ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010

എന്തരാവോ എന്തോ?

കടയില്‍ നിന്ന് ഒരു സാധനം വാങ്ങാന്‍ ചെന്നു. കടക്കാരനാണേല്‍ വലിയ ബിസിനസ്‌ ഒന്നുമില്ലാതെ വെയില് വെക്കയും കുത്തി ഇരിപ്പാണ്. ഞാന്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് വായിച്ചു. പുള്ളി അപ്പൊ ഒരേ ഡിമാണ്ട്. ഞാന്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പിന്നെ വാങ്ങിച്ചവയ്ക്ക് എന്തേലും കേടുവന്നാല്‍ അത് എന്റെ കുറ്റമാണ്. ദിവിടൊരൊപ്പ്, ദവിടെ, ദവിടെ, ദതിന്റെ ദപ്പുറത്ത് (കട: സ. കു). അങ്ങനെ ഇങ്ങനെ.... ഒരു വിധം സാമാന്യ ബുദ്ധിയുള്ളവനോക്കെ താന്‍ പോ ഊവ്വേ എന്നും പറഞ്ഞ് വേറെ ഏതേലും കടയില്‍ പോകും. പക്ഷെ അത് ചെയ്യാതെ അവിടത്തന്നെ കറങ്ങിത്തിരിഞ്ഞ്‌ നില്‍ക്കുവാണേല്‍ ഒന്നുകില്‍ എന്റെ തലയ്ക്കു എന്തോ വലിയ പ്രശ്നമുണ്ട്, അല്ലേല്‍ പുള്ളി എനിക്കെന്തോ വലിയ കൈക്കൂലി തരാമെന്നു പറഞ്ഞിട്ടുണ്ട്; ഈ സാധനമൊക്കെ വാങ്ങിക്കൊണ്ടുപോയി വീട്ടുകാരെ പറ്റിക്കാന്‍. എന്താണ് സംഭവമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ആണവ ബാധ്യതാ ബില്ലിന്റെ കാര്യം തന്നെ നോക്കുക. ഇവിടന്നു വളരെ ഗഷ്ടപ്പെട്ടു മനമോഹനനും സംഘവും ഒരു ബില്ലൊക്കെ പാസ്സാക്കി അയച്ചപ്പോള്‍ ഞാന്‍ കുറെ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഒക്കെ പുള്ളിക്ക് അയച്ചു കൊടുത്തിരുന്നു. ആ കാശ് പോയെന്നാണ് തോന്നുന്നത്. ഈ ബില്ലും അമേരിക്കയിലെ മുതലാളിമാര്‍ക്ക് പോരത്രേ. ഈ റിയാക്ടറുകളില്‍ എന്തേലും അപകടം പറ്റിയാല്‍ മുഴുവന്‍ ബാധ്യതയും ഇന്ത്യക്കാരുടെ തലയില്‍ വരണമെന്നാണ് അവര്‍ പറയുന്നത്; അവര്‍ക്ക് അതിന്റെ ഒന്നും പിറകെ നടക്കാന്‍ സമയമില്ല. കാശുമില്ല. ഇപ്പൊ ബിസിനസ്‌ ഒന്നും ഇല്ലേലും അഹങ്കാരത്തിന് ഒരു കുറവുമില്ല. എന്നാല്‍ റഷ്യ, ഫ്രാന്‍സ് മുതലായവര്‍ക്ക് ഇങ്ങനത്തെ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്നിട്ടും നമുക്കിതിക്കെ അമേരിക്കക്കാരുടെ കയ്യില്‍ നിന്ന് മതി. അപ്പോഴാണ്‌ ഞാന്‍ നേരത്തെ ചോദിച്ച ആ ചോദ്യം ഉയര്‍ന്നു വരുന്നത്. ഓര്‍ക്കുക, 30 മുതല്‍ 40 വരെ റിയാക്ടരുകളാണ് ഇന്ത്യ വാങ്ങാന്‍ പോകുന്നത്. ഓരോന്നിനും 10000-15000 കോടി വില വരും. എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ എന്നൊരു സംശയം. ഈ ആണവ കരാറിന്റെ പേരിലല്ലേ ഇവര്‍ ഇടതുപക്ഷവുമായി തെറ്റിയത്. അന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ നടന്ന വിശ്വാസവോട്ടെടുപ്പിന്റെ കാര്യമൊക്കെ ഓര്‍മയുണ്ടാകുമല്ലോ. കോഴയായി കിട്ടിയ കോടിക്കണക്കിനു രൂപ പാര്‍ലമെന്റില്‍ ചില എം.പി-മാര്‍ കൊണ്ടുവാന്നതും മറ്റും. ആ കേസൊക്കെ എവിടെയോ അലിഞ്ഞലിഞ്ഞു ഇല്ലാതായി. അന്ന് മറിഞ്ഞ കോടികളുടെ ഉറവിടം എന്താണെന്ന് ഈ അവസരത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇവര്‍ക്ക് നട്ടെല്ല് നിവര്‍ന്നു പറഞ്ഞൂടെ, എന്നാല്‍ പിന്നെ നിങ്ങളുടെ കയ്യില്‍ നിന്ന് വേണ്ടെടെയ് എന്ന്. അതോ നട്ടെല്ലും പണയം വെച്ചിരിക്കുവാണോ? ഇനി അവര്‍ പറയുന്നതെല്ലാം കേട്ടു, നമ്മുടെ കാശും കൊടുത്തു ഇതൊക്കെ വാങ്ങിക്കൂട്ടിയിട്ടൊടുക്കം... അല്ലേല്‍ ഞാന്‍ ഒന്നും പറയുന്നില്ല.

