്‍ ഭരണം തുടങ്ങിയില്ലേ. 'അതിവേഗം ബഹുദൂരം' എന്നല്ലേ പ്രമാണം. എങ്ങോട്ടാണ് പോണത് മാത്രം ചോദിക്കരുത്, യേത്?

തന്നെ തന്നെ, എന്നിട്ട് നമ്മളെ കാര്യം ഓര്‍ത്തില്ലല്ലാ. ആ സ്പെക്ട്രത്തില്‍ ചില്ലറ സഹായമൊക്കെ കൊടുത്തിട്ടാ ആ സി.ബി.സി കസേര ഒപ്പിച്ചേ. ഈ കേസ് കാരണം അതങ്ങ് പോയിക്കിട്ടി.

നീ പേടിക്കണ്ട. നമ്മ ഭരണത്തീ കേറീലെ. ഇത്രേം പ്രശ്നം ഉണ്ടാക്കിയ മില്‍ക്ക് ക്രീം കേസ് വരെ നമ്മള് ശരിപ്പെടുത്തും, നോക്കിക്കോ. പിന്നാണാ ഇതു. ഞാന്‍ നാളെ ദില്ലിക്ക് വരുന്നുണ്ട്. അപ്പൊ കാണാം. ഞാന്‍ ഏറ്റു. ആ അമ്പലമുക്കിലെ അയ്യേ എസ്സുകാരനേം കൂടി വിളിച്ചോ. അങ്ങേരും ഈ കേസിലില്ലേ.

ശരി. അപ്പൊ ദില്ലിയില്‍ കാണാം.

ആ കാണാം. പി.എ നോട്ട് ദി പോയിന്റ്‌.

അടുത്ത കോള്‍. ആരാണ്?

ഞാനാ അടൂര്‍ സുരേഷ്.

ആ ഞാനാ മുഖ്യന്‍. മനസിലായി, ആ റേഷന്‍ കട തുടങ്ങാന്‍ ഇരുപത്തഞ്ചു ലക്ഷം കൈക്കൂലി ചോദിച്ച കേസ്. അല്ലേ. ആള് നമ്മളെ പാര്‍ട്ടിക്കാരന്‍ തന്നെ ആയത് നന്നായി. പിന്നെ അന്ന് അങ്ങേരെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങിചില്ലേ, പരാതി ഒന്നും ഇല്ലെന്ന്.


പക്ഷെ അതു സ്വീകരിക്കാന്‍ പറ്റില്ലെന്നാണല്ലോ അന്നത്തെ സിജിലന്‍സിന് കിട്ടിയ നിയമോപദേശം.

ഒന്ന് പോടേ. അതു വേ ഇതു റെ. ഇപ്പ നമ്മളല്ലെടെ. നീ ആയാ ലെറ്റര്‍ കൊണ്ട് എപ്പീചെരെ. റെഡിയാക്കാം.

ഒ ശരി. പിന്നെ എന്‍റെ മന്ത്രി സ്ഥാനം.

ഹലോ, കേക്കാന്‍ വയ്യ. ഹലോ.

എന്‍റെ മന്ത്രിസ്ഥാനം.

കേക്കാന്‍ വയ്യാ. ഫോണ്‍ കട്ട് ചെയ്യ്.

എനിക്ക് കേക്കാമായിരുന്നല്ലോ സാര്‍.

എന്നാ താന്‍ തന്റെ പോക്കറ്റീന്നെടുത്തു  കൊടുക്കടോ, മന്ത്രിസ്ഥാനം. ഇല്ലെങ്കില്‍ തന്നെ ഓരോന്നാലിചിച്ചു തലപെരുത്തിട്ടു പാടില്ല. അപ്പോഴാ.

സാര്‍ അടുത്ത കോള്‍.

സാറെ ഇതു ഞാനാ, പാലായീന്നു ബെന്നി.

ആ മോനെ കുട്ടാ. സുഖമാണോ?

ആ വലിയ പതപ്പിക്കലൊന്നും വേണ്ടട്ടാ. ഇവിടെ പാലം വലിച്ചതാരാണെന്നൊക്കെ നമ്മക്കറിയാം. ഞാന്‍ നിക്കണോ പോണോ?

അയ്യോ പോവല്ലേ. എന്താ ബെന്നീ ഇതു കൊച്ചു കുട്ടികളെപ്പോലെ..

