ചൊവ്വാഴ്ച, മാർച്ച് 29, 2011

പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും...

നാട്ടുകാരനായ ഒരു എക്സ്- കമ്മി (എക്സ്-കമ്മിയാണ് യഥാര്‍ത്ഥ ഇടതുപക്ഷം, ബാക്കിയൊക്കെ വെറും...) ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ആകെ ബഹളം. "പി.ജയരാജന്‍ ആ പത്രക്കാരനെ തള്ളിയത് കണ്ടോടെയ്? എന്തുവാടേ? ഈ ഗുണ്ടായിസം വെച്ച് പോറുപ്പിക്കമോടെയ്? ഈ നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെടെ?" എന്നൊക്കെ. ഓഫീസില്‍ ബ്ലോക്ക്ഡ് ആയിരുന്നതിനാല്‍ ആ വീഡിയോ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അതില്‍ കാര്യമായൊന്നും ഇല്ലെന്നു അറിഞ്ഞിരുന്നു. അതു കൊണ്ട് അവനോടു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ ഉരുളലോടുരുളല്‍. ഒടുവില്‍ നീ ഇന്റെ ബ്ലോഗില്‍ പോയി ഒണ്ടാക്കു, എനിക്കൊന്നും പറയണ്ട എന്നും പറഞ്ഞു പുള്ളി കട്ട് ചെയ്തു. ബ്ലോഗില്‍ പോയി ഒണ്ടാക്കിയാല്‍  ഒണ്ടാവോ എന്നറിയാനാണ് ഈ പോസ്റ്റ്‌. അറിയണമല്ലോ, യേത്?

വീഡിയോ ഇവിടെ...


ഞാന്‍ ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ഇവയാണ്.

ഒന്ന്) പി.ജയരാജന്‍ അയാളെ തല്ലുന്നത് നീ ആ വീഡിയോയില്‍ കണ്ടോ?
ഉത്തരമില്ല. അയാളെ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടത്രെ. അതു പോരല്ലോ മകനെ...

രണ്ട്) പണ്ടിതുപോലെ ഒരു എസ്-കത്തിയും കൊല്ലന്റെ ആലയും ഒക്കെ പൊക്കിക്കൊണ്ട് വന്നു ഒടുവില്‍ കാറ്റുപോയ ആ സ്കൂപ്പിറക്കിയ ഏഷ്യാനെറ്റില്‍ തന്നെയല്ലേ ഈ വാര്‍ത്തയും വന്നത്? വീഡിയോയില്‍ തല്ലുന്നത് കാണിക്കാത്ത സ്ഥിതിക്ക് നാം അതെങ്ങനെ വിശ്വസിക്കും?
ഉത്തരം നഹിം അഥവാ ഉരുളലോടുളല്‍.

അപ്പോള്‍ പി.ജയരാജന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം എടുത്തിട്ടു. അതിനുള്ള മറുപടിയായി ശാശ്വത് ഗൂഗിള്‍ ബസ്സിലിട്ട ആ സംഭാഷണം അതുപോലെ പകര്‍ത്തുന്നു..

"ഒരു വിവാദസംഭാഷണം

"ഹലോ"
"ആ... ഷാജഹാനാണോ?"
"അതേ."
"ഞീ കോണ്‍ഗ്രെസിന്റടുക്കേന്ന് എത്രയാടാ പൈസ മേടിച്ചേ?"
സെക്കന്റുകള്‍ നീളുന്ന മൌനം.

"നിനക്ക്.... ഈ ഒഞ്ചിയത്ത്ന്ന്... ഞീ ഈ റെവലൂഷണറിക്കാരെ ഏജെന്റായിറ്റ് വര്‍ക്ക്‌ ചെയ്യുന്നേരത്തേ എനക്ക് മനസ്സിലായിന്."

വീണ്ടും മൌനം.

"ഞീ ഇത് റിക്കാര്‍ഡ്‌ ചെയ്യുന്ന്ണ്ട് ന്ന് അനക്കറിയാം. ഞീ അത്ര സമര്‍ത്ഥനൊന്നും ആവണ്ട."

(ഇനി റെക്കോര്‍ഡ്‌ ചെയ്യുന്ന ആള്‍ക്ക് സേഫ് സൈഡ് എടുത്തേ പറ്റൂ. ഇടയില്‍ കേറുന്നു.)

"നിങ്ങള്‍ എന്താണ് എന്നെ തല്ലിയതിന്റെ അടിസ്ഥാനം?"
"അതേ... നമുക്ക്... അത് തന്നെയാ പറഞ്ഞത്... കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഷയാ പി ശശിയെ സംബന്ധിച്ചുള്ള ആരോപണം?"
(വീണ്ടും ഇടയില്‍ കേറുന്നു)
"പക്ഷേ താങ്കള്‍ എന്തടിസ്ഥാനത്തിലാ എന്നെ തല്ലിയത്?"
"ഞാന്‍ വരുന്നതിനു മുന്‍പേ... കോണ്‍ഗ്രസ്സുകാരുആയിറ്റ് ഞീ ആലോചിച്ച് എല്ലാ കാര്യങ്ങളും.."
"സി പി എം ജില്ലാ സെക്ര...."
"കോണ്‍ഗ്രസ്സിന്റടുക്കേന്ന് പൈസേം വാങ്ങിച്ചിറ്റ്... കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം വാങ്ങിച്ചിറ്റ്‌ ഇമ്മാതിരി അവതരണം നടത്തിക്കഴിഞ്ഞാല്‍, നിനക്ക് എനിയും തല്ലു കൊള്ളും... ജനങ്ങളടുക്കേന്ന്."

