വെള്ളിയാഴ്‌ച, ഡിസംബർ 24, 2010

ചില വാരാന്ത്യ ചിന്തകള്‍: രണ്ടാം വാരം

 പേനയുണ്ടോ സഖാവേ, ഒരു ആട്ടൊഗ്രാഫ് വാങ്ങാന്‍.......
കഴിഞ്ഞ തവണ ജോലി തേടിയുള്ള പരക്കം പാച്ചിലിനിടയിലാണ് ഐ.എഫ്.എഫ്.കെ മിസ്സായതെങ്കില്‍ ഇത്തവണ ജോലി കിട്ടിയതിനാലാണ് മിസ്സ്‌ ആയത്. എങ്കിലും കഴിഞ്ഞ തവണ, ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അന്ന് കണ്ട 'എ സ്റെപ്പ്  ഇന്ടു ദി ഡാര്‍ക്ക്നെസ്' ഇപ്പോഴും 
മനസിലുണ്ട്. ഇത്തവണ പങ്കെടുത്തത് സമാപന ചടങ്ങിലാണ്. ഒരു വി.ഐ.പി പാസ് സംഘടിപ്പിച്ചിരുന്നു. പക്ഷെ ചെന്നപ്പോഴാണ് മനസിലായത്, നിശാഗന്ധിയില്‍ ഇരിക്കുന്ന എല്ലാവരും വി.ഐ.പികള്‍ തന്നെ, കൊള്ളാം.  മികച്ച ചിത്രത്തിനുള്ള ബഹുമതി നേടിയ 'പോര്‍ട്രൈട്സ് ഇന്‍ എ സീ ഓഫ് ലൈസ്' കാണാന്‍ കഴിഞ്ഞു. ഒരു പെണ്‍കുട്ടിയും അവളുടെ സഹോദരനും നടത്തുന്ന ഒരു യാത്രയിലൂടെ കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത ഈ ചിത്രത്തില്‍ മനോഹരമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ചിത്രത്തിന്റെ ആത്മാവിനോട് വളരെയധികം നീതി പുലര്‍ത്തുന്ന തലക്കെട്ട്‌ നല്‍കിയ സംവിധായകനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. മലയാളത്തില്‍ നിന്നുള്ള നിരവധി സംവിധായകരും നിര്‍മ്മാതാക്കളും പങ്കെടുത്ത ഈ ചടങ്ങില്‍ മണിയന്‍ പിള്ള രാജുവും ഇന്ദ്രന്‍സും ഒഴികെ വേറെ നടന്മാരെയോ നടിമാരെയോ ഒന്നും കണ്ടില്ല. അവര്‍ക്ക് ഇതിനൊക്കെ എപ്പോ നേരം അല്ലേ. 


ചടങ്ങിലെ മുഖ്യാതിഥി മണിരത്നവും സുഹാസിനിയുമായിരുന്നു. സിനിമാ പ്രദര്‍ശനവും കഴിഞ്ഞാണ് അവര്‍ പോയത്. പ്രദര്‍ശനം കഴിഞ്ഞു അവര്‍ പോകാനിറങ്ങിയപ്പോള്‍ ഒരു ഓട്ടോഗ്രാഫിനായി നിരക്കിനിടയിലൂടെ അവരുടെ അടുത്തെത്തി. മുന്നിലിതാരാ, ഓര്‍ത്തിട്ടു എന്‍റെ കയ്യും കാലും വിറക്കുന്നു. നേരെ പാസിന്റെ മറുപുറം മണിരത്നത്തിന് നേരെ നീട്ടി. അപ്പോള്‍ അദ്ദേഹം എന്നോട് പേന ചോദിച്ചു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എവിടന്നു പേന? അപ്പോള്‍ മുദ്രാവാക്യത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ഇരട്ടച്ചിറയിലെ അരുണ്‍ അണ്ണനെ മനസ്സില്‍ ധ്യാനിച്ച്‌ അടുത്ത് നിന്ന ബേബി സഖാവിനോടൊരു ചോദ്യം, "പേനയുണ്ടോ സഖാവേ, ഒരു ആട്ടൊഗ്രാഫ് വാങ്ങാന്‍.......". നല്ല മനുഷ്യന്‍, അപ്പോഴേ പേന തന്നു. മണിരത്നത്തിന്റെയും സുഹാസിനിയുടെയും പിന്നെ ബേബി സഖാവിന്റെയും ഓട്ടോഗ്രാഫ് വാങ്ങി. ഒരു പാവം സിനിമാ പ്രേമിക്കു ലഭിച്ച അമൂല്യനിധി. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും. ഫിലിം ഫെസ്റിവലിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ......