പിന്നെ നമ്മുടെ രണ്ടുമൂന്നു കേസുണ്ടായിരുന്നു. ആ കൂ.എസ്.ടി.പി. നമ്മടെ റോഡ്‌ വികസനേ. പിന്നെ തുനാമി ഫണ്ട്‌ കടലില്ലാത്ത കോട്ടയത്ത്‌ ചെലവഴിച്ചൂന്നു ഒരെണ്ണം.

ലവന്മാര് ഇറങ്ങുന്നതിനു മുന്നേ കൂ.എസ്.ടി.പി പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് സിജിലന്‍സ് അന്വേഷണത്തിന് ഒരു ഉത്തരവ് കൊടുത്തിരുന്നു. നമ്മള്‍ എന്തായാലും ഇപ്പൊ അതങ്ങ് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. തീഫ് സെക്രട്ടറി അതേറ്റു. അക്കാര്യം പേടിക്കണ്ട. പിന്നെ തുനാമി ഫണ്ട്‌. അതാക്കെ നാട്ടാര് മറന്നില്ലെടെ. വിട്ടു കള.

ആ അതുമതി. അപ്പൊ വെചെക്കട്ടെ. ഞാന്‍ നമ്മടെ അച്ചായനെ കാണാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ആ കൊടിയുള്ള കാറില്‍ കേറി ഒന്ന് കറങ്ങണം. ഇടയ്ക്ക് അങ്ങോട്ടും വരാം.

ഓ ശരി. സന്തോഷം. വെക്കട്ടെ.

സാറേ, അങ്ങട് കേറുന്നെനു മുന്നേ ഇങ്ങനെ എല്ലാം കൂടെ എഴുതിതള്ളിയാ. പഴേ പോലെന്നുമല്ല. പ്രതിപക്ഷം വന്‍ സ്ട്രോങ്ങാ. ആ സി.എസ്സും കൂട്ടരും ചുമ്മാ ഇരിക്കുകേല.

അതെനിക്കുമറിയാടെ. എന്നാ ചെയ്യാനാ. ജയിലില്‍ പോകാതിരിക്കാന്‍ വേണ്ടിയല്ലേ പലരും മത്സരിച്ചു ജയിച്ചതുതന്നെ...

സാറും മോശമല്ല.

ഒന്ന് പൊ അവിടന്ന്. അവന്റ ഒരു തമാശ. ഹൊ

സാറേ ലാസ്റ്റ് കാള്‍.

അതെന്താടെയ് അതു കഴിഞ്ഞാ മന്ത്രിസഭാ വീഴോ?

അതല്ല സാറേ, സമയം തീരാറായി.

വോ അതാണാ. ചുമ്മാ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതടേയ്. ഇല്ലെന്കീ തന്നെ മുള്ളിന്റെ മോളിലാ ഇരുപ്പു.
ആ ആരാ?

ഞാന്‍ പൊതുജനം.

ആ, എന്തരൊക്കെയുണ്ട്; സുഖമല്ലേ. അടുത്ത അഞ്ചു കൊള്ളാം നമ്മള്‍ അടിച്ചു പോളിക്കയല്ലേ. താന്‍ കരയുവാണോ?

അല്ല സാറേ, ആനന്ദാശ്രു. ഇതൊക്കെ കണ്ടിട്ട് സന്തോഷം സഹിക്കുന്നില്ല.

വോ അങ്ങനെ. ഞാനും വിചാരിച്ച്, ഞാന്‍ ഫരിക്കുമ്പോ പൊതുജനം കരയേ? എന്തരിനു? ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത (തള്ളേ!) സര്‍ക്കാരല്ലേ. ഹി ഹി ഹി. പെട്രോളിന്റെ അധിക നികുതി നമ്മ വേണ്ടാന്നു പറഞ്ഞില്ലേ. പെട്രോളിന് ഒരു രൂപ കുറയും. ശോ ഫയങ്കരം തന്നല്ലേ.

തന്നെ തന്നെ. ഇതിനും കൂടി ചേര്‍ത്ത് അടുത്തയാഴ്ച കൂട്ടുമായിരിക്കും. ഇങ്ങന്നാണേല്‍ സാറ് ഇറങ്ങുന്നെന് മുന്നേ പെട്രോളിന് വില സെഞ്ച്വറിയും കഴിഞ്ഞു ഡബിള്‍ സെഞ്ച്വറിയിലെത്തുവല്ലോ സാറേ.

അതു പിന്നെ സച്ചിന് മാത്രം ഡബിള്‍ സെഞ്ച്വറി അടിച്ചാ മതിയാ, അമ്ബാനീം കൂടെയൊക്കെ ഒന്നടിക്കട്ട്(ആത്മഗതാഗതം). ആ ആ അതു പിന്നെ അന്താരാഷ്‌ട്രവിപണിയില്‍ എണ്ണവില കൂടിയില്ലായോ....