"ങ്ങളെന്തടിസ്ഥാനത്തിലാണ് എന്നെ തല്ലീത്? ഞാന്‍ ങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തോ?"

"അല്ല, റിക്കാര്‍ഡ്‌ ചെയ്തിറ്റ്... റിക്കാര്‍ഡ്‌ ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ്‌ ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."

വീണ്ടും ചെറിയ മൌനം.
"അത് കൊണ്ട്.. ഷാജഹാന്‍ മനസ്സിലായിക്കോ... ഇത് കണ്ണൂരാന്ന് മനസ്സിലായിക്കോ."

(ഏഷ്യാനെറ്റ്‌ ന്യൂസില്‍ "കണ്ണൂരുകാരെ മനസ്സിലാക്കിക്കോ" എന്നാണ് എഴുതിക്കാട്ടിയിരുന്നത്. അങ്ങനെയല്ല.)

സംഭാഷണം അവിടെ വെച്ച് കട്ട്‌ ആവുന്നു. ബാക്കി കേള്‍പ്പിക്കുന്നില്ല. അവര്‍ക്ക് വേണ്ടത്‌ റെക്കോര്‍ഡ്‌ ചെയ്ത് കിട്ടി. പിന്നെയെന്താണ് നടന്നത് എന്ന് കേള്‍പ്പിക്കാന്‍ അവര്‍ക്ക്‌ താത്പര്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇനിയും കൂടുതല്‍ വളച്ചൊടിക്കാന്‍ ആരും കഷ്ടപ്പെടണ്ട. സംഭാഷണം അതേ പോലെത്തന്നെ കൊടുത്തിട്ടുണ്ട്. കോപ്പി ചെയ്‌താല്‍ മതിയാകും. പി. ജയരാജന്‍ ചെയ്തതിനെ ഞാന്‍ അനുകൂലിക്കുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ ഇതിനെ പറ്റിയുള്ള 'ചര്‍ച്ച'കളില്‍, വേറെ പല പല കുറ്റിയിലും അതിനെ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, അയാള്‍ പറഞ്ഞതിന് അപ്പുറത്തെക്കുള്ള കാര്യങ്ങള്‍ അയാളുടെ തലയില്‍ വെച്ച് കൊടുക്കുന്നത് ശരിയല്ലല്ലോ എന്ന് തോന്നിയത് കൊണ്ട്."

ഇതില്‍ കൊണ്ഗ്രസ്സുകാര്‍ എത്ര കാശ് തന്നു എന്ന ചോദ്യം നിഷേധിക്കാന്‍ പോലും ആ പത്രക്കാരന്‍ കൂട്ടാക്കുന്നില്ല. പകരം നിങ്ങള്‍ എന്നെ തല്ലിയില്ലേ, ...ല്ലേ എന്നോക്ക്കെ  ചോദിച്ചു ഊരാനാണ് ഷാജഹാന്‍ നോക്കിയത്.
>>"അല്ല, റിക്കാര്‍ഡ്‌ ചെയ്തിറ്റ്... റിക്കാര്‍ഡ്‌ ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ്‌ ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."

വീണ്ടും ചെറിയ മൌനം.<<

എന്തിനാണ് ഈ മൌനം. വാങ്ങിയിട്ടില്ലേല്‍ വാങ്ങിയില്ല എന്നുറപ്പിച്ചു പറഞ്ഞുകൂടേ. പി ജയരാജന്‍ ചെയ്തിനെയോ, ആ പത്രക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തെങ്കില്‍ അതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ കൈക്ക് സ്വാധീനമില്ലാത്ത പി.ജയരാജന്‍ ഒരാളെ തല്ലിയോന്നോ തള്ളിയെന്നോ ഒക്കെ പറഞ്ഞാല്‍ അതു തൊണ്ടവിടാതെ വിഴുങ്ങുക വലിയ ബുദ്ധിമുട്ടാണ്. ഇതൊന്നു വായിക്കുക...

"പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്."
തുടര്‍ന്ന് വായിക്കാന്‍ ലിങ്ക് ഇവിടെ...

കണ്ണൂരിലേത് കാലേറ്റമോ?


അങ്ങനെയൊരു അവസരത്തിലാണ് ഏഷ്യാനെറ്റ് എന്ന ചാനലിന്റെ ചരിത്രവും അതിന്റെ വിശ്വാസ്യതയും നാം പരിഗണിക്കേണ്ടത്. എന്ത് കൊണ്ട് ഏഷ്യനെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതിന് പറ്റിയ ഉദാഹരണം പോള്‍ മുത്തുറ്റ് വധക്കേസിലെ അവരുടെ കൊല്ലന്റെ ആല -എസ് കത്തി സ്കൂപ്പാണ്(കോപ്പ്!). കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ എസ്-കത്തി പണിയിക്കുവാന്‍ പോയി എന്നും കാരി സതീഷനല്ല കൊന്നത് മറ്റുമായിരുന്നല്ലോ അതിന്റെ ഹൃദയഭാഗം. ഒടുക്കം സി.ബി.ഐ അന്വേഷണം കഴിഞ്ഞപ്പോള്‍ എന്തായി?
ഒന്ന്) കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ പോയിട്ടില്ല എന്നും അങ്ങനെ കത്തി പണിയിക്കാന്‍ കൊടുത്തിട്ടില്ല എന്നും തെളിഞ്ഞു. വാര്‍ത്തയുടെ പ്രധാനഭാഗം പോളിഞ്ഞേ....
രണ്ട്) കുത്താനുപയോഗിച്ച കത്തിയല്ല, പോലീസുകാര്‍ പണിയിച്ച കത്തിയുമല്ല; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ താന്‍ കൊടുത്ത കത്തിയായിരുന്നു അതെന്നു കാരി സതീശന്‍ തന്നെ സി.ബി.ഐ-യോട് സമ്മതിച്ചു.  പിന്നേം പോളിഞ്ഞേ സ്കൂപ്പ്..
മൂന്ന്) കാരി സതീശന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതോടെ സ്കൂപ്പ് ആവിയായി.