റാഡിയയും സ്മാര്‍ട്ട്‌ സിറ്റിയും  
റാഡിയ എന്തിനായിരിക്കും കൊച്ചിയില്‍ ഓഫീസ് തുറന്നത്? നമ്മുടെ കേരളത്തിലെ പത്രക്കാരിലും ബുര്‍ഖയും വീര്‍ സാന്ഘ്വിയും ഒക്കെ ഉണ്ടോ? ജോണ്‍ ബ്രിട്ടാസിന്റെ ക്രോസ് ഫയറില്‍ 2G സ്പെക്ട്രത്തെയും മാധ്യമ പ്രവര്‍ത്തനത്തെയും കുറിച്ചൊരു ചര്‍ച്ച ഉണ്ടായിരുന്നു. എം.ജി രാധാകൃഷ്ണനും സെബാസ്റ്റ്യന്‍ പോളും എന്‍.മാധവന്‍ കുട്ടിയും ഒക്കെ ഉണ്ടായിരുന്നു. അതില്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. സ്മാര്‍ട്ട്‌ സിറ്റി പ്രശ്നത്തില്‍ കേരളാ സര്‍ക്കാരും ടി.കോമും എതിര്‍ കക്ഷികളാണ്. എന്നാല്‍ ഇവിടത്തെ മിക്ക മാധ്യമങ്ങളും ടി.കോമിന്റെ പക്ഷത്താണ്. ഇതിനു പിന്നില്‍ ലോബിയിന്ഗോ മറ്റോ ഉണ്ടോ എന്നൊരു സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. സുനന്ദ പുഷ്കര്‍ ആരായിരുന്നു എന്ന് ഓര്‍ക്കുമല്ലോ. അടുത്ത തവണ യു.ഡി.എഫ് വരുകയാണെങ്കില്‍ ടി.കോം സ്വതന്ത്ര വില്പനാവകാശം ഉള്‍പ്പടെ എന്ത് ചോദിച്ചാലും കൊടുത്തു സ്മാര്‍ട്ട് സിറ്റി കൊണ്ട് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഓര്‍മ്മ വരുന്നു. സ്മാര്‍ട്ട് സിറ്റിയെക്കാള്‍ വലിയ ടെക്നോ സിറ്റി തിരുവനന്തപുരത്ത് യാഥാര്‍ദ്ധ്യമാകുന്നത് ഈ പത്രങ്ങള്‍ കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇവര്‍ക്ക് ആരോടാണ് ബാധ്യത? വായനക്കാരോടോ അതോ...


കുസാറ്റിലെ മാന്യന്മാര്‍.....
അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ....എവരൊക്കെ മൊല കുടിച്ചു തന്നാണോ വളര്‍ന്നെ?  പ്രകൃതി അമ്മതന്നല്ലേ.....

ലീഡര്‍
ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വേദന. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ അദ്ദേഹത്തോട് ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുക്കളയില്‍ നിന്ന് രാഷ്ട്രീയം പഠിച്ചവര്‍ അദ്ദേഹത്തിനോട് കാണിച്ച നന്ദികേട്‌ ഓര്‍ക്കുമ്പോള്‍ ഒരു വേദന. അവസാന കാലത്ത് അദ്ദേഹം ഈച്ചരവാര്യരുടെ വേദന അല്പമെങ്കിലും മനസ്സിലാക്കിയിരിക്കണം.....