സാറേ, അന്താരാഷ്ട്ര വിപണീല് ബാരലിന് നൂറ്റിനാല്പത് ഡോളര്‍ ഉണ്ടായിരുന്നപ്പോ എണ്ണവില മുപ്പത്തഞ്ച് രൂപ. ഇപ്പൊ ബാരലിന് നൂറു ഡോളര്‍; എണ്ണവില അറുപത്തേഴു രൂപ(അതാ ഇനി പിന്നേം കൂട്ടിയാ?).

ആ ആ അതുപിന്നെ, ഡോളറിന്റെ മൂല്യവും....

ജയിപ്പിചെന്നു വിട്ടെന്ന് കരുതി എന്നെ വെറും മണ്ടകൊണേപ്പി ആക്കാതെ സാറേ..

 
ഡോ, ഈ പെട്രോളൊക്കെ പണക്കാരല്ലേ ഉപയോഗിക്കുന്നേ, താന്‍ വലതുപക്ഷ ബുദ്ധിജീവികള്‍ ഇറക്കുന്ന ബസ്സുകളൊന്നും കാണാറില്ല എന്ന് തോന്നുന്നു.

 
പിന്നെ എനിക്കതല്ലേ പണി, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. സ്കൂട്ടറും ബൈക്കുമൊക്കെ പണക്കാര്‍ക്ക് മാത്രമാണല്ലോ...

ആ ആ എന്നാപ്പിന്നെ താന്‍ അല്പം മാറി നിന്ന് ആനന്ദാശ്രു പൊഴിക്ക്. ഞാന്‍ പോയാ മന്ത്രിമാരെയൊക്കെ ഒന്ന് ഫിക്സ് ചെയ്യട്ട്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ക്രിസ്തൂനു പോലും ഇത്രേം ബുദ്ധിമുട്ട് ഉണ്ടായിക്കാണത്തില്ല.

വോ നടക്കട്ട്. പഴേ പോലെ അഞ്ചു വര്‍ഷോന്നൊന്നും പറേണില്ല. ഒടനെ കാണാം.


ആ ആ അപ്പൊ ശരി. അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം

ആ കാണലല്ല...

ശരി അപ്പൊ. ഫോണ്‍ കട്ട് ചെയ്യടെ...

ശുഭം?
മംഗളം??
അനൂപ്‌ കിളിമാനൂര്‍

(ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. ഈ പോസ്റ്റിലേ ഏതെങ്കിലും കഥാപാത്രത്തിന്  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തരേലും സാദൃശ്യം തോന്നുന്നേല്‍ അതു അവരുടെ കയ്യിലിരുപ്പു കൊണ്ട് മാത്രമാണ്.)  

വെള്ളിയാഴ്‌ച, മേയ് 20, 2011

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ സലിം കുമാറിന് അഭിനന്ദനങ്ങള്‍. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സലിം അഹമ്മദിനും അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് അവാര്‍ഡ്‌ കിട്ടിയ 'ആദാമിന്റെ മകന്‍ അബു' റിലീസ് ആയോ എന്ന് പോലും എനിക്കറിയില്ല. ആയെങ്കില്‍ത്തന്നെ തീയേറ്റര്‍ കിട്ടാന്‍ സാധ്യതയല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ ചിത്രം അവാര്‍ഡ് കൊടുത്ത ജൂറി ഒഴിച്ച് വേറാരും കണ്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഈ അവസരം മുതലെടുത്ത്‌ ചിലര്‍ ദുഷ്പ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്. അതാണ്‌ ഇതെഴുതാന്‍ കാരണം. ഇവര്‍ പറയുന്നത് കൊണ്ഗ്രസ്സിനു വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങിയതിനുള്ള പ്രതിഫലമാണ് ഈ അവാര്‍ഡ് എന്ന്. ഇവിടെ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ ചിത്രം ആരും കാണാത്തത് കൊണ്ട് സലിംകുമാറിന്റെ അഭിനയത്തെപ്പറ്റി വിലയിരുത്താന്‍ കഴിയില്ല. രണ്ട്, ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ക്ക് (മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ ചിത്രം മോശമാവാന്‍ വഴിയില്ല) തീയേറ്റര്‍ കിട്ടുന്നില്ല. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.