അപ്പൊ ആരാണ് കൊല്ലന്റെ ആലയില്‍ കത്തി പണിയിക്കാന്‍ പോയത്? സംഭവം നടന്നത് ഇങ്ങനെയാവാന്‍ നല്ല സാധ്യതയുണ്ട്. ചാനലിന്റെ ഒരു ലേഖകന്‍ തന്നെ താന്‍ പോലീസ് ആണെന്ന് പറഞ്ഞു കത്തി പണിയിക്കാന്‍ കൊല്ലാന്റെ ആലയില്‍ പോകുന്നു. തൊട്ടുപിറകെ വേറൊരു ലേഖകന്‍ കൊല്ലന്റെ ഇന്റര്‍വ്യൂ നടത്തുന്നു(തള്ളേ, കൊല്ലന്റെ സമയം). പിന്നെ കേരളത്തെ ഇളക്കിമറിച്ച കുറെ ആഴ്ചകള്‍. ബി.ഉണ്ണിക്കൃഷ്ണന്‍ ഒരു കൂതറ പടം പോലും ഈ കഥ വെച്ചെടുത്തു എന്നും ഓര്‍ക്കുക. ഇങ്ങനത്തെ പാരമ്പര്യമുള്ള ഒരു ചാനലിനെ വിശ്വസിക്കണമെന്ന് പറഞ്ഞാല്‍, സോറി എക്സ്-കമ്മീ, അയാം വെരി സോറി. സി.ബി.ഐ റിപ്പോര്‍ട്ടിന് വേണ്ട പ്രാധാന്യം ഏഷ്യാനെട്ടോ മറ്റു മാധ്യമങ്ങളോ നല്‍കിയിരുന്നില്ല. അതുകൊണ്ട് സത്യം അറിയാത്തവര്‍ ഇപ്പൊഴുമുണ്ട്. ഈ എക്സ്-കമ്മിയും ആ കൂട്ടത്തില്‍ തന്നെ എന്നും  മനസിലാക്കാന്‍ കഴിഞ്ഞു.

ജനക്കൂട്ടം ചിലപ്പോള്‍ അയാളെ കൈകാര്യം ചെയ്തിട്ടുണ്ടാവാം. അങ്ങനെ സംഭവിച്ചെങ്കില്‍ ഞാന്‍ അതിനെ ന്യായീകരിക്കുന്നില്ല.പക്ഷെ സംഭവിച്ചത് ഇതാണെങ്കിലോ ,
"കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്." (നേരത്തെ തന്ന ലിങ്കില്‍ നിന്ന്)

ഉന്മേഷ് പറഞ്ഞത് പോലെ,
"മാധ്യമ ധര്‍മ്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഏഷ്യാനെറ്റ് ആ പരിപാടി എഡിറ്റു ചെയ്യാതെ ടെലിക്കാസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം. ബര്‍ക്കാ ദത്തിനെതിരെ ആരോപണം വന്നപ്പോള്‍ എഡിറ്റ് ചെയ്യാതെ അവരുമായുള്ള ഇന്റര്‍വ്യൂ NDTV കാണിച്ചതു പോലെ. സത്യമറിയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്."

 അയാളെ പി.ജയരാജന്‍ തല്ലുന്നതൊന്നും ആ വീഡിയോയില്‍ ഇല്ലാത്ത സ്ഥിതിക്കും പറയുന്നത് ഏഷ്യാനെറ്റ്‌ ആയത് കൊണ്ടും ഇതിന്റെ പേരില്‍ ബഹളം കൂട്ടുന്നവരോട് പറയാനുള്ളത്, കാര്യമറിയാതെ വെറുതെ കിടന്നു ബഹളം കൂട്ടരുത്. കാര്യമെന്താണെന്നു നന്നായി അന്വേഷിച്ച ശേഷം മാത്രം പോരെ ഇതെല്ലാം. അല്ല ഇടതുപക്ഷത്തെ താറടിക്കാന്‍ കിട്ടിയ ഒരവസരമായി ഇതിനെ ഉപയോഗിക്കുന്നവരോട് എനിക്കത്രയെ പറയാനുള്ളൂ, ഗ്രഹണത്തിനും ഒരു സമയമുണ്ട്. അതു കഴിഞ്ഞാല്‍ സൂര്യന്‍ പുറത്തു വരിക തന്നെ ചെയ്യും. സത്യത്തെ എല്ലാക്കാലത്തും മറച്ചു വെയ്ക്കാന്‍ കഴിയില്ല, എസ്-കത്തിയാണെ സത്യം...