ഇതെല്ലാം കാണുമ്പോള്‍ ഒരു തിരുവന്തോരംകാരന്‍ എന്ന നിലയില്‍ എന്റെ ച്വാദ്യം ഇതാണ്,
"ദിതെല്ലാം കൂടി എന്തരാവോ എന്തോ?"

ശുഭം?
മംഗളം?
anoopesar

ശനിയാഴ്‌ച, സെപ്റ്റംബർ 11, 2010

വിവാ 'വിവ കേരള'


ഒടുവില്‍ കേരളത്തിന്റെ അഭിമാനമായ 'വിവ കേരള'യ്ക്ക് സ്പോണ്‍സറെ ലഭിച്ച വിവരം സന്തോഷത്തോടും അതിലേറെ ആശ്വാസത്തോടും ഒരു കുഞ്ഞു ഫുട്ബോള്‍ പ്രേമി എന്ന നിലയില്‍ ഇവിടെ അറിയിക്കട്ടെ. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് മസ്ലി പവര്‍ എക്സ്ട്രാ ആണ് വിവ കേരളയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാത്രമല്ല, വിവയ്ക്ക് വേണ്ടി ഒരു ഫുട്ബോള്‍ അക്കാഡമിയും അവര്‍ തുടങ്ങുന്നുണ്ടത്രേ. ഏതായാലും ഇനി വിവയ്ക്ക് പണത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല എന്ന ഉറപ്പു അവര്‍ നല്‍കിക്കഴിഞ്ഞു. കൂടാതെ അന്തര്‍ദേശീയ നിലവാരമുള്ള ടീമുകളുമായി പരിശീലന മത്സരം നടത്താനുള്ള അവസരവും വിവയ്ക്ക് ഉണ്ടാകുമത്രേ.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ ആയിരുന്ന സക്കീര്‍ ഉള്‍പ്പടെ ചിലരെ നഷ്ടമായെങ്കിലും കൂടുതല്‍ കളിക്കാരെയും പിടിച്ചു നിര്‍ത്താന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ ബഗാനില്‍ നിന്ന് കലോതുങ്കനേയും ചില വിദേശ കളിക്കാരെയും കൊണ്ട് വരാന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാനും മലബാര്‍ യുണൈറ്റെഡ് പോലുള്ള ടീമുകളുമായി ചേര്‍ന്ന് കേരളാ ഫുട്ബാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയുമാറാകട്ടെ എന്നും ആശംസിക്കുന്നു. നായനാര്‍ സ്മാരക ഫുട്ബോള്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കൊണ്ടുവന്ന ആവേശം ഇതിനു അവരെ സഹായിക്കുക തന്നെ ചെയ്യും....