അച്ഛനുറങ്ങാത്ത വീടും, കേരള കഫേയിലെ ബ്രിഡ്ജും മറ്റും കണ്ടിടുള്ളവര്‍ക്ക് സലിം കുമാറിന്റെ അഭിനയശേഷിയെപ്പറ്റി തെല്ലും സംശയമുണ്ടാവില്ല. അതു കൊണ്ട് തന്നെ ഈ ചിത്രത്തില്‍ സലിം കുമാര്‍ അവാര്‍ഡിനര്‍ഹമായ പ്രകടം കാഴ്ചവെച്ചു അര്‍ഹമായ അവാര്‍ഡാണ് നേടിയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിനു തന്നെയാണ് സാധ്യത. ഇതു കോണ്ഗ്രസ് പ്രചാരണത്തിനുള്ള പ്രതിഫലമാണ് എന്ന് പറഞ്ഞാല്‍ അതു ശുദ്ധ ഭോഷ്കാണ്. കാരണം സലിം കുമാര്‍ ഇറങ്ങിയതുകൊണ്ട് അത്ര ഭയങ്കര നേട്ടമൊന്നും കൊന്ഗ്രസ്സിനുണ്ടായതായി ഞാന്‍ കരുതുന്നില്ല. മാത്രവുമല്ല സലിം കുമാര്‍ പണ്ടുമുതല്‍ തന്നെ അടിയുറച്ച കോണ്ഗ്രസ് അനുഭാവിയാണ്. കുറേക്കാലം പാര്‍ട്ടി പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. ആ അനുഭവങ്ങള്‍ അദ്ദേഹം മാതൃഭൂമിയില്‍ വന്ന ലേഖനത്തില്‍ പറഞ്ഞിട്ടുണ്. ആ അഭിമുഖവുമായി ബന്ധപ്പെട്ടു ഗൂഗിള്‍ ബസ്സില്‍ വളരെ മുന്‍പ് നടന്ന ഒരു ചര്‍ച്ച ഇവിടെ. അപ്പോള്‍ പറയുന്നത് മോഹന്‍ലാല്‍ പരദേശിയില്‍ ഇതിലും മികച്ച അഭിനയം നടത്തിയിട്ടും അവാര്‍ഡ് കിട്ടിയില്ല എന്ന്. മോഹന്‍ലാല്‍ ഒരു സിനിമയില്‍ നന്നായി അഭിനയിച്ചിട്ട്‌ അവാര്‍ഡ് കിട്ടാത്തത് കൊണ്ട്  വേറെ ഒരു മലയാളികള്‍ക്കും അവാര്‍ഡ് കിട്ടരുത് എന്നാണോ പറഞ്ഞു വരുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മാത്രം അവാര്‍ഡു കിട്ടിയാല്‍ മതി എന്ന് കരുതുന്ന മലയാളികളായ ചില ജൂറി അംഗങ്ങള്‍ ഉണ്ടായിരുന്ന്നു എന്നത് നേര് തന്നെ. എന്നാല്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തു ഒടുങ്ങിപ്പോകുമായിരുന്നു ഒരു നല്ല നടനെ അഭിനയ സാധ്യതയുള്ള വേഷം നല്‍കിയ സംവിധായകനും അദ്ദേഹത്തിനു അവാര്‍ഡ് നല്‍കി പ്രോത്സാഹിപ്പിച്ച ജൂറിയും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല എന്നോര്‍ക്കുക. ഇനിയും നല്ല നല്ല വേഷങ്ങള്‍ അദ്ദേഹത്തിനു ഇനിയും ലഭിക്കട്ടെ എന്നും അതിലൂടെ മലയാള സിനിമ സമ്പന്നമാകട്ടെ എന്നും ആശംസിക്കുന്നു.