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ മുതല്‍ ഇടതുമുന്നണിയെ തോല്പ്പിക്കാനായി കേരളത്തിലും ബെന്ഗാളിലും വന്‍ തോതില്‍ പണമൊഴുകുന്ന കാര്യം അത്ര രഹസ്യമൊന്നുമല്ല (സ്പെക്ട്രത്തിനും രാജയ്ക്കും സ്തുതി). കേരളത്തിലെ എന്പതിരണ്ടു കോണ്ഗ്രസ് എം.പിമാര്‍ക്കായി നൂറു കോടി രൂപ കേരളത്തില്‍ എത്തിയതായി ഉള്ള ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. യു.ഡി.എഫ്  വിമതന്മാര്‍ക്ക് പിന്മാറാന്‍  ഇരുപത്തഞ്ചു ലക്ഷമോക്കെയാനത്രേ വാഗ്ദാനം. മണിക്കൂറിനു അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പല മഹാന്മാരുടെയും ഹെലികോപ്ടര്‍ പ്രചാരണത്തിനുള്ള  ചെലവ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്കായി കൊണ്ടുവന്ന രണ്ട് കോടിയില്‍ ഒരു പങ്ക് പണം കൊണ്ട് വന്ന നേതാവ് മുക്കിയതും തുടന്നുണ്ടായ കോലാഹലവും ഓര്‍മ്മ കാണുമല്ലോ (ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം). ഈ തുകയില്‍ എത്രപങ്കു ഏതൊക്കെ പത്രക്കാരുടെ പോക്കറ്റില്‍ പോകുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും. പെയ്ഡ് ന്യൂസ്‌ മഹാരാഷ്ട്രയില്‍ മാത്രമല്ല, കേരളത്തിലും ഒരു യാഥാര്‍ഥ്യം ആണ്. ഇതിനു കൂട്ടുനില്‍ക്കുന്നവര്‍ സ്വന്തം ജോലിയെ വ്യഭിചരിക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യഭിച്ചരിക്കുന്നത് ജനാധിപത്യത്തെയും. കഥയറിയാതെ ആട്ടം കാണുകയാണ് പലപ്പോഴും നാം എന്നറിയുക. നീരാ റാടിയ-ബര്‍ഖ  ദത്ത്- വീര്‍ സാമ്ഘ്വി ആട്ടക്കഥ മറന്നിട്ടില്ലല്ലോ അല്ലേ....

ഈ സംഭവത്തില്‍ ആരെങ്കിലും പണം വാങ്ങിയെന്നോ കൊടുത്തെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ ചിലര്‍ ഒരു പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി കള്ളവാര്തകള്‍ കൊടുക്കുന്നത് പുണ്യം കിട്ടാന്‍ ഒന്നും ആകില്ല എന്ന് മനസിലാക്കാന്‍ പോലീസിന്റെ ഇന്റെറോഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ  ഒന്നും വേണ്ട. വെറും നാലാം ക്ലാസും ഗുസ്തിയും വെറും കോമണ്‍ സെന്‍സും മാത്രം മതി. നാനാവിധമായ ലക്ഷം കോടികളുടെ അഴിമതികളിലും പാവം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത പീഡനങ്ങളിലും മുങ്ങി തോല്‍വി മുന്നില്‍ കണ്ടു കൊണ്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരാനും ഈ പ്രശ്നങ്ങളില്‍ നിന്നും ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് ഈ നാടകങ്ങള്‍ എങ്കില്‍ ആയിക്കോളൂ. എസ് കത്തിയുടെ രൂപത്തിലും മറ്റും നാം ഇതു നാം നേരത്തെ കണ്ടതാണ്. സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിച്ചും സമൂഹത്തില്‍ 'എല്ലാരും കണക്കാ' എന്ന അരാഷ്ട്രീയ ബോധം പടര്‍ത്തുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുകയാണെന്നു അറിയുന്നുണ്ടോ പത്രക്കാരാ?  പൊതുജനം വെറും കഴുതയല്ല എന്നറിയുക. എല്ലാക്കാലത്തും എല്ലാരെയും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, അതേതു മര്‍ഡോക്കായാലും...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, മാർച്ച് 26, 2011

ഭൂമീദേവിക്കായി ഒരു മണിക്കൂര്‍....

 ലോകം മുഴുവന്‍ ഇന്ന് 'എര്‍ത്ത് അവര്‍' ആഘോഷിക്കുകയാണ്. രാത്രി 8.30 മുതല്‍ 9.30 വരെ എല്ലാ ലൈറ്റുകളും അണച്ച് ഇതില്‍ പങ്കുചേരുക. നമ്മുടെ അമ്മയായ ഭൂമീദേവിക്കുവേണ്ടി ഒരു മണിക്കൂര്‍....
Earth Hour
Earth Hour
Earth Hour
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

Related Posts:

EARTH HOUR

GLOBAL WARMING

 

ശനിയാഴ്‌ച, മാർച്ച് 19, 2011

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ് - 2

ഗൂഗിളമ്മച്ചിയുടെ ആശീര്‍ വാദത്തോട് കൂടി ബൂലോകത്ത് ഞാന്‍ ഓടിച്ചു നടന്ന ബസ്സുകള്‍ വീണ്ടും ഇവിടെ നിരത്തിയിടുന്നു. അര്‍മ്മാദിപ്പിന്‍...!!!

ഫോര്‍വേഡായി വന്ന ഒരു മെസേജ്


യേശുക്രിസ്തു അഞ്ചു അപ്പം അയ്യായിരം പേര്‍ക്ക് കൊടുത്തു.
ധോണി ഒരു ബാറ്റിംഗ് പവര്‍പ്ലേ കൊണ്ട് ഒന്‍പതു പേര്‍ക്ക് ബാറ്റ് ചെയ്യാന്‍ കൊടുത്തു.