വാല്‍ക്കഷണം: ഇന്ത്യയില്‍ ഫുട്ബോളിനുള്ള പരിശീലന സൗകര്യങ്ങള്‍ തീരെ നിലവാരമില്ലാ
ത്തതാണെന്നു ഇന്ത്യന്‍ കോച്ച് ബോബ് ഹൗട്ടണ്‍‍. പോര്‍ച്ചുഗലില്‍ പരിശീലനം നടത്താന്‍ മൂന്നു കോടി ചെലവാക്കിയതിന് അദ്ദേഹത്തെ ഇവിടത്തെ മേലാളന്മാര്‍ വഴക്ക് പറഞ്ഞപ്പോളാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്. നിലവാരമുണ്ടാക്കാനോക്കെ അവര്‍ക്കെവിടെ സമയം. അവര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ പെടാപാട് പെടുകല്ലേ. അതിനിടയിലെവിടാ ഫുട്ബാളിനേം ഹോക്കിയേം ഒക്കെ ഉദ്ധരിക്കാന്‍ സമയം?


ശുഭം!
മംഗളം!
anoopesar

ലാല്‍ സലാം....

"കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നില്‍
ജന്മമേകുന്നു ഞാന്‍...."


ലാല്‍സലാം !


ശുഭം!
മംഗളം!

ഞായറാഴ്‌ച, സെപ്റ്റംബർ 05, 2010

മതമെന്തെന്നറിയാത്ത ജീവനുകള്‍......

ലോകപ്രശസ്തമായ 'ഗോഡ്ഫാദര്‍' എന്ന ക്ലാസ്സിക്‌ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ ഒരു രംഗമുണ്ട്. വത്തിക്കാനിലെ ചില രാഷ്ട്രീയക്കാരില്‍ നിന്നും പുരോഹിതരില്‍ നിന്നും നേരിട്ട ചതി അവിടത്തെ ഒരു മുതിര്‍ന്ന പുരോഹിതനെ അറിയിക്കാനായി മൈക്കേല്‍ കൊര്‍ലിയോണ്‍ പോകുന്ന രംഗം. മൈക്കിയുടെ അനുഭവം കേട്ടശേഷം പുരോഹിതന്‍ വെള്ളം നിറഞ്ഞ സ്ഥലത്ത് നിന്നും ഒരു കല്ല്‌ പുറത്തേയ്ക്ക് എടുക്കുന്നു. എന്നിട്ട് ഇങ്ങനെ പറയുന്നു, "നോക്കൂ, കല്ല്‌ എത്രയോ കാലമായി ജലത്തിനുള്ളില്‍ കിടക്കുന്നു. എന്നിട്ടും ഇതിനുള്ളില്‍ ജലം പ്രവേശിച്ചിട്ടില്ല. ഇതിന്റെ അകവശം ഇപ്പോഴും വരണ്ടു തന്നെ ഇരിക്കുന്നു. ഇതുപോലെയാണ് ഇവിടത്തെ ചിലരുടെ കാര്യം. എത്രയോ വര്‍ഷങ്ങളായി അവര്‍ ക്രിസ്തു മതത്തിനുള്ളില്‍ ജീവിക്കുന്നു. എന്നിട്ടും ക്രിസ്തു മതം അവരുടെ ഉള്ളില്‍ കടന്നിട്ടില്ല." ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ടി.ജെ.ജോസഫിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വാചകങ്ങളാണ് ഓര്‍മ്മ വന്നത്.