യെദ്യൂരപ്പയും ഒരു കര്‍ഷകനും
വിമത പ്രശ്നം, അഴിമതി ആരോപണം; ആകെ പ്രശ്നമാണ്. എങ്കിലും നമ്മളെ മാറ്റാനൊന്നും ഒരു കേന്ദ്രനും പറ്റില്ല. അങ്ങനെ ഇരിക്കുമ്പോള്‍ തോന്നി ഇന്നുമുതല്‍ കര്‍ഷകരെ അങ്ങു പ്രേമിച്ചു കളയാം. ഉടനെ ഫോണ്‍ എടുത്തു, "ടോയ്, ആ പി.ആറിനെ ഒന്ന് കണക്റ്റ് ചെയ്യടെ. പി.ആറേ, എനിക്ക് കര്‍ഷകരോട് പെട്ടെന്ന് ഭയങ്കര സ്നേഹം. നാളെത്തന്നെ എന്‍റെ ഒരു കളര്‍ പടവും ഏതേലും കര്‍ഷകരുടെ പടവുമെടുത്തു നാളത്തെ എല്ലാ പത്രത്തിന്റെം ഫ്രന്റ് പേജില്‍ കൊടുത്തേയ്ക്ക്." പി.ആറിനു കാര്യം മനസിലായി. കൊക്കെത്ര കൊളം കണ്ടതാ. പിറ്റേന്ന് തന്നെ പരസ്യം എല്ലാ പത്രത്തിലും. യെദ്യൂരപ്പ മണ്‍വെട്ടിയും മറ്റും പിടിച്ചു നില്‍ക്കുന്നു. പിന്നെ ചിരിക്കുന്ന ഒരു വലിയ പടം. പിന്നെ ഒരു കര്‍ഷകന്‍ ഒരു മണ്‍വെട്ടിയുമായി നില്‍ക്കുന്ന പടം. കൂടെ യദ്യൂരപ്പ സര്‍ക്കാരിന്റെ കര്‍ഷകസ്നേഹത്തെ പുകഴി കുറെ വാചകങ്ങള്‍. ഹായ്, പരസ്യം കണ്ടു പുള്ളി ഹാപ്പിയായി. പക്ഷെ, വിധിവൈപരീത്യം എന്ന് വിളിക്കുന്നത്‌ ഇതിനെയാണോ? യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം മുന്‍പ് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ പടമാണ് ആ പരസ്യത്തില്‍ കൊടുത്തത്. ചുരുക്കിപ്പറഞ്ഞാല്‍ സംഗതി പുലിവാലായി. വെളുക്കാന്‍ തേച്ചത് പാണ്ടായി പണ്ടാരമടങ്ങി എന്ന് പണ്ടാരാണ്ടോ പറഞ്ഞത് പോലെ ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കേരളത്തിന്‌ വിപരീതമായി കര്‍ഷക ആത്മഹത്യക്ക് യാതൊരു പഞ്ഞവുമില്ലാത്ത സ്ഥലമാണ് കര്‍ണാടക. അതിന്റെ മുകളിലാണ് ജീവിക്കാന്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകനോട് ഈ ചെയ്ത്ത്  ചെയ്തത്. എന്തായാലും, ആ കര്‍ഷകന്റെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുക്കാന്‍ എന്നൊക്കെ പറഞ്ഞ് പ്രശ്നത്തില്‍ നിന്ന് ഊരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യെദ്യൂരപ്പയുടെ കണ്ണൂരിലെ സ്വന്തം കണിയാന്‍ പ്രശ്നം വെച്ചപ്പോ ഇതൊന്നും കണ്ടില്ലായിരുന്നോ എന്തോ....