"മഹാനായ ധോണി"


വ്യത്യസ്തനാമൊരു മാത്യൂ ടി. തോമസ്‌

ഗാന്ധിയന്മാര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സീറ്റിനായി കടിപിടി കൂടുന്ന കാഴ്ച നാമങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ്‌ ഒരാള്‍ ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം വേണ്ടെന്നു വെയ്ക്കുന്നത്. വീരനും കൂട്ടരും എല്‍.ഡി.എഫ് വിട്ടുപോയപ്പോള്‍ മാത്യൂ ടി. തോമസും മറ്റും എല്‍.ഡി.എഫില്‍ ഉറച്ചു നിന്നു. ആരും ആവശ്യപ്പെടാഞ്ഞിട്ടു കൂടി ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. വീണ്ടും മന്ത്രിയാവനുള്ള അവസരം കിട്ടിയിട്ടും അത് വേണ്ടെന്നു വെച്ച് പകരം ജോസ് തെറ്റയിലിനെ മന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചു. ജോസ് തെറ്റയിലും തന്റെ മുന്ഗാമിയെപ്പോലെ നല്ലൊരു മന്ത്രിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണി ജയിക്കണമെന്നും മാത്യൂ ടി. തോമസ്‌ വീണ്ടും ഗതാഗത വകുപ്പ് മന്ത്രിയാവണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അത് തീര്‍ച്ചയായും അര്‍ഹിക്കുന്നു.ഗഗനചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും
ശാശ്വതമാവില്ലോര്‍ക്ക നീ...

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ ഇടതുമുന്നണി സര്‍ക്കാരിനു അഭിനന്ദനങ്ങള്‍....
മനമോഹന സ്വാതന്ത്ര്യം..!!


ഇടതുമുന്നണി യു.പി.എക്ക് പിന്തുണ നല്‍കിയിരുന്ന സമയത്ത് പെട്രോള്‍ വില കൂട്ടുന്നതിനെതിരേം പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരേം അമേരിക്കന്‍ ദാസ്യതിന്റെതിരേം മറ്റുമായിരുന്നു പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പൊ ചെലരുണ്ട്, സ്വന്തം മകളും ഭാര്യയും കേസില്‍ പെടാന്‍ നേരത്താണ് പിന്തുണ പിന്‍‌വലിക്കുന്നു എന്നും പറഞ്ഞു ഡല്‍ഹിക്ക് വെച്ച് പിടിക്കുന്നത്‌. ഇടതു മുന്നണി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഹായ് സ്വാതന്ത്ര്യം കിട്ടി എന്നാണല്ലോ മനമോഹനന്‍ വിളിച്ചു കൂവിയത്. ഇപ്പഴത്തെ സ്വാതന്ത്ര്യം എങ്ങനുണ്ട് മനമോഹനാ?
SMS Facility

S.M.S facility for verification of voters list has been introduced. Voters can verify whether their names figure in the voters list through S.M.S. For this the following message in the format (ELE < Your Voter Identity Card No> ) may be sent to 54242. Your Voter Identity Card No should be entered exactly as shown in the Voter Identity Card.

Source: http://www.ceo.kerala.gov.in/home.html


തോണി തുഴഞ്ഞ് തുഴഞ്ഞ്...


ഹായ് ചാവ്ല രണ്ടു വിക്കറ്റെടുത്തു. ഇനി ഒരു പത്തു കളി കൂടി അവനെ ധൈര്യമായിട്ട് കളിപ്പിക്കാം. ശ്രീശാന്താ, ഏതു ശ്രീശാന്ത്. പോടേ....

ഗരീബോം കോ ഹടാവോ


ഇനി ഇലക്ഷന് കൊണ്ഗ്രസ്സുകാര്‍ ഒന്നും ചെയ്തില്ല എന്ന് പറയില്ലല്ലോ. പരാതി കൊടുത്തു അതങ്ങ് പൂട്ടിച്ചു.
രണ്ട് രൂപയ്ക്ക് അരി: പദ്ധതി നിര്‍ത്തിവെക്കണമെന്ന് തിര.കമ്മീഷന്‍

 

വിക്കി ലീക്സ് ഇന്ത്യാ കേബിൾ രേഖകൾ ദ് ഹിന്ദു പത്രം പുറത്തു വിട്ടു | LDF

ഇറാന്‍ വാതക പൈപ്പ് ലൈനിനെ പിന്തുണച്ചതിന്റെ പേരിലാണത്രേ മണി ശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ കൊണ്ടുവരാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞത്. മനമോഹനന്‍ അപ്പൊതന്നെ അതങ്ങ് ചെയ്തു. ഗുണം അമേരിക്കക്ക് മാത്രമല്ല, അംബാനിക്കും കൂടി. ഇവെര്‍ക്കെല്ലാം ഇല്ലെങ്കിലും ഒരേ താല്പര്യങ്ങള്‍ ആണല്ലോ... കേന്ദ്ര മന്ത്രിമാരെ തീരുമാനിക്കുന്നത് പോലും വൈറ്റ് ഹൌസില്‍ ആണത്രേ. കഷ്ടം! എന്തരിനടെ ഇവന്മാരെയൊക്കെ ജയിപ്പിച്ചു വിട്ടത്?


വരട്ടെ, ഊ.ഡി.എഫ് വരട്ടെ...

