വ്യാഴാഴ്‌ച, സെപ്റ്റംബർ 02, 2010

വീരഭൂമിക്കാര്‍ അറിയുന്നതിന്....

പണ്ടൊക്കെ എല്ലാ ശനിയാഴ്ചകളിലും പട്ടിണി കിടക്കുന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെ (കട: ഇന്നസെന്റ്) മാതൃഭൂമി വരിക വാങ്ങി ആക്രാന്തത്തോടെ വായിച്ചിരുന്ന ഒരു മനുഷ്യനാണ് ഈ പാവം ഞാന്‍. പക്ഷെ അടുത്തിടെയായി ആ പരിപാടി ഉപേക്ഷിച്ചിരിക്കുകയാണ്. നമ്മളെപ്പോലുള്ള വെറും സാധാരണക്കാരായ വായനക്കാരെ വെറും മന്ദബുദ്ധികളെപ്പോലെ (കട: അഴിക്കോട് മാഷ്‌) അവര്‍ കാണാന്‍ തുടങ്ങിയില്ലേ എന്ന സംശയം കാരണമാണിത്. ഇത് എന്റെ മാത്രം കാര്യമല്ല എന്നാണ് അടുത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാതൃഭൂമി വാരിക, ദിനപത്രം തുടങ്ങിയവയുടെ പ്രചാരം വന്‍തോതില്‍ ഇടിയുകയാണ്.

മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും വായനക്കാര്‍ തിരസ്കരിക്കുന്നതായി ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. മീഡിയ റിസര്‍ച്ച് യൂസേഴ്സ് കൌസില്‍ 2010ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്. 2010 രണ്ടാം ക്വാര്‍ട്ടറില്‍ മാതൃഭൂമി വായനക്കാരുടെ എണ്ണത്തില്‍ 1,32,000 പേരുടെ കുറവാണുണ്ടായത്. ആദ്യക്വാര്‍ട്ടറില്‍ 66,98,000 വായനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 65,66,000 ആയി കുറഞ്ഞു. 1.97 ശതമാനമാണ് ഇടിവ്.
2010 രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നഷ്ടമായത്. 1,55,000 വായനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 91,000 വായനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂന്നു മാസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. 41.29 ശതമാനമാണ് ഇടിവ്.

അല്പം പഴയൊരു കഥ. എല്‍.ഡി. എഫില്‍ നിന്നും പുറത്തു വന്നതിന്റെ പിറ്റേ ദിവസം വീരന്റെ ജനതാദള്ളിനു യു.ഡി.എഫില്‍ പൗരത്വം ലഭിച്ചു. ധാരാളം യു.ഡി.എഫ്. പാരമ്പര്യം ഉള്ള പലരും പ്രവേശം കാത്തു പുറത്തു നില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. സാക്ഷാല്‍ ലീഡറുടെ മകന്‍ പോലും പുറത്തു നില്‍ക്കുന്നു. ഇതിനു പ്രധാന കാരണം വീരന്റെ കയ്യിലുള്ള മാതൃഭൂമി പത്രമാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം ഇപ്പൊത്തന്നെ കയ്യിലുണ്ട്; പിന്നെ ഒരു കൂട്ടം ചാലുകളും, ഛെ ചാനലുകളും. അതിന്റെ കൂടെ രണ്ടാമത്തെ പത്രം കൂടി വന്നാല്‍ അടുത്ത ഇലക്ഷനില്‍ അര്‍മാദിക്കാം എന്നവര്‍ കരുതിക്കാണും. മാധ്യമങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്തുണ കൊടുക്കുന്നതും അവര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ കൊടുക്കുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അതിവിടെ സ്ഥിരം നടക്കുന്നുമുണ്ട്. എന്നാല്‍ ഒരു പത്രം അതിന്റെ സര്‍വ വിശ്വാസ്യതയും കളഞ്ഞു കുളിച്ചു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നാവു മാത്രമായി മാറുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ കഴിയൂ. വായനക്കാരില്ലെങ്കില്‍ പിന്നെന്തു പത്രം, എന്ത് വാരിക. പത്രം പോട്ടെ, ആ ആഴ്ച്ചപ്പതിപ്പിനെ എങ്കിലും വെറുതെ വിട്ടുകൂടെ വീരന്‍ സാറേ. വീരന്‍ സാറിനു കേരളാ രാഷ്ട്രീയത്തില്‍ വളരാനാണ്‌ ഈ പത്രവും ആഴ്ച്ചപ്പതിപ്പുമൊക്കെ എങ്കില്‍ അതൊക്കെ കാശ് കൊടുത്തു വാങ്ങുന്ന നമ്മള്‍ ആരായി? എന്തായാലും തല്കാലത്തേക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിന് വിട. 'മാതൃഭൂമി' നമ്മുടെ സ്വാതന്ത്ര്യ സമരവുമായും ചരിത്രവുമായും വളരെ ബന്ധപ്പെട്ടു കിടക്കുന്ന പത്രമാണ്‌. ആ പേര് ഇങ്ങനെ കളയരുത്. അല്ല ഇങ്ങനെ തുടരാനാണ് ഉദ്ദേശമെങ്കില്‍ ദയവു ചെയ്തു പേര് വീരഭൂമി എന്നോ കയ്യേറ്റഭൂമി എന്നോ കൈവശഭൂമി എന്നോ മറ്റോ ആക്കി മാറ്റുക. ആഴ്ചപ്പതിപ്പിന്റെ ഒരു എക്സ്-വായനക്കാരന്റെ വിനീതമായ അഭ്യര്‍ത്ഥന ആയി കരുതിയാല്‍ മതി. ദയവു ചെയ്തു മാനനഷ്ടത്തിനൊന്നും കേസ് കൊടുക്കരുത്. പഴേ ആഴ്ചപ്പതിപ്പുകള്‍ തൂക്കി വിറ്റ വകയില്‍ കുറച്ചു കാശു മാത്രേ എന്റെലുള്ളൂ....

ശുഭം!
മംഗളം!
anoopesar

7 അഭിപ്രായങ്ങൾ:

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....