സച്ചിനും ധോണിയും പിന്നെ യുബിയും
ഒരു വര്‍ഷത്തേയ്ക്ക് ഇരുപതു കോടി രൂപയാണ് സച്ചിന് കിട്ടിയ ഓഫര്‍. പുല്ലു പോലെ നിരസിച്ചു പുള്ളി. മദ്യത്തിനേയോ പുകവലിയെയോ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ ഏര്‍പ്പെടില്ല എന്ന് അച്ഛന് കൊടുത്ത വാക്കാണ്‌ കാരണം. തൊട്ടുപിന്നാലെ ധോണി മൂന്നു വര്‍ഷത്തേയ്ക്ക് ഇരുപത്താറു കോടിക്ക് യു.ബി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടു. നമ്മടെ കിംഗ്‌ ഫിഷറിന്റെ, അതു തന്നെ. ക്രിക്കറ്റിന്റെ രണ്ട് കാലഘട്ടത്തിന്റെ പ്രതിനിധികളാണ് സച്ചിനും ധോണിയും. കച്ചവടത്തെക്കാളുപരി കളിയെ സ്നേഹിച്ചിരുന്ന, അതിനെ ഒരു കലയായി കണ്ട, അതിനെ ഒരു ജീവിത ചര്യയായി കണ്ട ഒരു തലമുറയുടെ അവസാനത്തെ കണ്ണികളാണ് സച്ചിനും ഗാംഗുലിയും കുംബ്ലെയുമൊക്കെ. സച്ചിനും ദ്രാവിഡും വിടപറയുന്നതോട് കൂടി ആ കാലഘട്ടം അവസാനിക്കുന്നു. ഇനിയുള്ളത് പണത്തിന്റെയും ഗ്ലാമറിന്റെയും പിന്നാലെ പായുന്നവരുടെ കാലഘട്ടമാണ്. രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങാന്‍ സമയമില്ലാതെ പരസ്യത്തില്‍ അഭിനയിച്ചു നടക്കുന്നവരുടെ കാലം. ഏഷ്യന്‍ ഗെയ്മ്സില്‍ പങ്കെടുത്തു കിട്ടുന്ന ഒരു മെഡലിനെക്കാള്‍ വലുതായി ഐ.പി.എല്‍ കളിച്ചു കിട്ടുന്ന കോടികളെ സ്നേഹിക്കുന്നവരുടെ കാലം.സച്ചിന്‍ കൂടി വിടപറയുന്നതോടെ  എന്നെപ്പോലെ പലരും ഈ കളിയില്‍ നിന്ന് എന്നെന്നേയ്ക്കുമായി അകന്നു പോയേക്കാം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും മറ്റുമുള്ള സ്ഥാനം ആരുടെ മനസിലും ഐ.പി.എല്ലിനു കിട്ടുമെന്ന് തോന്നുന്നില്ല. ഇംഗ്ലണ്ടിലേയും സ്പെയിനിലെയും മറ്റും നൂറുവര്‍ഷത്തിലധികം പ്രായമുള്ള ഫുട്ബാള്‍ ക്ലബ്ബുകള്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങളിലൂടെയാണ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. ആ സ്ഥാനം ഒരിക്കലും പണക്കൊഴുപ്പും ഗ്ലാമറും കൊണ്ട് നേടാന്‍ കഴിയില്ല. ഡല്‍ഹി മെട്രോ റെയില്‍വേയ്ക്ക് വേണ്ടി പോരാടിയാണ് ആരുടെയെങ്കിലും മന്ത്രിസ്ഥാനം തെറിച്ചതെങ്കില്‍ ഞാന്‍ കൂടെ നിന്നേനെ. പക്ഷെ അതിനൊക്കെ ആര്‍ക്കു നേരം, അവിടെ വിയര്‍പ്പോഹരിക്കൊന്നും സ്കോപ് ഇല്ലായിരിക്കും. 2010 -ല്‍ കമ്മീഷന്‍ ചെയ്യേണ്ട പദ്ധതിയാണ് ഇപ്പോഴും ധനമന്ത്രാലയത്തിന്റെ അനുമതിയും കാത്തു ധനമന്ത്രിയുടെ മേശപ്പുറത്തു പൊടിയും അടിച്ചിരിക്കുന്നത്‌...

ദി ഹിന്ദുവിലെ കാര്‍ട്ടൂണുകള്‍
ദി ഹിന്ദുവിലെ കാര്‍ട്ടൂണുകള്‍ ശേഖരിക്കുന്ന ഒരു പതിവുണ്ട്. ഒരു ചിത്രത്തിന് ആയിരം ലേഖനങ്ങളെക്കാള്‍ ശക്തിയില്‍ ആശയം പ്രകടിപ്പിക്കാന്‍ കഴിയും. ഈ ആഴ്ചയില്‍ വന്ന രണ്ട് കാര്‍ട്ടൂണുകളാണ് ചുവടെ.
വാരാന്ത്യവാചകം
If you don't want anyone to know, don't do it...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സര ആശംസകള്‍.

  നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു. അടുത്ത വര്‍ഷമെങ്കിലും ജെ.പി.സി വരുമായിരിക്കും, അല്ലേ.  ഒന്നേമുക്കാല്‍ ലക്ഷം കോടി, ഹും.....
ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍

3 അഭിപ്രായങ്ങൾ:

  1. നമ്മള്‍ അര്‍ഹിക്കുന്നത് ഇത്തരം പ്രധാനമന്ത്രിമാരെ/നേതാക്കന്മാരെയാണോ, ഇതിലും നല്ലത് അര്‍ഹിക്കുന്നില്ലേ ?
    നല്ല ചിന്തകള്‍ അനൂപ്‌ . തുടരുക,ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ezhuthiya ellathinodum yojikkunnu, prathyekichum karunakarane pati ezhuthiyathinodu.

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....