ഇത്തവണ ഉ.ഡി.എഫ് വരുമെന്ന് പല നിഷ്പക്ഷികളും ഉറപ്പിച്ചു പറയുന്നു. വരട്ടെ. കുഞ്ഞാലിക്കുട്ടിയും, മകന്‍ വഴി എ-ക്ലാസ് പിള്ളയും, ജേക്കബും, മാണിയും, കുഞ്ഞൂഞ്ഞും (ഇപ്പൊ ചെന്നിയെന്നും കേക്കുന്നു), സുധാകരനും, പി.സി.ജോര്‍ജ്ജും, സൂപ്പിയും, അടൂര്‍ പ്രകാശും, മുരളിയും, മുസ്തഫയും, മുനീറും, ജോസഫും, കുരുവിളയും, അബ്ദുള്ളക്കുട്ടിയും, വി.ഡി.സതീശനും ഒക്കെ ഭരിക്കുന്ന സമത്വസുന്ദര കേരളം. പാലും തേനും ഒന്നും ഒഴുക്കീലെലും പാമോലിന്‍ എങ്കിലും ഒഴുക്കാതിരിക്കില്ല. മുണ്ടുമുറുക്കിയുടുക്കല്‍ ആഹ്വാനം, റേഷന്‍ കട പൂട്ടിക്കല്‍, സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടിക്കല്‍, ശമ്പളം-പെന്‍ഷന്‍ തടഞ്ഞുവെക്കല്‍‍, ഐസ് ക്രീം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചു നാട് മുഴുവന്‍ പെണ്ണുങ്ങളെ പോറ്റല്‍, മുണ്ടുരിയല്‍, കയ്യിട്ടു വാരല്‍, കര്‍ഷക ആത്മഹത്യ, കരാറുകാരുടെ കാശ് കൊണ്ട് ചാനല്‍ നടത്തല്‍, ജലാശയമില്ലാതിടത്ത് കനാല്‍ ഉണ്ടാക്കല്‍, കടലില്ലാത്ത കോട്ടയത്ത്‌ സുനാമി ഫണ്ട്‌ ചെലവഴിക്കല്‍, ജീവനക്കാരുടെ സമരം, പട്ടിണി, പരിവട്ടം തുടങ്ങിയ കലാപരിപാടികളൊക്കെ ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....


 ആ അമ്മമാര്‍ക്ക് വേണ്ടി....

വിശന്നുകരഞ്ഞുറങ്ങുന്ന പൈതങ്ങളെ നോക്കി ഉറങ്ങാതെ കണ്ണീര്‍ വാര്‍ക്കേണ്ട ഗതികേട് ഇന്ന് കേരളത്തിലെ ഒരമ്മക്കുമില്ല എന്നത് തന്നെയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. അതിനു ഒരു തുടര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലേറ്റുക. അല്ലാതെ തന്കാര്യപ്രമാണിമാരുടെ മുതലക്കണ്ണീര് കണ്ടു മറിച്ചൊരു തീരുമാനത്തിലെത്തിയെങ്കില്‍ ആയിക്കോളൂ. പക്ഷെ നഷ്ടം നിങ്ങള്‍ക്ക് തന്നെയായിരിക്കും. തോല്‍ക്കുന്നത് ആ അമ്മമാരും...

ശുഭം!
മംഗ
ളം!
അനൂപ്‌ കിളിമാനൂര്‍

Related Posts:

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ്..!!

ഡോട്ട് കോം @ ഇടതുപക്ഷം

 

 

തിങ്കളാഴ്‌ച, മാർച്ച് 14, 2011

ഡോട്ട് കോം @ ഇടതുപക്ഷം

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി ആരംഭിച്ച വെബ്സൈറ്റ് ഇവിടെ പരിചയപ്പെടുത്തട്ടെ. വിലാസം ഇതാണ്...


തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ചില പോസ്റ്റുകള്‍ ചുവടെ...

തൊഴിലാളികള്‍ക്ക് ആശ്വാസമായി എല്‍ഡി എഫ് സര്‍ക്കാര്‍

 

മനോരോഗികള്‍ രമിക്കുന്ന മനോരമ...

 

ഐസ്ക്രീമില്‍വഴുതി വീരനും വീരഭൂമിയും 

 

 സ്മാര്‍ട്ട് സിറ്റി : ഉമ്മന്‍ ചാണ്ടിക്ക് ശര്‍മ്മയുടെ മറുപടി

 

കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി

 

മാഫിയയുടെ സ്വന്തം ലോട്ടറി

 

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍  


ശുഭം! 
മംഗളം!

ചിത്രങ്ങള്‍: Kerala Walk

തിങ്കളാഴ്‌ച, മാർച്ച് 07, 2011

"RENVNZA 2011" മാര്‍ച്ച്‌ 16-നും 17-നും കനകക്കുന്നില്‍......

 രണ്ട് വര്‍ഷം മുന്‍പ് നമ്മള്‍ നടത്തിയ "YUVA '09" ഇപ്പോഴും ഒരു മധുര സ്മരണയായി മനസിലുണ്ട്.  ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്നായിരുന്നു അത്. ഇങ്ങനെ ചിലതൊക്കെയാണ്‌ കലാലയ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍. ഒരുപാട് ജീവിതാനുഭവങ്ങള്‍ ആ പരിപാടി നമുക്ക് നല്‍കി. ഇപ്പോള്‍ ജൂനിയേഴ്സ്‌ കോളേജിലെ പരിപാടി നടത്താന്‍ തയ്യാറെടുക്കുന്നു എന്നറിയാന്‍ കഴിഞ്ഞു. "RENVNZA 2011" എന്നാണ് പരിപാടിയുടെ പേര്. കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് മാര്‍ച്ച്‌ 16-നും 17-നുമായാണ് പരിപാടി അരങ്ങേറുക. പരിപാടിയില്‍ സന്നിഹിതരായി "RENVNZA 2011" ഒരു വന്‍വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.പരിപാടി നടത്തുന്നവരോട് എനിക്കിത്രയേ പറയാനുള്ളൂ, പരിപാടി നടത്താന്‍ ചിലപ്പോള്‍ ചില ബുദ്ധിമുട്ടുകളൊക്കെ നേരിട്ടെന്നിരിക്കും. പക്ഷെ, അതിനെയൊക്കെ അതിജീവിച്ചു വിജയകരമായി പരിപാടി നടത്തിക്കഴിയുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു....
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