അടുത്ത പ്രശ്നം നല്ല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ കിട്ടുന്നില്ല എന്നുള്ളതാണ്. 'സിറ്റി ഓഫ് ഗോഡ്' ഒരു നല്ല ചിത്രമാണെന്ന് കേട്ടിരുന്നു. നാട്ടില്‍പ്പോകുമ്പോള്‍ കാണണമെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ ചെന്നപ്പോള്‍ തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ പോലും ഈ ചിത്രമില്ല. സിനിമ ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴുള്ള സ്ഥിതിയാണ് എന്ന് ഓര്‍ക്കണം. അതേ സമയം ഒരു പട്ടിക്കുഞ്ഞു പോലും കാണാനില്ലാഞ്ഞിട്ടും 'ചൈന ടൌണ്‍' എന്ന സൂപ്പര്‍ സ്റ്റാര്‍ മള്‍ടി സ്റ്റാര്‍ തറപ്പടം രണ്ട് വലിയ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പൊഴാണ് 'സിറ്റി ഓഫ് ഗോഡ്'-ണ് ഈ സ്ഥിതി വന്നത് എന്നോര്‍ക്കുക. ഇതു തന്നെയാണ് മലയാള സിനിമയുടെ യഥാര്‍ഥ പ്രതിസന്ധി. സൂപ്പര്‍ സ്ടാരുകള്‍ (രണ്ട് പേരും മോശമല്ല) ഒരു നിലവാരവുമില്ലാത്ത തറപ്പടങ്ങളില്‍ അഭിനയിച്ചിട്ടു അതു പൊളിയുമ്പോള്‍ താരപദവി നിലനിര്‍ത്താന്‍ തീയെറ്റരുകാര്‍ക്ക് അങ്ങോട്ട്‌ കാശ് കൊടുത്തു പടം ഓടിക്കുക. അതുവഴി സൂപ്പര്‍ താരങ്ങളില്ലാത്ത നല്ല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ ലഭിക്കാതിരിക്കുക. എന്നിട്ട് പ്രതിസന്ധിയെന്ന് പറഞ്ഞു ബഹളവും സമരവും. കോപ്പ്!  തീയെട്ടറുകാരും വിതരണക്കാരും ആവശ്യം ചെയ്യണ്ടത് മലയാളത്തിനു വളരെയേറെ അഭിമാനം നേടിത്തന്ന ഈ ചിത്രത്തില്‍ കുറച്ചു തീയെട്ടറുകളിലെങ്കിലും രണ്ടാഴ്ചയെങ്കിലും ഓടിക്കുക എന്നതാണ്. ആ നിര്‍മ്മാതാവിന് മുതല്‍മുടക്കെങ്കിലും തിരിച്ചു കിട്ടട്ടെ. വീട്ടിലേക്കുള്ള വഴി, ടി.ഡി ദാസന്‍, സിറ്റി ഓഫ് ഗോഡ് മുതലായ നല്ല ചിത്രങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണന ഈ ചിത്രത്തിനെന്കിലും ഉണ്ടാവാതിരിക്കട്ടെ. ഇതിനെ നല്ല ചിത്രങ്ങള്‍ തീയേറ്ററില്‍ പോയി കാണണമെന്ന ആഗ്രഹമുള്ള ഒരു പാവം സിനിമാ പ്രേമിയുടെ അഭ്യര്‍ഥനയായി കണ്ടാല്‍ മതി. സൂപ്പര്‍ താരങ്ങളോട്, പ്ലീസ് സലിം കുമാറിനെ കണ്ടു പഠിയ്ക്കൂ.... 
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രം : വിക്കിപ്പീഡിയ

വാല്‍ക്കഷണം: മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മുരളിക്ക് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ച ചിത്രമാണ് പ്രിയനന്ദനന്റെ 'പുലിജന്മം'. ഇതു തീയേറ്ററില്‍ പോയി കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ അപൂര്‍വ്വം. ഒരു സി.ഡി കടയില്‍ ചെന്നു പുലിജന്മത്തിന്റെ സി.ഡി ചോദിച്ചപ്പോള്‍ ആയിരക്കണക്കിന് തട്ടിക്കൂട്ട് പടങ്ങളുടെ ഇടയില്‍ നിന്ന് പുള്ളി എന്നോട് ചോദിക്കുവാണ്, പുലിജന്മോ അതെന്തര് എന്ന്.....  :(

ജന്മദിനം


 

ചില തോല്‍വികള്‍ വിജയത്തേക്കാള്‍ മധുരമുള്ളതാകുമ്പോള്‍.....

നേടിയെന്നു കരുതിയതുപലതും നേട്ടങ്ങളായിരുന്നില്ല;  
നഷ്ടപ്പെട്ടെന്നു കരുതിയതുപലതും നഷ്ടങ്ങളുമായിരുന്നില്ല...

ഇന്നിന്റെ വേദനകള്‍ നാളയെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ പ്രാപ്തനാക്കുന്നു എന്ന തിരിച്ചറിവില്‍ ഒരു ജന്മദിനം...

വെറുത്തവര്‍ക്കും സ്നേഹിച്ചവര്‍ക്കും ദുഖിപ്പിച്ചവര്‍ക്കും സന്തോഷിപ്പിച്ചവര്‍ക്കും എല്ലാം നന്ദി.

ഇനിയെത്രകാലമുണ്ടെന്നറിവീലയെങ്കിലും

Miles to go before I finally sleep..!!


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


ആരാ?

ആരുമല്ല. ഒന്നുമല്ല. ഒരു വഴിപോക്കന്‍.....