ഇന്നാണ് അധ്യാപക ദിനം. ഭൂമിയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ജോലിഅധ്യാപനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദിനത്തില്‍ ഒരുഅധ്യാപകനെ ഓര്‍ത്തു വേദനിക്കുകയാണ് സാംസ്കാരിക കേരളം. അദ്ധ്യാപകന്‍ ചെയ്തത് തെറ്റല്ലെന്ന് ഞാന്‍ പറയുന്നില്ല. അതൊരു വിഡ്ഢിത്തംതന്നെയായിരുന്നു. മുഹമ്മദ്‌ എന്ന പേര് അദ്ദേഹം ഉപയോഗിക്കാന്‍പാടില്ലായിരുന്നു. പക്ഷെ അദ്ദേഹം അര്‍ഹിക്കുന്നതിനേക്കാള്‍ എത്രയോ വലിയശിക്ഷ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ മുസ്ലീം സമൂഹംഅദ്ദേഹത്തോട് ക്ഷമിച്ചു കഴിഞ്ഞു എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെക്കാള്‍ പ്രവാചകനും മുസ്ലീം സമൂഹത്തിനും അപമാനംഉണ്ടാക്കിയത് കൈവെട്ടാന്‍ പോയ വിശ്വാസികള്‍ ആണ്. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഇങ്ങനെയൊരുപ്രവൃത്തി ചെയ്യാന്‍ കഴിയില്ല. ഇത് പോലുള്ള ചിലര്‍ കാരണമാണല്ലോ ചിലരെങ്കിലും മുസ്ലീം സമുദായത്തെസംശയ ദൃഷ്ടിയോടെ നോക്കുന്നത്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായംഅവര്‍ക്കൊപ്പമല്ല എന്ന് ഇതിനകം വെളിപ്പെട്ടു കഴിഞ്ഞു.

ഇപ്പോഴിതാ വിശ്വാസികളായ ക്രൈസ്തവ സഭയിലെ ചിലര്‍ അദ്ദേഹത്തിന്റെ മറ്റേ കയ്യും വെട്ടിയിരിക്കുന്നു. ഇതിനകം ആറു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി അദ്ദേഹത്തിന് ചെലവായി കഴിഞ്ഞു. ദിവസം ഫിസിയോതെറാപ്പിക്ക് മാത്രം രണ്ടായിരത്തോളം രൂപ ചെലവാകുന്നുണ്ട്. ജോലി കൂടി നഷ്ടമായി ഇനി എങ്ങനെമുന്നോട്ടു പോകും എന്നറിയാതെ നില്‍ക്കുകയാണ് അദ്ദേഹം. പുറത്താക്കിയതിനാല്‍ അദ്ദേഹത്തിന് ഇനിപെന്‍ഷന്‍ പോലും ലഭിക്കുകയില്ല. എം.ജി സര്‍വകലാശാല ആദ്യം ജോസഫിനെ സസ്പെന്റ് ചെയ്തെങ്കിലുംകൈ വെട്ടിയ സംഭവത്തെതുടര്‍ന്നു തിരിച്ചെടുക്കുകയായിരുന്നു. അതിനെയും മറികടന്നാണ് തീരുമാനം. ഇനി കോളേജില്‍ പണം വാങ്ങി പുതിയ ആളെ എടുക്കുമായിരിക്കും. നടക്കട്ടെ, ബിസിനസ്‌ നടക്കട്ടെ. സ്വാശ്രയംസിന്ദാബാദ്....

ഇത്രയും എഴുതിയത് ഒരു വിശ്വാസിയേയും വേദനിപ്പിക്കാനല്ല; വിശ്വാസികള്‍ എന്നവകാശപ്പെടുന്ന ചിലരുടെഉള്ളില്‍ മതത്തിന്റെ അടിസ്ഥാനമായ സ്നേഹവും കരുണയുമൊന്നും കടന്നിട്ടില്ലല്ലോ എന്ന വേദനകൊണ്ടാണ്......

ശുഭം
മംഗളം
anoopesar

ഒരു
നിരപരാധിയെ വധിക്കുന്നത് മനുഷ്യ വംശത്തെ മുഴുവന്‍ വധിക്കുന്നതിന് തുല്യമാണ്.
-ഖുര്‍-ആന്‍

പത്രക്കാരാ, എന്താ ബോറടിക്കുന്നുണ്ടോ?

ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍....

പത്രക്കാരാ, എന്താ ബോറടിക്കുന്നുണ്ടോ? എങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുതന്നെ കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കാര്യമൊന്നു ആലോചിച്ചു നോക്കിയേ....!!

വാല്‍ക്കഷണം: മാധ്യമശ്രേഷ്ഠ പുരസ്‌കാരം നേടിയ വീരേന്ദ്രകുമാര്‍ സാറിനു അനുശോചനങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.....