"Winning without facing problems is just Victory;
But Winning after facing a lot of problems will be History.."
-Adolf Hitler
 

ബുധനാഴ്‌ച, മാർച്ച് 02, 2011

ക്യാമ്പസ്‌ ഇന്റര്‍വ്യൂവിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

ആഗോളമാന്ദ്യത്തിന്റെ സമയത്താണ് പഠനം കഴിഞ്ഞു ജോലി അന്വേഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇങ്ങു തിരുവന്തോരം മുതല്‍ അങ്ങു ഭോപാല്‍ വരെ ജോലിയന്വേഷിച്ച് ഒരുപാടു യാത്രകള്‍ ചെയ്തിട്ടിണ്ട്‌, പല ഇന്റെര്‍വ്യൂകളിലും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചില അനുഭവങ്ങള്‍ പലതരം ഇന്റെര്‍വ്യൂകള്‍ക്ക് തയ്യാറെടുക്കുന്ന അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കുമായി ഇവിടെ പങ്കുവെക്കുന്നു...

ഒന്ന്) ഇന്റെര്‍വ്യൂവിന് വരുന്ന കമ്പനി മുന്‍പ് നടത്തിയിട്ടുള്ള ടെസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഗൂഗിളില്‍ ഒന്ന് പരതിയാല്‍ കിട്ടും. അങ്ങനെയുള്ള ചോദ്യങ്ങള്‍ ഒന്ന് പഠിച്ചിട്ടു പോകുന്നത് നല്ലതാണ്. ആ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടാന്‍ നല്ല സാധ്യതയുണ്ട്.

രണ്ട്) ഇഷ്ടപ്പെട്ട ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ നന്നായി പഠിക്കുക. വരുന്ന കമ്പനിയും ജോലിയുടെ സ്വഭാവവും കൂടെ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുക. പിന്നെ ഒരു വിഷയം കൂടി പഠിച്ചു വെച്ചാല്‍ നന്ന്. ഇഷ്ടപ്പെട്ട വിഷയം ഏതാണ് എന്ന ചോദ്യവും ആ വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങളും ഇന്റെര്‍വ്യൂവില്‍ പതിവാണ്.

മൂന്ന്) ഒരു ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് കമ്പനിയാണെങ്കില്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്ക്സിനും ഐ.ടി. കമ്പനിയാണെങ്കില്‍ C -ക്കും  പ്രത്യേക പ്രാധാന്യം നല്‍കുക.

നാല്) ഇന്റെര്‍വ്യൂവിന് കൂളായി ഒരു ചെറു ചിരിയോടെ ഇരിക്കുന്നവരെയാണ് ഇന്റെര്‍വ്യൂ ചെയ്യുന്നവര്‍ക്കിഷ്ടം. എന്ന് കരുതി അവരെ കളിയാക്കുന്ന രീതിയില്‍ ഇളിച്ചു കൊണ്ടിരിക്കരുത്. അനാവശ്യമായി ടെന്‍ഷന്‍ അടിക്കാതിരിക്കുക. ഇതു കിട്ടിയില്ലേല്‍ ഇതിലും നല്ലത് കിട്ടും എന്ന് ഓര്‍ക്കുക.

അഞ്ച്) ഉത്തരം അറിയില്ലെങ്കില്‍ അറിയില്ല എന്നുതന്നെ പറയുക. അല്ലാതെ പാതിവെന്ത ഉത്തരങ്ങള്‍ ഒഴിവാക്കുക. അതു നിങ്ങളെ  കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കും. (അനുഭവം ഗുരു)

ആറ്) അറിയാവുന്ന ഉത്തരമാണെങ്കില്‍ നല്ല കോണ്‍ഫിഡന്‍സോട് കൂടി പറയുക. നിങ്ങളുടെ ഉത്തരം ശരിയാണെങ്കില്‍ക്കൂടി നിങ്ങളുടെ കൊണ്‍ഫിഡന്‍സ് ചെക്ക്‌ ചെയ്യാന്‍ അവര്‍ വീണ്ടും വീണ്ടും ചോദിച്ചെന്നിരിക്കും. ശരിയാണെന്ന് നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക.

ഏഴ്) മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കുക. കടുത്ത നിറമുള്ളതോ കൂടതല്‍ ഓളങ്ങള്‍ ഉള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത്. ആണ്‍കുട്ടികള്‍ ഇന്‍ഷര്‍ട്ട്‌ ചെയ്യുക. ശീലമില്ലെങ്കില്‍ ടൈ ഒന്നും ധരിക്കാന്‍ പോകരുത്. നല്ല വസ്ത്രധാരണം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

എട്ട്) അത്യാവശ്യം നന്നായി തയ്യാറെടുക്കുക. അത്തും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇന്റെര്‍വ്യൂവിന്റെ തലേദിവസം നന്നായി ഉറങ്ങുക; അഥവാ ഉറക്കമിളച്ചുള്ള പഠനവും അതുവഴിയുള്ള ആരോഗ്യ പ്രശ്നങ്ങളും  ഒഴിവാക്കുക.

