വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍  തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു  ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ്‌ ആണ്. 

അദ്ദേഹം ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ.

http://www.openthemagazine.com/article/voices/the-anna-hazare-show
ഈ ലേഖനത്തിലും ടൈംസ്‌ നൌ- ചാനലിലെ ചര്‍ച്ചയിലും പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഈ പോസ്റ്റിനു ആധാരം. അദ്ദേഹം പറഞ്ഞതിലെ പ്രധാന പോയിന്റ്‌ ഇതാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ മുഴുവന്‍ സമ്മതിച്ചു ഇതു പാസ്സാക്കി എന്ന് കരുതുക, അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എങ്കിലും ചുമ്മാ കരുതുക. അപ്പോള്‍ നിയമിക്കപ്പെടാന്‍ പോകുന്ന ഉദ്യോഗസ്ഥന്റെ അധികാരങ്ങളും പ്രവര്‍ത്തന രീതികളും അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു. അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതു കൊണ്ടുതന്നെയാണ് സുപ്രീം കോടതി വരെ പറഞ്ഞിട്ടും പുള്ളിയെ ഇറക്കിവിടാന്‍ വിമ്മിട്ടപ്പെട്ടു നില്‍ക്കുന്ന ആദര്‍ശശാലി( എന്തരോ എന്തോ?) മനമോഹനെയും കൂട്ടരെയും നമുക്ക് കാണേണ്ടി വന്നത്. സി.ബി. ഐ ഇപ്പോള്‍ വെറും കോണ്ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ ആയി മാറിയതെങ്ങനെ എന്നും ഓര്‍ത്താല്‍ നല്ലത്. നിയമം മൂലം എത്ര ശക്തമായ കരങ്ങളാണ് അഴിമതിക്കെതിരെ പോരാടാന്‍ നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അവയെ ഹൈജാക്ക് ചെയ്യാനും ഇഷ്ടക്കാരെ നിയമിക്കുക വഴി ആ കരങ്ങളെ തീര്‍ത്തും ആശക്തമാക്കാനും നമ്മുടെ രാഷ്ട്രീയ-ബ്യൂറോക്രസി-കോര്‍പ്പറേറ്റ് 'നെക്സസ്'-നു കഴിഞ്ഞു. ഇവിടെയാണ്‌ 'അന്നാ ഹസാരയെ നിങ്ങള്‍ എങ്ങനെയാണ് പിന്തുണയ്ക്കുന്നത്?' എന്ന ചോദ്യത്തിന്റെ പ്രസക്തി. ചിലര്‍ ഒരു നേരം പട്ടിണി കിടക്കുന്നു, ചിലര്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. ഞാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് എന്‍റെ പിന്തുണ കൊടുക്കുക എന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, 'ആകെയുള്ള കുറച്ചു ലീവില്‍ മൂന്നെണ്ണം എടുത്തു ഞാന്‍ നാട്ടില്‍ വോട്ടു ചെയ്യാന്‍ പോകുന്നു' എന്ന്.

അതു തന്നെയാണ് നാം ശ്രദ്ധിക്കേണ്ട പ്രശ്നം. മനു ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'രണ്ട് തരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ അതില്‍ ചീത്ത ആള്‍ക്കാരെ ഭരണം ഏല്‍പ്പിച്ച ശേഷം ഒരു നേരം പട്ടിണി കിടന്നിട്ടെന്തു കാര്യം?'. അത്ര പോപ്പുലര്‍ ആയ ചോദ്യം അല്ല എന്നറിയാം. പക്ഷെ ഈ ചോദ്യം വിരല്‍ ചൂണ്ടുന്ന പ്രശ്നമല്ലേ ആദ്യം പരിഹരിക്കപ്പെടേണ്ടത്. നമ്മെ ഭരിക്കാനുള്ള ചുമതല ചില അഴിമതിക്കാരെ ഏല്‍പ്പിച്ച ശേഷം നാം മെഴുകുതിരിയും കത്തിച്ചു പട്ടിണി കിടന്നാല്‍ ഈ നാട്ടിലെ അഴിമതിയൊക്കെ ഇല്ലാതാവുമോ? അഴിമതിക്കാര്‍ നമ്മെ ഭരിക്കുന്നെങ്കില്‍ അതിനു നമ്മള്‍ കൂടി കാരണക്കാര്‍ അല്ലേ? അപ്പൊ പറയുന്ന മറുപടി ഇതാവും, "എല്ലാരും കണക്കാ, പിന്നെ ആരെ ജയിപ്പിക്കാനാ എന്ന്".  അരാഷ്ട്രീയമായ ഈ നിസംഗത തന്നെയാണ് ഈ കള്ളന്മാര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നത് എന്നറിയുക. ഈ 'എല്ലാരും കണക്കാ'  ടീമ്സിനോടൊക്കെ എന്‍റെ ചോദ്യം ഇതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനും ഒക്കെ എതിരെ ആഴ്ചയ്ക്ക് ഒന്ന് എന്ന കണക്കിലാണല്ലോ അഴിമതിക്കഥകള്‍ പുറത്തു വരുന്നത്. എന്നിട്ടും എന്തേ ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജെനുവിന്‍ ആയ ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജെനുവിന്‍ ആയ എന്ന് പറഞ്ഞാല്‍ വി.ഡി സതീശന്റെ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന ലോട്ടറി ആരോപണം പോലെയുള്ളവ അല്ല എന്നര്‍ഥം. 'എല്ലാരും കണക്കല്ല' എന്നത് തന്നെയാണ് ഇതിനു കാരണം. ഈ വാദത്തോട് യോജിക്കാതെ സ്വന്തം സമ്മതിദാനാവകാശം പോലും വിനിയോഗിക്കാതെ 'എല്ലാരും കണക്കാ' എന്ന് ജപിച്ചിരിക്കുന്നവരോട് എനിക്കിത്രയേ പറയാനുള്ളൂ, 'മെഴുകുതിരിയും കത്തിച്ചു ഐ.പി.എല്ലും കണ്ടിരുന്നോളൂ, അഴിമതി ഇപ്പൊ തീരും...' (ഉവ്വ തീര്‍ന്നു).

അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍: ദി ഹിന്ദു

13 അഭിപ്രായങ്ങൾ:

 1. തുടച്ചു നീക്കപ്പെടണം . അഴിമതി മാത്രമല്ല. ജനദ്രോഹപരമായ എല്ലാം.

  മറുപടിഇല്ലാതാക്കൂ
 2. ആനുകാലികപ്രസക്തമായ ലേഖനം. ആശംസകള്‍.

  സ്വാതന്ത്ര്യം നേടി അറുപതാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യമാണോ പണാധിപത്യമാണോ നമ്മുടെ മഹാ രാജ്യത്ത്‌ വാഴുന്നതെന്ന് ആദര്‍ശപ്രതിബദ്ധത ഒരല്പമെങ്കിലും ഹൃദയത്തില്‍ ശേഷിക്കുന്ന ഓരോ ഇന്ത്യന്‍ പൌരനും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. എന്‍റെ അഭിപ്രായം ഇവിടെയുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. മുഴുവന്‍ ഇന്ത്യാക്കാരും ഇദ്ദേഹത്തിനു പിന്നില്‍ അണിനിരക്കണം. ഇന്നിപ്പോള്‍ സര്‍ക്കാര്‍ ചില കാര്യങ്ങള്‍ അന്ഗീകരിച്ചിട്ടുണ്ട്. പക്ഷെ കരടു നിയമം ഡ്രാഫ്റ്റ്‌ ചെയ്യുമ്പോള്‍ അവരുടെ തരികിടകള്‍ ഓരോന്നായി പുറത്തു വരാന്‍ എല്ലാ സാധ്യതയും ഉണ്ട്. അത് കൊണ്ട് എല്ലാവരും ഉണര്‍ന്നു തന്നെ ഇരിക്കണം.
  മലയാളികളുടെ ഒരു കൂട്ടായ്മ ഇതിലൂടെ ഉണ്ടാവട്ടെ, താഴെയുള്ള ലിങ്കില്‍ ജോയിന്‍ ചെയ്യൂ...ആവേശം അണഞ്ഞു പോകാതെ സൂക്ഷിക്കൂ..

  http://www.facebook.com/pages/India-Against-Corruption-Kerala/112006278881720#!/pages/India-Against-Corruption-Kerala/112006278881720

  മറുപടിഇല്ലാതാക്കൂ
 4. അവസാനം ഒത്തുതീര്‍പ്പ് ആയി.
  നന്മ്മകള്‍ നിറഞ്ഞ ഇതുപോലത്തെ സമരങ്ങള്‍ ഇനിയും ഉണ്ടാകട്ടെ അല്ലെ

  മറുപടിഇല്ലാതാക്കൂ
 5. https://profiles.google.com/114733929961353408278/posts/75FAUgAoBvS

  മറുപടിഇല്ലാതാക്കൂ
 6. "മെഴുകുതിരിയും കത്തിച്ചു ഐ.പി.എല്ലും കണ്ടിരുന്നോളൂ, അഴിമതി ഇപ്പൊ തീരും...' (ഉവ്വ തീര്‍ന്നു)."

  മറുപടിഇല്ലാതാക്കൂ
 7. അഴിമതി നമ്മെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ് അതിനെതിരെ പോരാടുക കക്ഷി രാഷ്ട്രീയമില്ലാതെ..എന്തേ..

  മറുപടിഇല്ലാതാക്കൂ
 8. >>>>അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ...... <<<

  അങ്ങിനെ വരുകയാനെന്കീ ... കേരളത്തില്‍ ഇപ്പോള്‍ ഇതു പാര്‍ട്ടിക്ക്‌ വേണ്ടി വോട്ടു ചെയ്യും... പാമോയില്‍ , ഇടമലയാര്‍ , ടൈറ്റാനിയം... അഴിമതികേതിരെയോ .... അതോ ലാവലിന്‍ , അരുണ്‍കുമാര്‍ ... അഴിമതികേതിരെയോ ...?

  മറുപടിഇല്ലാതാക്കൂ
 9. തലപ്പാവു വച്ച പാവയും..
  ഹാസാരെയും ചേർന്ന് ജനാധിപത്യത്തെ ബലാത്സംഗം ചെയ്യുന്നു... ഈ സമരം ഇനിയും കലക്കി വലിയ വാർത്തയാക്കണം- എങ്കിലേ ജനം..."

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....