വീരന്‍ സാര്‍ ഈ അവാര്‍ഡ് അര്‍ഹിക്കുന്നു, സംശയമുണ്ടേല്‍ ഇവിടൊന്നു ക്ലിക്കി നോക്കൂ...


ശുഭം!
മംഗളം!
anoopesar

വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010

ബസ്സിലെ ചര്‍ച്ചയ്ക്കുള്ള മറുപടി......

'വീരഭൂമിക്കാര്‍ അറിയാന്‍' എന്ന എന്റെ പോസ്റ്റുമായി ബന്ധപ്പെട്ടു ഷിജു ശശിധരന്റെ ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കുമറുപടി പറയണമെന്ന് തോന്നിയതിനാലാണ് ഇതെഴുതുന്നത്.

"
ഒരു കാര്യം മനസ്സിലാവാത്തത് എന്തെന്നാല്‍.. മാതൃഭൂമി വായിക്കുമ്പോള്‍, എനിക്ക് തോന്നിയിട്ടുള്ളത്, അത് നിഷ്പക്ഷമായി യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വിമര്‍ശിക്കാറുണ്ട്.. അത് കൊണ്ട് തന്നെ, എപ്പോള്‍ മുതല്‍ ആ പത്രം കോണ്‍ഗ്രസിന്റെ മുഖപത്രങ്ങളില്‍ ഒന്നായി എന്ന് മനസ്സിലാവുന്നില്ല.. ഓ.. മാഷ് ഉദ്ദേശിക്കുന്ന നിഷ്പക്ഷ ദിനപത്രം ദേശാഭിമാനി ആയിരിക്കും അല്ലെ?.. ഹഹ.. നല്ല തമാശ.. "

അത് തന്നെയാണ് പ്രശ്നവും. ദേശാഭിമാനിയോ മനോരമയോ വീക്ഷണമോ ജനയുഗമോ ഒന്നും നിഷ്പക്ഷ മാധ്യമ
ങ്ങളാനെന്നു അവര്‍ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. അവരെല്ലാം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോട് കൂറ്പുലര്‍ത്തുന്നവര്‍ ആണ് എന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു നിക്ഷ്പക്ഷ മാധ്യമമെന്ന മേല്‍വിലാസത്തോടെയാണ് മാതൃഭൂമി പുറത്തുവരുന്നത്‌. എന്നാല്‍ കുറച്ചു കാലമായി യു.ഡി.എഫിന്റെ, പ്രത്യേകിച്ച് ജനതാദള്‍ വീരന്‍ വിഭാഗത്തിന്റെ മുഖപത്രത്തെപ്പോലെയാണ് അവര്‍ പെരുമാറുന്നത്. എന്നിട്ട് വീണ്ടും നിഷ്പക്ഷതഅവകാശപ്പെടുന്നത് വായനക്കാരോടുള്ള ഒരു വഞ്ചനയാണ്. "- http://exchange4media.net/e4m/news/fullstory.asp?section_id=5&news_id=39235&tag=5711please have a look at this report.. its not just mathrubhumi... several other newspapers have lost readers..സത്യത്തെ മുഴുവന്‍ ആയി പുറത്തു പറയാതെ പാതി മാത്രം പറഞ്ഞു, ബാക്കി ഉള്ളത് സൌകര്യപൂര്‍വ്വം മൂടിവക്കുന്നത് ഒരു നല്ല ശീലം ആണോ സുഹൃത്തേ?? :).." മിക്ക പത്രങ്ങള്‍ക്കും വാരികകള്‍ക്കും ഇടിവുണ്ടായിട്ടുണ്ട്, ശരിയാണ്. പക്ഷെ ഓര്‍ക്കുക;
"2010 രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നഷ്ടമായത്. 1,55,000 വായനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 91,000 വായനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂന്നു മാസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. 41.29 ശതമാനമാണ് ഇടിവ്."