ഒന്‍പത്)Shreds (http://shredskerala.org/) മുതലായ വെബ്‌സൈറ്റുകളില്‍ ജോയിന്‍ ചെയ്യുക. പരമാവധി ടെസ്റ്റുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് നല്ലതാണ്. എനിക്ക് ജോലി ലഭിച്ചതിനു Shreds -നോടുള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.

പത്ത്) എച്ച്.ആര്‍ ഇന്റെര്‍വ്യൂവിനും മറ്റും സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് നിങ്ങളുടെ ശക്തിയെന്ത്, ദൌര്‍ബല്യമെന്തു എന്നത്. ഇതിനു ഉത്തരം മനസ്സില്‍ കരുതിയ ശേഷം മാത്രം ഇന്റെര്‍വ്യൂവിന് പോകുക.
പതിനൊന്ന്) Self Introduction എല്ലാ ഇന്റെര്‍വ്യൂവിനും ആദ്യം ചോദിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. പേര്, സ്ഥലം, മാതാപിതാക്കളുടെ പേര്, സ്കൂള്‍, കോളേജ്, ആവറേജ് മാര്‍ക്കുകള്‍, എന്തെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ എന്നീ കാര്യങ്ങള്‍ ചുരുക്കി പറയുക. ഇതു നന്നായി മനസ്സില്‍ ഉരുവിട്ട് പഠിച്ചിട്ടു പോവുക. തപ്പിത്തടയാതെ ഇതു പറയാന്‍ കഴിഞ്ഞാല്‍ അതു ഇന്റെര്‍വ്യൂവിന് നല്ലൊരു തുടക്കാന്‍ നല്‍കും.

പന്ത്രണ്ട്) മോളില്‍ നിന്ന്  ഒന്ന് മുതല്‍ ഒന്നുകൂടെ വായിക്കുക.

പതിമൂന്ന്) വരുന്നിടത്തുവെച്ചു കാണാം എന്നും പറഞ്ഞു ഇന്റെര്‍വ്യൂവിന് പോവുക. ജോലി നിങ്ങള്‍ക്കു തന്നെ. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാവുക തന്നെ ചെയ്യും.

നന്മകള്‍ നേരുന്നു....

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

(റീഷെയര്‍ ചെയ്തു വിജയിപ്പിക്കാന്‍ അഭ്യര്‍ഥന. ബൂലോകത്ത് ആര്‍ക്കെങ്കില്ലും ഉപയോഗം ഉണ്ടായാലോ...)

ചൊവ്വാഴ്ച, മാർച്ച് 01, 2011

പന്തളത്തെ അടിച്ച ലോട്ടറി...

ലോട്ടറി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് കിലുക്കത്തില്‍ ഇന്നസെന്റിന് ലോട്ടറി അടിച്ചതാണ്. എന്നാല്‍ ഇതു 'ഇന്നസെന്റിന് ലോട്ടറി അടിച്ചതല്ല', പകരം 'ഇന്നസെന്റിനെ ലോട്ടറി അടിച്ചതാനെന്നു' വെള്ളെഴുത്തിനെപ്പോലുള്ള ഭാഷാ ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ നമ്മുടെ പന്തളത്തെ സുധാകരന്‍ അണ്ണനേം  ഒരു ലോട്ടറി അടിച്ചു. ആ കഥയാണ്‌ ഇവിടെ പറയാന്‍ പോകുന്നത്.
ജോണ്‍ ബ്രിട്ടാസിന്റെ ക്രോസ് ഫയര്‍ ചര്‍ച്ചയാണ് രംഗം. സി.പി.എമ്മിലെ ഗോവിന്ദന്‍ മാസ്റ്റര്‍, കൊണ്ഗ്രസ്സിലെ പന്തളം സുധാകരന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഗോവിന്ദന്‍ മാസ്റ്റര്‍: 2G സ്പെക്ട്രം വിറ്റതിലുള്ള  അഴിമതി മൂലം നാടിനു നഷ്ടമായ 1 .76 കോടി ലക്ഷം രൂപ നൂറിന്റെ നോട്ടായി ചേര്‍ത്തുവെച്ചാല്‍ ഭൂമിയെ മൂന്ന് പ്രാവശ്യം ചുറ്റിവരാന്‍ മാത്രമുണ്ട്. ഈ നോട്ടുകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെച്ചാല്‍ 256 കിലോമീറ്റര്‍ ഉയരം വരും.

ഉടനെ പന്തളം: അപ്പൊ ഈ ലോട്ടറി മൂലം നഷ്ടമുണ്ടായ 50000 കോടി രൂപ ചേര്‍ത്തുവെച്ചാല്‍ കേരളത്തെ മുഴുവന്‍ പുതയ്ക്കാന്‍ കഴിയുമോ?

ഉടനെ കാണികളായി ഇരുന്നതിലൊരാള്‍ ചാടിയെഴുന്നേറ്റു പറഞ്ഞു, "അതു നിങ്ങള്‍ ഡല്‍ഹിയില്‍ ചെന്നു നിങ്ങടെ മാഡത്തോടും സിംഗ്വിയോടും സുബ്ബയോടുമൊക്കെ ചോദിച്ചാ മതി. അവര് പറഞ്ഞു തരും..!!" 

"അടിച്ചു മോളേ..."

പന്തളം ഠിം...!!!

എന്തര് പന്തളമായാലും ശരി പൊതുജനം വെറും കഴുതകളല്ലെന്നു മനസിലാക്കിയാല്‍ അവര്‍ക്ക് തന്നെ കൊള്ളാം.


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍: ഗൂഗിള്‍  
 

Related Posts:

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...