ഇത്രയും നഷ്ടം സംഭവിച്ച മറ്റേതു വാരികയോ മാസികയോ ആണുള്ളത്? നഷ്ടത്തിന്റെ കാര്യത്തില്‍ മാതൃഭൂമിയുടെ പിന്നില്‍ നില്‍ക്കുന്ന മലയാള മനോരമ, മംഗളം വാരികകള്‍ക്ക് ഉണ്ടായ നഷ്ടം 15.5 ശതമാനം മാത്രമാണെന്ന് ഓര്‍ക്കുക. മനോരമ, മംഗളം വാരികകള്‍ക്കുണ്ടായ ഈ നഷ്ടത്തിന് പ്രധാന കാരണം മെഗാ സീരിയലുകളാണ്. ഈ വാരികകളുടെ പ്രധാന വായനക്കാരായ വീട്ടമ്മമാര്‍ ഇപ്പൊ ടി.വി സീരിയലുകളുടെ പിടിയിലാണല്ലോ. മാത്രമല്ല ഈ നോവലുകളെല്ലാം തന്നെ താമസിയാതെ സീരിയലുകളായി വരുന്നുമുണ്ട്. ആരോ പറയുന്നുണ്ടായിരുന്നു, വി.ടി സ്ത്രീകളെ അടുക്കളയില്‍ നിന്ന്അരങ്ങത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ടി.വി. സ്ത്രീകളെ വീണ്ടും അടുക്കളയിലേയ്ക്ക് ഒതുക്കുകയാണെന്ന്. എന്തായാലുംഈ കാരണങ്ങളൊന്നും മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ നിലവാരം അവകാശപ്പെടാവുന്ന ഒരു സ്ഥാപനത്തിന് ബാധകമല്ല. അതുകൊണ്ട് തന്നെ മാതൃഭൂമിക്ക് വായനക്കാര്‍ കുറയുന്നെങ്കില്‍ അതിനു മറ്റെന്തോ കാരണമുണ്ടെന്ന് വ്യക്തം. അതാണ്‌ ഞാന്‍ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്. അല്ലാതെ സത്യത്തെ പാതി മാത്രം പറഞ്ഞതല്ല. നല്ലൊരു പാരമ്പര്യമുള്ള മാതൃഭൂമിആഴ്ചപ്പതിപ്പ് നിലനില്ക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള പ്രവണതകള്‍ എന്നെപ്പോലുള്ള സാധാരണ വായനക്കാരെ അകറ്റാന്‍ മാത്രമേ ഉപകരിക്കു. അത് തന്നെയാണ് ഇപ്പോള്‍സംഭവിച്ചു കൊണ്ടിരിക്കുന്നത്....

ശുഭം!
മംഗളം!

anoopesar

വ്യാഴാഴ്‌ച, സെപ്റ്റംബർ 02, 2010

വീരഭൂമിക്കാര്‍ അറിയുന്നതിന്....

പണ്ടൊക്കെ എല്ലാ ശനിയാഴ്ചകളിലും പട്ടിണി കിടക്കുന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെ (കട: ഇന്നസെന്റ്) മാതൃഭൂമി വരിക വാങ്ങി ആക്രാന്തത്തോടെ വായിച്ചിരുന്ന ഒരു മനുഷ്യനാണ് ഈ പാവം ഞാന്‍. പക്ഷെ അടുത്തിടെയായി ആ പരിപാടി ഉപേക്ഷിച്ചിരിക്കുകയാണ്. നമ്മളെപ്പോലുള്ള വെറും സാധാരണക്കാരായ വായനക്കാരെ വെറും മന്ദബുദ്ധികളെപ്പോലെ (കട: അഴിക്കോട് മാഷ്‌) അവര്‍ കാണാന്‍ തുടങ്ങിയില്ലേ എന്ന സംശയം കാരണമാണിത്. ഇത് എന്റെ മാത്രം കാര്യമല്ല എന്നാണ് അടുത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാതൃഭൂമി വാരിക, ദിനപത്രം തുടങ്ങിയവയുടെ പ്രചാരം വന്‍തോതില്‍ ഇടിയുകയാണ്.

മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും വായനക്കാര്‍ തിരസ്കരിക്കുന്നതായി ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. മീഡിയ റിസര്‍ച്ച് യൂസേഴ്സ് കൌസില്‍ 2010ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്. 2010 രണ്ടാം ക്വാര്‍ട്ടറില്‍ മാതൃഭൂമി വായനക്കാരുടെ എണ്ണത്തില്‍ 1,32,000 പേരുടെ കുറവാണുണ്ടായത്. ആദ്യക്വാര്‍ട്ടറില്‍ 66,98,000 വായനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 65,66,000 ആയി കുറഞ്ഞു. 1.97 ശതമാനമാണ് ഇടിവ്.
2010 രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നഷ്ടമായത്. 1,55,000 വായനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 91,000 വായനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂന്നു മാസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. 41.29 ശതമാനമാണ് ഇടിവ്.

അല്പം പഴയൊരു കഥ. എല്‍.ഡി. എഫില്‍ നിന്നും പുറത്തു വന്നതിന്റെ പിറ്റേ ദിവസം വീരന്റെ ജനതാദള്ളിനു യു.ഡി.എഫില്‍ പൗരത്വം ലഭിച്ചു. ധാരാളം യു.ഡി.എഫ്. പാരമ്പര്യം ഉള്ള പലരും പ്രവേശം കാത്തു പുറത്തു നില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. സാക്ഷാല്‍ ലീഡറുടെ മകന്‍ പോലും പുറത്തു നില്‍ക്കുന്നു. ഇതിനു പ്രധാന കാരണം വീരന്റെ കയ്യിലുള്ള മാതൃഭൂമി പത്രമാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം ഇപ്പൊത്തന്നെ കയ്യിലുണ്ട്; പിന്നെ ഒരു കൂട്ടം ചാലുകളും, ഛെ ചാനലുകളും. അതിന്റെ കൂടെ രണ്ടാമത്തെ പത്രം കൂടി വന്നാല്‍ അടുത്ത ഇലക്ഷനില്‍ അര്‍മാദിക്കാം എന്നവര്‍ കരുതിക്കാണും. മാധ്യമങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്തുണ കൊടുക്കുന്നതും അവര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ കൊടുക്കുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അതിവിടെ സ്ഥിരം നടക്കുന്നുമുണ്ട്. എന്നാല്‍ ഒരു പത്രം അതിന്റെ സര്‍വ വിശ്വാസ്യതയും കളഞ്ഞു കുളിച്ചു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നാവു മാത്രമായി മാറുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ കഴിയൂ. വായനക്കാരില്ലെങ്കില്‍ പിന്നെന്തു പത്രം, എന്ത് വാരിക. പത്രം പോട്ടെ, ആ ആഴ്ച്ചപ്പതിപ്പിനെ എങ്കിലും വെറുതെ വിട്ടുകൂടെ വീരന്‍ സാറേ. വീരന്‍ സാറിനു കേരളാ രാഷ്ട്രീയത്തില്‍ വളരാനാണ്‌ ഈ പത്രവും ആഴ്ച്ചപ്പതിപ്പുമൊക്കെ എങ്കില്‍ അതൊക്കെ കാശ് കൊടുത്തു വാങ്ങുന്ന നമ്മള്‍ ആരായി? എന്തായാലും തല്കാലത്തേക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിന് വിട. 'മാതൃഭൂമി' നമ്മുടെ സ്വാതന്ത്ര്യ സമരവുമായും ചരിത്രവുമായും വളരെ ബന്ധപ്പെട്ടു കിടക്കുന്ന പത്രമാണ്‌. ആ പേര് ഇങ്ങനെ കളയരുത്. അല്ല ഇങ്ങനെ തുടരാനാണ് ഉദ്ദേശമെങ്കില്‍ ദയവു ചെയ്തു പേര് വീരഭൂമി എന്നോ കയ്യേറ്റഭൂമി എന്നോ കൈവശഭൂമി എന്നോ മറ്റോ ആക്കി മാറ്റുക. ആഴ്ചപ്പതിപ്പിന്റെ ഒരു എക്സ്-വായനക്കാരന്റെ വിനീതമായ അഭ്യര്‍ത്ഥന ആയി കരുതിയാല്‍ മതി. ദയവു ചെയ്തു മാനനഷ്ടത്തിനൊന്നും കേസ് കൊടുക്കരുത്. പഴേ ആഴ്ചപ്പതിപ്പുകള്‍ തൂക്കി വിറ്റ വകയില്‍ കുറച്ചു കാശു മാത്രേ എന്റെലുള്ളൂ....

ശുഭം!
മംഗളം!
anoopesar